ADVERTISEMENT

ജോസഫിലെ അഭിനയത്തിന് ദേശീയ ജൂറിയുടെ പ്രത്യേക പരാമർശം തേടിയെത്തിയതിന്റെ സന്തോഷം പങ്കുവച്ച് നടൻ ജോജു ജോർജ്. സുഹൃത്തുക്കളുടെയും ആരാധകരുടെയും അഭിനന്ദനങ്ങൾക്കു നന്ദി അറിയിച്ചുകൊണ്ട് ജോജു ഫെയ്സ്ബുക്ക് ലൈവിലെത്തി. വെള്ളപ്പൊക്കത്തെ തുടർന്ന് നെടുമ്പാശേരി വിമാനത്താവളം അടച്ചിട്ടിരിക്കുന്നതിനാൽ നാട്ടിലെത്താൻ കഴിയാത്ത അവസ്ഥയിലാണ് താനെന്നും നാട് നേരിടുന്ന പ്രതിസന്ധിക്ക് ശേഷം പുരസ്കാരത്തിന്റെ ആഘോഷങ്ങളും സന്തോഷവും പങ്കുവയ്ക്കാമെന്നും ജോജു അറിയിച്ചു.  

 

ജോജുവിന്റെ വാക്കുകളിൽ നിന്ന്: "അഭിനന്ദനങ്ങൾക്കു നന്ദി. നമ്മുടെ നാട് വലിയൊരു പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്നതിനിടയിലാണ് എനിക്ക് പുരസ്കാരം ലഭിച്ചിരിക്കുന്നത്. ഞാൻ വീട്ടിലില്ല. വീടെത്താൻ കഴിഞ്ഞിട്ടില്ല. ബാംഗ്ലൂരാണ് ഇപ്പോഴുള്ളത്. എയർപോർട്ട് അടച്ചതുകൊണ്ട് ഇവിടെ പെട്ടുപോയി. നിരവധിപേരുടെ അഭിനന്ദന സന്ദേശങ്ങൾ ലഭിക്കുന്നുണ്ട്. എല്ലാവർക്കും നന്ദി." 

 

"നമ്മുടെ നാട് ഇപ്പോൾ അഭിമുഖീകരിക്കുന്ന പ്രശ്നത്തെ പരസ്പര സഹകരണത്തോടെ പരിഹരിക്കാൻ ശ്രമിക്കാം. എന്തായാലും ഈ സിനിമ തന്ന പപ്പേട്ടനോട് നന്ദി പറയുകയാണ്. എനിക്ക് വേഷങ്ങൾ നൽകിയ എല്ലാ സംവിധായകരോടും എന്റെ മാതാപിതാക്കളോടും എന്റെ സുഹൃത്തുക്കളോടും ഈ ലോകത്തുള്ള എന്റെ എല്ലാ ബന്ധങ്ങളോടും ഞാൻ കടപ്പെട്ടിരിക്കുന്നു. തന്ന എല്ലാ പ്രോത്സാഹനത്തിനും നന്ദി. പ്രശ്നങ്ങളും വെള്ളപ്പൊക്കവും കഴിഞ്ഞ് നമുക്കെല്ലാവർക്കും ചേർന്നു പൊളിക്കാം," ജോജു പറഞ്ഞു.     

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com