ADVERTISEMENT

കൊച്ചി∙ ‘ഒരുപാട് കാര്യങ്ങൾ ഞാൻ മോഹിക്കാറില്ല. മോഹിച്ചാൽ എനിക്കതു കിട്ടും’- ഒത്തിരി അംഗീകാരങ്ങൾ കിട്ടിയിട്ടുള്ള താങ്കൾക്ക് ഇനി ലഭിക്കാൻ ആഗ്രഹമുള്ളതെന്തെന്ന ആരാധികയുടെ ചോദ്യത്തോട് മോഹൻലാലിന്റെ കുസൃതിചിരി തൂകുന്ന മറുപടി. 

 

‘ഒഴുക്കിന്റെ കൂടെയങ്ങു സഞ്ചരിക്കുകയാണ്. നടക്കുന്നതു നടക്കട്ടേ. അതാണു നല്ലത്’-അദ്ദേഹം കൂട്ടിച്ചേർത്തു. റേഡിയോ മാംഗോ സംഘടിപ്പിച്ച ‘ലൂസിഫർ ചാലഞ്ച്’ മൽസരത്തിലെ വിജയികൾക്കു സമ്മാനങ്ങൾ നൽകാനെത്തിയ മോഹൻലാൽ വിവിധ സ്ഥലങ്ങളിൽ നിന്നു വിവിധ പ്രായക്കാരായ ആരാധകരും മൽസര ജേതാക്കളും ഉന്നയിച്ച ചോദ്യങ്ങൾക്കെല്ലാം നൽകിയത് രസകരമായ മറുപടികളായിരുന്നു. ‌ 

 

Mohanlal Radio Mango Lucifer Challenge

∙ അഭിനയം തുടങ്ങിയ സമയത്ത് ആരായിരുന്നു റോൾ മോഡൽ? 

 

ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് ഞാൻ അഭിനയം ആരംഭിക്കുന്നത്. സ്കൂളിലെ മികച്ച നടനായിരുന്നു. 17-ാം വയസിലാണ് ആദ്യം സിനിമയിലെത്തുന്നത്. സിനിമയിൽ അഭിനയിക്കണം എന്ന് ആഗ്രഹിക്കാത്ത ആളായിരുന്നു ഞാൻ. അതുകൊണ്ടു തന്നെ അങ്ങനെ ഒരു റോൾ മോഡലുമുണ്ടായിരുന്നില്ല. പ്രീഡിഗ്രി കഴിഞ്ഞപ്പോൾ ഡിഗ്രി പൂർത്തിയാക്കിയ ശേഷം സിനിമ മതിയെന്ന് വീട്ടുകാരും പറഞ്ഞു. ഡിഗ്രി പഠനം കഴിഞ്ഞ് മഞ്ഞിൽ വിരിഞ്ഞ പൂക്കളുടെ ലൊക്കേഷനിൽ വച്ചാണ് ഞാനെന്റെ ബികോം ഫലം അറിയുന്നത്. സിനിമയിൽ  സിനിമയിൽ സജീവമായതോടെ പിന്നെ ഒന്നിനു പുറകേ ഒന്നായി സിനിമകളായി. റോൾ മോഡലെന്ന ചിന്തയ്ക്കൊന്നും സമയം കിട്ടിയിട്ടില്ലെങ്കിലും ഒത്തിരി അഭിനേതാക്കളെ ഇഷ്ടമാണ്.അവരുടെ അഭിനയം സൂക്ഷ്മമായി വിലയിരുത്താറുമുണ്ട്. 

 

∙ സിനിമയിൽ ഏറ്റവും പ്രിയപ്പെട്ട അമ്മ കഥാപാത്രം? 

 

ഏത് അമ്മയാണ് നല്ലതെന്നു പറയാൻ പ്രയാസമാണ്. എങ്കിലും ആളുകൾ കൂടുതൽ പറയുന്നതും എനിക്ക് പെട്ടെന്ന് മനസിലേക്കു വരുന്നതും ‘കിരീടം’ സിനിമയിലെ അമ്മയാണ്. 

 

∙ഇപ്പോഴും പ്രണായാഭ്യർഥനകളും പ്രണയ ലേഖനങ്ങളുമൊക്കെ കിട്ടാറുണ്ടോ? 

 

എപ്പോഴും കിട്ടണം എന്നാഗ്രഹിക്കുന്ന ആളാണു ഞാൻ. ഒരാൾ ഒരാളെ ഇഷ്ടപ്പെടുന്നതിൽ എന്താണ് കുഴപ്പം. ഞാൻ സിനിമയിൽ വരുന്ന കാലത്തൊക്കെ ഇന്നത്തെ പോലെ പരസ്പരം ആശയവിനിമയത്തിനു വലിയ സംവിധാനങ്ങളൊന്നുമില്ല. ഇന്നങ്ങനെയല്ല. കംപ്യൂട്ടറും മേസേജുകളുമൊക്കെയായി വലിയ സാധ്യതകളാണ്. അത്തരം വലിയ സാധ്യതകളിലേക്കു പോകാതെ നമ്മളാൽ കഴിയുന്ന രീതിയിൽ നമ്മൾ ചെയ്യുന്നു.   

 

∙ ആർക്കെങ്കിലും പ്രണയ ലേഖനം കൊടുത്തിട്ടുണ്ടോ? 

 

ഒരു പാടുപേർക്കു വേണ്ടി പ്രണയ ലേഖനങ്ങൾ എഴുതിക്കൊടുത്തിട്ടുണ്ട്. ഒരാണു ചെയ്യേണ്ട കാര്യങ്ങളെല്ലാം ചെയ്തിട്ടുള്ള ആളാണ് ഞാനും. അത്തരം കാര്യങ്ങളെ  പോസീറ്റീവായി എടുക്കണം. ആരേയും ദ്രോഹിക്കുന്നതല്ല അതൊന്നും. തമാശയായിരുന്നു അതിന്റെയൊക്കെ മുഖ്യ ഘടകം. 

 

∙ ആദ്യമായി മുണ്ടുടുത്തത് എപ്പോഴാണ്? എങ്ങനെ ഇത്ര രസമായി മുണ്ടുടുക്കാനും മടക്കിക്കുത്താനും പഠിച്ചു? 

 

ആദ്യം ഉടുത്തത് കൃത്യമായി ഓർമ്മയില്ല. ചെറുപ്പത്തിൽ അമ്മ അമ്പലത്തിൽ കൊണ്ടുപോയപ്പോഴോ മറ്റോ ഉടുപ്പിച്ചതാവാം. കോളജിൽ പോയി തുടങ്ങിയപ്പോഴും മുണ്ടും കൈലിയുമൊക്കെ പരിചിതമായി. കുറേ നാൾ ഉടുത്തു കഴിയുമ്പോൾ ഇതെല്ലാം നല്ല ശീലവും വഴക്കവുമാവുന്നതാണ്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട വേഷവും മുണ്ടും ജൂബ്ബ അല്ലെങ്കിൽ ഷർട്ടുമാണ്.

 

∙ പുലിമുരുകനായി അഭിനയിച്ച ലാലേട്ടൻ എത്ര പുലികളെ നേരിട്ടു കണ്ടിട്ടുണ്ട്? 

 

ഷൂട്ടിങ്ങിനായി വിയറ്റ്നാമിലും തായ്‌ലാൻഡിലുമൊക്കെ പോയപ്പോൾ നിരവധിയെണ്ണത്തിനെ കണ്ടിട്ടുണ്ട്. പുലിമുരുകനിൽ അഭിനയിച്ചത് 280 കിലോ തൂക്കമുള്ള പുലിക്കൊപ്പമാണ്. ഇപ്പോൾ ആളുകളെക്കുറിച്ചും പുലികളെന്നല്ലേ പറയുന്നത്. അങ്ങനെയും ഒരു പാട് പുലികളെ കണ്ടിട്ടുണ്ട്. 

 

∙ ആദ്യമായി മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ച കാര്യം അറിയിക്കുന്നതാരായിരുന്നു? ആഘോഷമുണ്ടായോ? 

 

ചെന്നൈയിൽ വച്ച് ഭാര്യാപിതാവാണ് അവാർഡിന്റെ വിവരം ആദ്യം വന്നു പറയുന്നത്. ഉറപ്പിച്ച ശേഷം സന്തോഷിച്ചാൽ മതിയെന്നും പറഞ്ഞു. ഭരതത്തിനായിരുന്നു അവാർഡ്. തലേ വർഷം കിരീടത്തിനും പ്രത്യേക പുരസ്ക്കാരം ലഭിച്ചെങ്കിലും ഇത് അപ്രതീക്ഷിതമായിരുന്നു. അവാർഡ് ലഭിക്കാൻ യോഗ്യരായ മികച്ച നടൻമാർ ഏറെയുള്ളപ്പോൾ അങ്ങനെ ചിന്തിക്കാനാവില്ലല്ലോ. വലിയ ആഘോഷമൊന്നുമുണ്ടായില്ല. കുറച്ച് സമയത്തെ ആവേശമൊക്കേയുണ്ടായുള്ളൂ.   

 

∙ നിരന്തരമുള്ള യാത്രകൾ താങ്കളെ എത്രത്തോളം സ്വാധീനിച്ചിട്ടുണ്ട്? 

 

ഒരു ഘട്ടത്തിൽ സിനിമ വിട്ട് ജീവിതം യാത്രകൾക്കായി മാറ്റിവയ്ക്കാൻ ആഗ്രഹിച്ച ആളാണ് ഞാൻ. എന്നിട്ടും വീണ്ടും ഇവിടെ തുടരുന്നു. ഇതും ഒരു യാത്രയാണ്. നമ്മൾ കേരളീയർ എത്രത്തോളം ഭാഗ്യവാൻമാർ എന്നു മനസിലാവുന്നത് ലോകത്തിന്റെ പല ഭാഗങ്ങളിലൂടെ യാത്ര ചെയ്ത് അവിടുത്തെ സാഹചര്യങ്ങളും യാന്ത്രികമായ ജീവിതയും ദുരിതങ്ങളുമൊക്കെ മനസിലാക്കുമ്പോഴാണ്. കാലാവസ്ഥയായാലും നദികൾ നിറഞ്ഞ ഭൂപ്രകൃതിയായാലുമെല്ലാം കേരളത്തിന് അനുഗ്രഹങ്ങൾ പലതാണ്. പക്ഷേ അതു നമ്മൾ മനസിലാക്കുന്നില്ല എന്നതാണു സത്യം. യാത്രകൾ നമ്മുടെ സംസ്ക്കാരത്തെ ഉത്തേജിപ്പിക്കാനും അറിവുകൾ നേടാനും പകരാനുമെല്ലാം സഹായിക്കും. 

 

∙ ലാലേട്ടന്റെ പെരുമാറ്റത്തിലെ ലാളിത്യത്തിന്റെ രഹസ്യമെന്താണ്? 

 

അതിനെങ്ങനെ മറുപടി പറയാനാണ്.  ഇതൊന്നും മനപൂർവം ഉണ്ടാക്കിയെടുത്തതല്ല. മറ്റൊരാളെ ഇഷ്ടപ്പെടുക, സ്നേഹത്തോടെ പെരുമാറുക. അപ്പോൾ തിരിച്ചും ബഹുമാനം ലഭിക്കും. താത്വികമായിട്ടാണെങ്കിൽ ആത്മാവിനെ ശുദ്ധീകരിക്കുക എന്നൊക്കെ പറയാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com