ADVERTISEMENT

ഒരൊറ്റ ടീസറിലൂടെ പ്രേക്ഷകരിൽ വലിയ പ്രതീക്ഷയുണ്ടാക്കിയ ചിത്രമാണ് അമ്പിളി. ടീസറിലെ സൗബിന്റെ പ്രകടനം അദ്ദേഹത്തിനും ഏറെ പ്രശംസ നേടിക്കൊടുത്തിരുന്നു. അമ്പിളിയുടെ വിശേഷങ്ങൾ പങ്കു വച്ച് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ജാഫർ ഇടുക്കി, നവീൻ നസീം, തൻവി റാം, സൂരജ് എന്നിവർ മനോരമ ഒാൺലൈനിനായി ഒത്തുകൂടി. ‘ഞാൻ ജാക്സണല്ലെടാ’ എന്ന പാട്ടിൽ തുടങ്ങിയ സംഭാഷണം പിന്നീട് പൊട്ടിച്ചിരികൾക്ക് വഴിമാറി. 

 

അമ്പിളി എന്ന കഥാപാത്രത്തെ ജാഫർ ഇടുക്കി പ്രേക്ഷകർക്ക് പരിചയപ്പെടുത്തി. ഒരു പട്ടാളക്കാരന്റെ മകനായ ഭിന്നശേഷിക്കാരനായ ഒരു കഥാപാത്രമാണ് അമ്പിളി. ആ അമ്പിളിയുടെ അച്ഛന്റെ സുഹൃത്താണ് തന്റെ കഥാപാത്രമെന്നും തന്റെ നാടായ ഇടുക്കിയിൽ ഷൂട്ട് ചെയ്തതു കൊണ്ട് മനസ്സു കൊണ്ട് ഇൗ സിനിമ ഏറെ പ്രിയപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇടുക്കിയിൽ മാത്രമല്ല മറ്റു പല സംസ്ഥാനങ്ങളിലും ഇൗ സിനിമയുടെ പല ഭാഗങ്ങളും ഷൂട്ട് ചെയ്തിട്ടുണ്ടെന്നും അതൊക്കെ സിനിമ കണ്ട് മനസ്സിലാക്കേണ്ട സസ്പെൻസുകളാണെന്നും അദ്ദേഹം പറയുന്നു. 

AMBILI Official Teaser | Soubin Shahir | E4 Entertainment | Johnpaul George

 

‘ഞാൻ ജാക്സണല്ലെടാ’ എന്ന ഗാനരംഗം ഷൂട്ട് ചെയ്ത സമയത്തെ സൗബിന്റെ പ്രകടനം ജാഫർ ഒാർത്തെടുത്തു. ‘ഇൗ രംഗത്തിനു മുമ്പ് സൗബിനും ഞങ്ങളെല്ലാവരും ചേർന്നുള്ള ഒരു മീറ്റിങ് ആയിരുന്നു ഷൂട്ട് ചെയ്തത്. ആ സമയത്തൊന്നും ഇൗ രംഗത്തെക്കുറിച്ച് ഒരു ടെൻഷനോ ആലോചനയോ അദ്ദേഹത്തിനില്ലായിരുന്നു. ഇത്ര വലിയൊരു രംഗം ഷൂട്ട് ചെയ്യേണ്ടി വരുമ്പോൾ സ്വാഭാവികമായി ഉണ്ടാകുന്ന പ്രശ്നങ്ങളൊന്നും ഉണ്ടായില്ലെന്നു മാത്രമല്ല ഒറ്റ ടേക്കിൽ സൗബിൻ അതു പൂർത്തിയാക്കുകയും ചെയ്തു. ആ വലിയ കയറ്റത്തിലേക്ക് ഒാടിച്ചെന്ന് ഡാൻസ് കളിച്ച് തിരികെ ഇറങ്ങി വന്ന് ഞങ്ങൾക്കൊപ്പം നൃത്തം ചെയ്യുമ്പോൾ അദ്ദേഹം ശ്വാസം കിട്ടാതെ കിതയ്ക്കുകയായിരുന്നു. അത്രയ്ക്ക് കഷ്ടപ്പെട്ടാണ് സൗബിൻ ആ രംഗത്തിൽ അഭിനയിച്ചത്. പുതുതലമുറയിലെ കുട്ടികളെല്ലാം അങ്ങനെ കഷ്ടപ്പെട്ട് അഭിനയിക്കുന്നവരാണ്.’ ജാഫർ പറഞ്ഞു. 

 

സൗബിന്റെ നായികയായി നസ്രിയയുടെ അനുജന്റെ സഹോദരിയായി ആദ്യ ചിത്രത്തിൽ അഭിനയിക്കുന്നതിന്റെ സന്തോഷം തൻവി പങ്കു വച്ചു. ചേച്ചിയുടെ പാത പിന്തുടർന്നാണ് അഭിനയത്തിലേക്കെത്തിയതെങ്കിലും അത് ആകസ്മികമായിരുന്നെന്ന് നവീൻ പറയുന്നു. സംവിധായകൻ ജോൺ പോൾ തന്റെ വീട്ടിലെ ഒരു ആഘോഷത്തിന്റെ വിഡിയോ കാണാനിടയാകുകയും അങ്ങനെ സിനിമയിലേക്ക് വിളിക്കുകയും ചെയ്യുകയായിരുന്നെന്ന് നവീൻ പറഞ്ഞു. ഒരു സൈക്ലിങ് ചാംപ്യനായാണ് നവീൻ ഇൗ സിനിമയിൽ എത്തുന്നത്. 

 

ഒാഗസ്റ്റ് 9–ന് ചിത്രം തീയറ്ററുകളിലെത്തുമ്പോൾ ഗപ്പി പോലൊരു ഫീൽ ഗുഡ് സിനിമ തന്നെയാണ് ജോൺ പോൾ എന്ന സംവിധായകനിൽ  നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. അമ്പിളിയുടെ ഇതു വരെ പുറത്തിറങ്ങിയ പാട്ടുകളും ടീസറും ഇതു തന്നെയാണ് സൂചിപ്പിക്കുന്നതും. 

Watch in Youtube

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com