sections
MORE

ആദ്യ ചിത്രങ്ങൾ തന്നെ വൈറൽ; അദ്ഭുതമാകാൻ ജല്ലിക്കെട്ട്

jallikattu-movie-stills
SHARE

‘ഈമയൗ’വിന് ശേഷം ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ‘ജല്ലിക്കെട്ട്’ ലോകപ്രശസ്തമായ ടൊറന്‍റോ ചലച്ചിത്രമേളയിൽ പ്രദര്‍ശിപ്പിക്കും. കണ്ടംപററി വേള്‍ഡ് സിനിമ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിക്കുന്നത്. 108 സിനിമകളാണ് ഇക്കുറി ഈ വിഭാഗത്തിലുള്ളത്. സെപ്റ്റംബര്‍ 5 മുതൽ 15 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്.

ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ പുറത്തുവന്നിട്ടുണ്ട്. ഗുഹാമനുഷ്യന്റെ ലുക്കിലുള്ള ചെമ്പൻ വിനോദിന്റെ ചിത്രം പ്രേക്ഷകരെ വിസ്മയിപ്പിക്കും. ആന്റണി വർഗീസ്, സാബുമോൻ എന്നിവരെയും ചിത്രങ്ങളിൽ കാണാം. ചിത്രത്തെക്കുറിച്ച ടൊറന്റോ മേളയുടെ ഔദ്യോഗിക സൈറ്റിൽ കുറിച്ചിരിക്കുന്നത് ഇങ്ങനെ: ‘എ ബോൾഡ് ന്യൂ വോയ്സ് ഇൻ മലയാളം സിനിമ.’ നാട്ടിലെ ഒരു ഗ്രാമത്തിൽ നിന്ന് ഒരു പോത്ത് രക്ഷപെടുന്നതും തുടർന്നുണ്ടാകുന്ന പ്രശ്നങ്ങളുമാണ് ഇൗ സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നത്. 

jallikattu-movie-lijo-jose-1

എസ്. ഹരീഷ്, ആര്‍. ജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രത്തില്‍ വമ്പന്‍ താരനിരയാണ് അണിനിരക്കുന്നത്. ഹരീഷ് എഴുതിയ മാവോയിസ്റ്റ് എന്ന ചെറുകഥയെ ആസ്പദമാക്കിയുള്ളതാണ് ചിത്രം. വിനായകനാണ് ചിത്രത്തിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജല്ലിക്കെട്ട് എന്ന പേര് പ്രഖ്യാപിച്ചതു മുതല്‍ തമിഴ്‌നാട്ടിലെ കാളപ്പോരായ ജെല്ലിക്കെട്ടിനെ ആസ്പദമാക്കിയാണോ ചിത്രമെന്നാണ് എല്ലാവരുടേയും ചോദ്യം. എന്നാല്‍ സിനിമയുടെ പ്രമേയം ഇതുവരെ ലിജോ ജോസ് പെല്ലിശ്ശേരി വ്യക്തമാക്കിയിട്ടില്ല. ഒരു പോത്തും കുറെ മനുഷ്യരുമാണ് ചിത്രത്തില്‍ അഭിനയിക്കുകയെന്ന് ലിജോ ഫെയ്സ്ബുക്ക് വഴി മുമ്പ് അറിയിച്ചിട്ടുമുണ്ട്. 

jallikattu-movie-lijo-jose

ലിജോ ജോസ് പെല്ലിശ്ശേരിയുടെ തന്നെ ‘അങ്കമാലി ഡയറീസി’ലൂടെ അരങ്ങേറ്റം കുറിച്ച ആന്‍റണി അതിനു ശേഷം ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിനു ശേഷം വിനായകനും ആന്‍റണിയും ചെമ്പനും വീണ്ടുമൊന്നിക്കുന്ന ചിത്രം കൂടിയാണ് ‘ജല്ലിക്കെട്ട്’. ഓ തോമസ് പണിക്കരാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിനായി ഗിരീഷ് ഗംഗാദരന്‍ ആണ് ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. പ്രശാന്ത് പിള്ളയാണ് സംഗീതം. 

jallikattu-movie-lijo-jose-2

40 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള അന്താരാഷ്ട്ര ചലച്ചിത്രമേളയാണ് ടൊറന്‍റോ ഫിലിം ഫെസ്റ്റിവല്‍ ( ടി ഐ എഫ് എഫ്). ലോകസിനിമകളുടെ പ്രദര്‍ശനങ്ങളിലൂടെ ചലച്ചിത്രാസ്വാദകരുടെയും നിരൂപകരുടെയും ആദരവു പിടിച്ചെടുത്ത ഈ മേളയില്‍ നിരവധി ഇന്ത്യന്‍ ഭാഷാ ചിത്രങ്ങളും മുമ്പ് വലിയ സ്വീകാര്യതയോടെ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്.

lijo-jose-jallikaattu

'തൊണ്ടിമുതലും ദൃക്‌സാക്ഷിയും' ടൊറന്റോ റീൽ ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ 2017 ലേക്ക് മുമ്പ് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. മാസ്റ്റേഴ്സ് വിഭാഗത്തില്‍ അടൂര്‍ ഗോപാലകൃഷ്ണന്‍റെ 'പിന്നെയും' എന്ന ചിത്രവും മുമ്പ് തിരഞ്ഞെടുത്തിട്ടുണ്ട്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA