ADVERTISEMENT

കേരളത്തിലെ പ്രളയത്തെക്കുറിച്ച് പ്രതികരിക്കാതെ, റിലീസിനൊരുങ്ങുന്ന ചിത്രത്തിന്റെ പ്രചാരണപരിപാടികളിൽ സജീവമായതിനെ വിമർശിച്ചവർക്ക് മറുപടി നൽകി നിത്യ മേനോൻ. വ്യക്തി എന്ന നിലയിൽ ചെയ്യുന്നതെല്ലാം സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കണമെന്ന് നിർബന്ധമില്ലെന്നും ഇടുങ്ങിയ ചിന്താഗതിയുള്ളവർക്ക് കാണാൻ കഴിയുന്നതിന് മുകളിലാണ് ആളുകളും അവരുടെ ജീവിതവുമെന്നും നിത്യ മേനോൻ തുറന്നടിച്ചു. 

 

തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിലൂടെയാണ് താരം വിമർശനങ്ങൾക്ക് മറുപടി നൽകിയത്. "കേരളം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ ഞാൻ യാതൊന്നും പങ്കുവയ്ക്കുന്നില്ല എന്നാരോപിച്ച് കടുത്ത വിമർശനമാണ് ഞാൻ നേരിടുന്നത്. അതിനാൽ, കാര്യങ്ങൾക്ക് വ്യക്തത വരുത്തണമെന്ന് എനിക്ക് തോന്നി. സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നില്ലെന്ന് കരുതി ഒരാൾ ഒന്നും ചെയ്യുന്നില്ലെന്ന് കരുതരുത്. അതു ശരിയല്ല. കാര്യങ്ങൾ ചെയ്യാൻ എനിക്കെന്റേതായ രീതികളുണ്ട്. ചില പ്രത്യേക കാര്യങ്ങൾക്ക് വേണ്ടി മാത്രമാണ് ഞാൻ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നത്. ഇവിടെ പോസ്റ്റ് ചെയ്യുന്നില്ലെന്നു കരുതി ഞാൻ ഒന്നും ചെയ്യുന്നില്ല എന്നു വിചാരിക്കരുത്," നിത്യ മേനോൻ പറഞ്ഞു. 

 

നിത്യ മോനോൻ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'മിഷൻ മംഗൽ' എന്ന ചിത്രത്തിന്റെ പ്രചാരണ പരിപാടികളിൽ താരം പങ്കെടുക്കുന്നതും അതിനെക്കുറിച്ചുള്ള വിവരങ്ങൾ ഔദ്യോഗിക പേജിൽ പങ്കുവയ്ക്കുന്നതുമാണ് വിമർശനത്തിന് വഴി വച്ചത്. ചിത്രത്തിന്റെ പ്രചാരണ പരിപാടികളിൽ പങ്കെടുക്കുന്നത് തന്റെ ജോലിയുടെ ഭാഗമാണെന്നും അതിനായി പ്രത്യേക പണം കൈപ്പറ്റുന്നില്ലെന്നും താരം വ്യക്തമാക്കി. മറ്റുള്ളവർക്ക് നേരെ വിരൽ ചൂണ്ടുന്നതിനു മുൻപെ സ്വയം എന്തു ചെയ്തെന്ന് ആലോചിക്കുന്നത് നല്ലതായിരിക്കുമെന്നും നിത്യ മേനോൻ അഭിപ്രായപ്പെട്ടു. 

 

അക്ഷയ് കുമാർ, വിദ്യ ബാലൻ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ചിത്രമാണ് മിഷൻ മംഗൽ. ഹിന്ദി, കന്നട, തമിഴ് എന്നീ മൂന്നു ഭാഷകളിൽ ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഇന്ത്യയുടെ ചൊവ്വാപര്യവേഷണ ദൗത്യത്തിന്റെ ചലച്ചിത്രാവിഷ്കാരമാണ് മിഷൻ മംഗൽ. ചിത്രം ഓഗസ്റ്റ് 15ന് പ്രദർശനത്തിനെത്തും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com