ADVERTISEMENT

സിനിമാനടിയുടെ കടുംകളർ ജീവിതത്തോട് അമല പോൾ ബൈ ബൈ പറഞ്ഞിരിക്കുന്നു. വിജയം തേടിയുള്ള  മൽസര ഓട്ടങ്ങൾക്ക് അമല ഇനിയില്ല. വിജയ ഫോർമുലകൾക്കും താരപ്പകിട്ടുകൾക്കും പിന്നാലെ അലയാനുമില്ല. ‘‘ഞാനെന്ന വ്യക്തി എവിടെയോ മറഞ്ഞു പോയിരുന്നു. അതു ഞാൻ തിരികെ പിടിച്ചു’’– ചമയങ്ങളഴിച്ച് അമല പറയുന്നു. സിനിമയിലല്ലാതെ മേക്കപ്പ് പോലും അണിയില്ല. ബെൻസ് കാറും ആഡംബര ജീവിതവുമൊന്നും വേണ്ട. പുതുച്ചേരിയിൽ  സമാധാനത്തോടെ ജീവിക്കുന്നു. വൈകിട്ട് എന്നും കടൽത്തീരത്തു പോകും. തിരനുരഞ്ഞ നനഞ്ഞ മണ്ണിലൂടെ തന്റെ പ്രിയപ്പെട്ടവന്റെ കൈപിടിച്ച് അമല പോൾ പുതിയ ജീവിതത്തിന്റെ തരിമണലിൽ കാലമർത്തി നടക്കുന്നു. 

 

‌കലാപരമായി ജീവിക്കാനും ക്രിയേറ്റീവായി അഭിനയിക്കാനും സ്പേസ് ഉള്ള സിനിമകളിലൂടെ സ്ക്രീനിലെത്തുന്നു. നടിയും നടിയുടെ ജീവിതവും തമ്മിലുള്ള അകലങ്ങളെക്കുറിച്ചു കൃത്യമായ ബോധ്യത്തിലാണ് അമലയുടെ വാക്കുകൾ.തമിഴകത്തെ പിടിച്ചുകുലുക്കിയ ‘ആടൈ’ സിനിമയെ തോളിലേറ്റിയ നായിക അമല പോൾ പുതിയ നിശ്ചയദാർഢ്യങ്ങളെക്കുറിച്ച് സംസാരിക്കുന്നു.

 

ഒരു ഹിമാലയൻ യാത്ര അമലയെ മാറ്റിമറിച്ചുവെന്ന് പറയുന്നുണ്ടല്ലോ?

amala-paul

 

വിജയുമായുള്ള (സംവിധായകൻ എ.എൽ. വിജയ്) വിവാഹമോചനം എന്നെ ശരിക്കും ഉലച്ചിരുന്നു. ഒരുപാട് കുറ്റപ്പെടുത്തലുകൾ ഞാൻ കേട്ടു. എനിക്ക് 24 വയസ്സ്.   ഞാൻ ദുർബലയായാൽ അതെന്റെ കുടുംബത്തെ കൂടുതൽ ദുർബലപ്പെടുത്തുമെന്നു തോന്നി. അങ്ങനെയാണ് ഹിമാലയൻ യാത്ര പോകാൻ തീരുമാനിച്ചത്. 110 കിലോമീറ്ററാണ് ഖിർഗംഗ ട്രെക്കിങ്. 

 

amala-paul-lover

ഹിമാചൽ പ്രദേശിലെ പാർവതി ശിഖരത്തിലാണ് ഖിർഗംഗ. ശിവനും പാ‍ർവതിയും ജീവിച്ച മണ്ണ്. എന്റെ ഒപ്പം അടുത്ത കൂട്ടുകാരിയുണ്ടായിരുന്നു. ട്രെക്കിങ് ഒന്നും നടത്തി പരിചയമില്ല. നമ്മുടെ ഒരു പായ്ക്കിങ് രീതിയനുസരിച്ചു ബാക്ക് പായ്ക്കിൽ മേക്കപ്പ് സാധാനങ്ങളും ഷൂസും ചെരിപ്പുമെല്ലാം കുത്തിനിറച്ചു. മലകയറിയപ്പോഴാണ് ഇതൊന്നും ആവശ്യമില്ലെന്നു മനസ്സിലായത്. 3000 അടി മുകളിൽ ചെന്നപ്പോൾ എനിക്കു തലചുറ്റി. ഞാൻ തളർന്നു. അവിടെ മരിച്ചുവീഴുമെന്നു തോന്നി. 

 

രാത്രി ടെന്റിൽ ഉറങ്ങി. രാത്രി എപ്പോഴോ ഉണർന്നു. പുറത്തുവന്ന് ആകാശത്തേക്കു നോക്കിയപ്പോൾ പാൽ ചുരത്തി ആകാശഗംഗ. നിലാവിൽ നനഞ്ഞുപോയ ആ നിമിഷത്തിൽ മനസ്സിലെ ഭാരമെല്ലാം ഒഴിഞ്ഞു പോയി. ഞാൻ ഒരു അപ്പൂപ്പൻതാടി പോലെ പറന്നുനടന്നു. ആ ഊർജത്തിൽ 10 ദിവസം നീണ്ട ട്രെക്കിങ് പൂർത്തിയാക്കി. അന്നു മുതൽ ഞാൻ വെജിറ്റേറിയനാണ്. അന്നു മുതൽ ഞാൻ വീഗനാണ് (മൃഗങ്ങളിൽ നിന്നുള്ള പാൽ ഉൾപ്പെടെ ഒന്നും ഉപയോഗിക്കാത്തവർ) ബ്യൂട്ടി പാർലറിലും കോസ്മെറ്റിക് ക്ലിനിക്കുകളിലും പോകുന്നില്ല.

 

വിജയ് വീണ്ടും വിവാഹം കഴിച്ചപ്പോൾ തുറന്ന മനസ്സോടെയുള്ള അമലയുടെ ആശംസകൾ സാമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരുന്നല്ലോ

amala-paul-nude-scene

 

വിജയ് ഞാൻ ഇഷ്ടപ്പെടുന്ന വളരെ മാന്യനായ വ്യക്തിയാണ്. ഒരു പ്രശ്നം മൂടിവച്ച് അത് അവഗണിച്ചു മുന്നോട്ടു പോകാൻ ഞങ്ങൾ രണ്ടും ഇഷ്ടപ്പെട്ടിരുന്നില്ല. ഞങ്ങൾ പിരിഞ്ഞപ്പോൾ മുതൽ വിജയിനു നല്ലൊരു പെൺകുട്ടിയെ ഭാര്യയായി കിട്ടണേ എന്നായിരുന്നു എന്റെ പ്രാർഥന. വിജയിന്റെ വിവാഹദിവസം ഏറ്റവും സന്തോഷിച്ച വ്യക്തി ഞാനായിരിക്കണം. എനിക്കുറപ്പാണ്. എനിക്കും എന്നും നൻമ വരാൻ ആഗ്രഹിക്കുന്ന വ്യക്തിയാണ് വിജയും.

 

22,000 രൂപയുണ്ടെങ്കിൽ ഒരു മാസം ജീവിക്കാം. ബെൻസ് കാർ വിറ്റു എന്നൊക്കെ പറഞ്ഞതു സത്യമാണോ

 

അരബിന്ദോ ആശ്രമവുമായുള്ള ബന്ധം കൊണ്ടാണ് ഞാൻ പുതുച്ചേരി  ജീവിക്കാൻ തിരഞ്ഞെടുത്തത്. ഒരു ഇംഗ്ലിഷ് പത്രത്തിന് അഭിമുഖം നൽകിയപ്പോൾ വീടിന് 20,000 രൂപയാണ് വാടക. ജീവിതത്തിൽ മറ്റു വലിയ ചെലവുകളൊന്നുമില്ല എന്നു പറഞ്ഞിരുന്നു. എന്റെ വലിയ കാറൊക്കെ വിറ്റു. സൈക്കിളിലാണ് ഞാൻ പുതുച്ചേരിയിലൂടെ യാത്ര ചെയ്യുന്നത്. പച്ചക്കറി വാങ്ങാനും യോഗയ്ക്കുമൊക്കെ സൈക്കിളിലാണ് പോകുന്നത്.   

 

‘‘ഞാൻ ഇപ്പോൾ എന്നെ മനസ്സിലാക്കുന്ന, അടുത്തറിയുന്ന ഒരാളുമായി റിലേഷൻഷിപ്പിലാണ്. ഞങ്ങൾ ഒരുമിച്ചാണ് താമസം. അതു പുറത്തു പറയേണ്ട സമയമാകുമ്പോൾ  ആ വ്യക്തിയെ ഞാൻ പരിചയപ്പെടുത്തും. ഞങ്ങൾ സത്യത്തിൽ ഹിമാലയത്തിന്റെ താഴ്‌വരയിൽ താമസിക്കാനാണ് ആഗ്രഹിച്ചിരുന്നത്. എന്നാൽ സിനിമയിൽ നിൽക്കണം എന്ന ആഗ്രഹമുള്ളതു കൊണ്ടാണ് പുതുച്ചേരി തിരഞ്ഞെടുത്തത്’’ 

 

ഒരു സെലിബ്രിറ്റി സൈക്കിളിൽ നടക്കുമ്പോൾ ആരാധകർ എന്തു കരുതും

 

അതു നിങ്ങളുടെ മനോഭാവത്തിന്റെ മാത്രം പ്രശ്നമാണ്. ഈ ലോകത്ത് എന്താണ് നിങ്ങളുടെ നിയന്ത്രണത്തിലുള്ളത്. ഞാൻ ഒരു മിഡിൽ ക്ലാസ് ഫാമിലിയിൽനിന്നു വന്ന് നടിയായി. വിജയിക്കുന്നവരുടേതു മാത്രമാണ് മാതൃകയാക്കേണ്ട ജീവിതം എന്ന മനോഭാവം ഞാൻ മാറ്റി. അങ്ങനെ ജീവിച്ച നാളുകളിൽ എന്റെ ആത്മാവ് എവിടെയോ നഷ്ടമായിരുന്നു.

 

ആടൈയിലെ അമലയുടെ പോസ്റ്ററുകൾ സിനിമാ ലോകത്തെ ഞെട്ടിച്ചല്ലോ. പൂർണനഗ്നയായി അമല... 

 

രത്നകുമാർ എന്ന സംവിധായകൻ ആടൈയുടെ കഥ പറയുമ്പോൾ ഞാൻ പറഞ്ഞത് നമുക്കിതൊരു ടീം വർക്കായി ചെയ്യണമെന്നാണ്.  പരമാവധി 15 പേർ. അവർ എനിക്കൊരു സുരക്ഷാ കവചം തന്നെ തീർത്തു. ഞാൻ പേരിനും പണത്തിനും വേണ്ടി ചെയ്ത സിനിമയല്ല ആടൈ. സത്യത്തിൽ എന്റെ പകുതി പ്രതിഫലം തിരികെ നൽകി റിലീസിനു വേണ്ടി സഹായിക്കുകയാണുണ്ടായത്. സിനിമ സമ്മതിച്ചശേഷമാണ് ഞാൻ അമ്മയോടും പപ്പയോടും പറഞ്ഞത്. നല്ല കഥയാണല്ലോ അല്ലേ എന്നാണ് അവർ നിഷ്കളങ്കമായി ചോദിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com