ADVERTISEMENT

ചാക്കിൽ പുതു വസ്ത്രങ്ങൾ വാരി നിറച്ച് വയനാട്ടിലേെയും മലപ്പുറത്തെയും ദുരിത ബാധിതരിലേയ്ക്ക് എത്തിക്കാൻ തയ്യാറായ നൗഷാദിനെ പ്രശംസ കൊണ്ട് മൂടുകയാണ് സോഷ്യൽ ലോകം. ബ്രോഡ് വേയിൽ വഴിയോര കച്ചവടം നടത്തുന്ന മാലിപ്പുറം സ്വദേശി പി എം നൗഷാദാണ് കച്ചവടത്തിനായിവച്ചിരുന്ന വസ്ത്രങ്ങൾ ദുരിതാശ്വാസ ക്യാമ്പുകളിലേക്കായി നൽകിയത്. ഇപ്പോഴിതാ നൗഷാദിനെ പ്രശംസിച്ച് നടൻ സിദ്ദിഖ് എഴുതിയ കുറിപ്പ് പ്രേക്ഷകർക്കിടയില്‍ ചർച്ചയാകുന്നു.

 

സിദ്ദിഖിന്റെ കുറിപ്പ് വായിക്കാം:

 

ഈ മനുഷ്യൻ..... നൗഷാദ്.....

 

ദുരിതാശ്വാസത്തിനായി തുണിത്തരങ്ങളും ചെരുപ്പുകളും തെണ്ടി ബ്രോഡ്‌‌വേയിലെ കടകൾ തോറും കയറിയിറങ്ങി നടക്കുമ്പോൾ "നിങ്ങൾക്ക് കുഞ്ഞുടുപ്പുകൾ വേണോ" എന്നു ചോദിച്ച് കൂട്ടിക്കൊണ്ടു പോയി, അഞ്ച് ചാക്കു നിറയെ തുണിത്തരങ്ങൾ എടുത്തു തന്നൊരു മട്ടാഞ്ചേരിക്കാരൻ. നിങ്ങൾക്കിത് വലിയ നഷ്ടം വരുത്തില്ലേ‌ത്? എന്നു ചോദിച്ചപ്പോൾ, "നമ്മൾ പോകുമ്പോൾ ഇതൊന്നും ഇവിടുന്ന് കൊണ്ടുപോവാൻ പറ്റൂല്ലല്ലോ? എനിക്ക് നാട്ടുകാരെ സഹായിക്കുന്നതാണ് എന്റെ ലാഭം. നാളെ പെരുന്നാളല്ലേ.. എന്റെ പെരുന്നാളിങ്ങനെയാ." എന്നുപറഞ്ഞ് ചിരിച്ചൊരു മനുഷ്യൻ.

 

ആകാശം ഭൂമിയിലേക്കു വീഴാതെ താങ്ങി നിർത്തുന്നത്, വലിയ മനുഷ്യരുടെ കാണാൻ കഴിയാത്ത കൈയുകളാണെന്നു പറഞ്ഞു കേട്ടിട്ടുണ്ട്. നൗഷാദിക്കാ, തീർച്ചയായും, അതിലൊരു കൈ നിങ്ങളുടെയാണെന്നു ഞാൻ വിശ്വസിക്കുന്നു.

 

ചില നുണ പ്രചരണങ്ങൾക്കിപ്പുറവും, കരുതൽ പങ്കുവയ്ക്കുന്ന, ചേർത്തു പിടിക്കുന്ന, നിസ്വാർത്ഥരായ മനുഷ്യരെ കണ്ട് മനസ്സു നിറയുന്നു.

 

സ്നേഹം. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും.’–സിദ്ദിഖ് കുറിച്ചു.

 

ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി മടിച്ചു നിൽക്കുന്നവർക്ക് പ്രചോദനമാണ് നൗഷാദ്. പെരുന്നാളായിട്ടും കച്ചവടത്തിന്റെ ലാഭമോ, നഷ്ടമോ ഒന്നും നോക്കാതെയാണ് നൗഷാദ് വസ്ത്രങ്ങൾ നൽകിയത്. മനുഷ്യന് നന്മ ചെയ്യുന്നതാണ് തന്റെ ലാഭമെന്നും നൗഷാദ് പറയുന്നു.

 

നടൻ രാജേഷ് ശർമയാണ് നൗഷാദിനെ ഫെയ്സ്ബുക്ക് ലൈവിലൂടെ ആളുകൾക്ക് മുന്നിലെത്തിച്ചത്. രാജേഷും സംഘവും നിലമ്പൂർ, വയനാട് എന്നിവിടങ്ങളിലെ ക്യാംപുകളിലേയ്ക്ക് എറണാകുളം ബ്രോഡ്‌വേയിൽ വിഭവ സമാഹരണം നടത്തുന്നതിനിടെയാണ് നൗഷാദിനെ കാണുന്നത്. തുടർന്ന് തന്റെ കടയിലേക്ക് രാജേഷിനേയും സംഘത്തേയും കൂട്ടിക്കൊണ്ടുപോയി വസ്ത്രങ്ങൾ നൽകുകയായിരുന്നു. പെരുന്നാൾ കച്ചവടത്തിനായി മാറ്റിവെച്ചിരുന്ന മുഴുവൻ വസ്ത്രങ്ങളും നൗഷാദ് ചാക്കുകൾ നിറച്ചു നൽകി. പെരുന്നാളായിട്ട് ഇത്തരത്തിൽ വസ്ത്രങ്ങൾ നൽകുന്നത് നഷ്ടമാകില്ലേ എന്ന് രാജേഷ് ശർമ ചോദിക്കുന്നുണ്ട്. മനുഷ്യന് നന്മ ചെയ്യുന്നതാണ് തനിക്ക് ലാഭമെന്നായിരുന്നു അതിന് മറുപടി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com