ADVERTISEMENT

ജോൺ പോൾ ജോർജിനെ കാണുന്നതു ഗപ്പിയെന്ന സിനിമയെടുക്കുന്നതിനു എത്രയോ മുൻപാണ്. നല്ല സിനിമകൾക്കു വേണ്ടി കാടും മേടും തിരയുന്ന സി.വി. സാരഥിയെന്ന നിർമാതാവിനൊപ്പം. കണ്ടപ്പോൾ ജോൺ ഒരു കഥയെക്കുറിച്ചു പറഞ്ഞു. മോഹൻലാലിനുവേണ്ടിയുള്ള കഥയായിരുന്നു അത്. എന്തുകൊണ്ടോ ജോൺ, ലാലിനെ കണ്ടില്ല. കുറെക്കാലത്തിനു ശേഷം ജോണിനെക്കുറിച്ചൊരു കുറിപ്പുവായിച്ചു. ഗപ്പിയെന്ന സിനിമയെക്കുറിച്ചായിരുന്നു അത്. വളർന്നുവരുന്ന ടൊവീനൊയായിരുന്നു നായകൻ. ടൊവീനോ അന്നു വലിയ താരമായിട്ടില്ല. സാധ്യത തെളിയിച്ചിട്ടേയുള്ളു. 

 

AMBILI Official Teaser | Soubin Shahir | E4 Entertainment | Johnpaul George

കൊട്ടും ഘോഷവുമില്ലാതെ വന്ന ഗപ്പി മനോഹരമായ അനുഭവമായിരുന്നു. തട്ടിപ്പു ബുദ്ധിജീവിതവും ഫോർട്ടുകൊച്ചി കാണിക്കുന്ന തരികിട പരിപാടിയൊന്നുമില്ലാത്ത നല്ല ക്ളീൻ ചിത്രം. ആത്മബലമുള്ള കഥാപാത്രങ്ങളും സീനുകളും. ടൊവീനോ എന്ന നടന്റെ ജീവിതത്തിലും ആ കൊച്ചു മത്സ്യം വലിയ നേട്ടമുണ്ടാക്കി. ഗപ്പി വന്നതു 2016ലാണ്. മോശമല്ലാത്ത കലക്‌ഷനുണ്ടായതോടെ ഗപ്പിയുടെ സംവിധായകനെ തേടിയും അവസരങ്ങളെത്തി. പക്ഷേ പിന്നീടു ജോണിനെക്കുറിച്ചു കേൾക്കാതായി. 

 

Njan Jackson Allada Lyrical Video | Soubin Shahir | E4 Entertainment | Johnpaul George

കണ്ടപ്പോൾ പറഞ്ഞു, മനസിനു പിടിക്കുന്നൊരു കഥ നോക്കി നടക്കുകയാണെന്ന്. വിജയിച്ച ഒരാളുടെ പുറകെ കഥയുമായി നൂറുകണക്കിനു പേർവരും. അതിൽനിന്നു പലതും ചേർത്തു ഒരു കഥ കണ്ടെത്താൻ ഒരു പ്രയാസവുമില്ല. നല്ല ചില്ലറയും ഉണ്ടാക്കാം. ഫഹദ് ഫാസിലിനെപ്പോലുള്ളവർ ജോണിന്റെ അടുത്ത സുഹൃത്തുക്കളാണ്. നിർമാതാവിനെക്കിട്ടാനും പ്രയാസമില്ല. സാരഥിയും ജോണും ഒരേമുറിയിൽ താമസിച്ചു വളർന്നവരാണ്.

 

പിന്നീടു ജോൺ ഫോണിലൂടെ പുതിയൊരു കഥയുടെ രൂപം പറഞ്ഞുതന്നു. ഒരു യാത്രയെക്കുറിച്ചുള്ള സിനിമ. വളരെ പതുക്കെയായിരുന്നു ജോൺ അതുമായി മുന്നോട്ടു പോയത്. നല്ല ക്ഷമയോടു താരങ്ങൾക്കുവേണ്ടി കാത്തിരുന്നു. ആരുമായും കോംപ്രമൈസിനു പോയില്ല. 

 

‘അമ്പിളി’ എന്ന സിനിമയുണ്ടായതു ഈ ചെറുപ്പക്കാരന്റെ ക്ഷമയിൽനിന്നാണ്. അല്ലാതെ പണത്തിനോടുള്ള ആർത്തിയിൽനിന്നല്ല. രണ്ടു വർഷം കഴിഞ്ഞെടുത്താലും നല്ല സിനിമ മതിയെന്നു തീരുമാനിക്കാനുള്ള ചങ്കൂറ്റം ചെറുതല്ല.അത്തരം ചങ്കൂറ്റമുള്ളവരിൽനിന്നാണു മലയാള സിനിമയുടെ മുദ്രകളുണ്ടാകുന്നത്. അല്ലാതെ ബോക്സോഫീസിൽപോയി പടക്കം പൊട്ടിക്കുന്നവരിൽനിന്നല്ല. ഒന്നോ രണ്ടോ തവണ പടക്കം പൊട്ടിച്ചു പിന്നെ പൊട്ടിക്കുന്നതെല്ലാം ചീറ്റിപ്പോയ എത്രയോ പടക്കക്കാർ നമ്മുടെ മുന്നിലുണ്ട്. ഒരു കാത്തിരിപ്പുമില്ലാതെ കിട്ടിയതുമായി നേരെ തിയറ്ററിലേക്ക് ഓടുന്നവരാണു മിക്കവരും. വെയിലുള്ളപ്പോൾ ഉണക്കിയെടുക്കണമെന്നു കരുതുന്നവർ. അവരിൽ പലരും നട്ടപ്പൊരിവെയിലത്തും ഒന്നും ഉണക്കിയെടുക്കാനാകാതെ നിൽക്കുന്നു. 

 

സൗബിൻ ഷാഹിർ എന്ന നടന്റെ ലാളിത്യംപോലെത്തന്നെയാണു അമ്പിളി എന്ന സിനിമയുടെ കഥയുടെ ലാളിത്യവും. നല്ല ക്ഷമയോടെ കാത്തിരുന്നു സിനിമ ചെയ്യാനുള്ള ഒരു ചെറുപ്പക്കാരനെ ആദരവോടെ മാത്രമെ കാണാനാകൂ. ഗപ്പി എന്ന സിനിമയും അതിലെ പാട്ടുകളും റിലീസ് ചെയ്തു 3 വർഷത്തിനു ശേഷവും ബാക്കിയാകുന്നുവെങ്കിൽ അതിന്റെ സമ്മാനം ജോണിനുതന്നെ കൊടുക്കണം. ഈ കാലംകൊണ്ടു റിലീസ് ചെയ്ത ഇരുനൂറിലധികം സിനിമക്കിടയിൽനിന്നാണു നാം ഗപ്പിയെ ഓർക്കുന്നത്. ആ മനുഷ്യനാണു സംവിധായനും നടനുമെല്ലാം ചുറ്റും നിന്നിട്ടും തിരക്കില്ലാതെ കാത്തിരുന്നതും. അമ്പിളി ഹിറ്റാകാം ഹിറ്റാകാതിരിക്കാം. പക്ഷേ ഒരു നല്ല സിനിമയുടെ തെളിമയാർന്ന മനസിൽനിന്നാണ് അമ്പിളിയുദിക്കുന്നത് എന്നുറപ്പാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com