ADVERTISEMENT

ഈ അടുത്ത കാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളിൽ ഏറ്റവും വലിയ പണംവാരിപ്പടമായി മാറുകയാണ് തണ്ണീർമത്തൻ ദിനങ്ങൾ. വെറും 2 കോടി രൂപ ചിലവിൽ ഒരുങ്ങിയ ചിത്രം ഇതുവരെ വാരിയത് 45 കോടിയാണ്. പ്ലസ് 2 കാലഘട്ടത്തിലെ സൗഹൃദവും പ്രണയവുമെല്ലാം രസകരമായി പറയുന്ന ചിത്രത്തിന്റെ കലക്‌ഷന്‍ 30 കോടി പിന്നിട്ടുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ യഥാർഥ കലക്‌ഷന്‍ 30 കോടിയല്ല 45 കോടിയാണെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചു.

 

ചെറിയ മുതൽമുടക്കിൽ ഒരുങ്ങിയ ചിത്രത്തിന്റെ വലിയ വിജയം സൂചിപ്പിക്കുന്നത് മലയാളസിനിമയുടെ മാറുന്ന മുഖമാണ്. ബ്രഹ്മാണ്ഡ ബജറ്റ് മാത്രമല്ല ചിത്രത്തിന്റെ വിജയം നിര്‍ണയിക്കുന്നതെന്ന് തണ്ണീർമത്തൻ തെളിയിക്കുന്നു. സൂപ്പർതാരങ്ങളുടെയോ യുവതാരങ്ങളുടെയോ ഫാൻസുകാരുടെയോ പിന്തുണയോടെയല്ല ചിത്രം 45 കോടി പിന്നിട്ടതെന്നതും ശ്രദ്ധേയമായ കാര്യമാണ്.

 

നവാഗതനായ ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത തണ്ണീര്‍ മത്തന്‍ ദിനങ്ങളിൽ പുതുമുഖ താരങ്ങളായിരുന്നു കൂടുതലായും അഭിനയിച്ചത്. കുമ്പളങ്ങി നൈറ്റ്‌സിലെ ഫ്രാങ്കിയിലൂടെ ശ്രദ്ധേയനായ തോമസ് മാത്യൂ ഉദാഹരണം സുജാതയിലൂടെ ശ്രദ്ധേയയായ അനശ്വര രാജന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍, ഒപ്പം ഒരുപിടി പുതിയ താരങ്ങളും അണിനിരന്നു.

 

1.75 കോടി രൂപ മുതല്‍മുടക്കിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഛായാഗ്രാഹകന്‍ ജോമോന്‍ ടി ജോണ്‍, എഡിറ്റര്‍ ഷമീര്‍ മുഹമ്മദ് ഷെബിന്‍ ബക്കര്‍ എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

 

അള്ള് രാമേന്ദ്രന്‍, പോരാട്ടം എന്നീ സിനിമകളുടെ സഹരചയിതാവുമാണ് ഗിരീഷ് എഡി. ജോമോന്‍ ടി ജോണും വിനോദ് ഇല്ലമ്പിള്ളിയുമാണ് ഛായാഗ്രഹണം. ഗിരീഷ് എഡിയും ഡിനോയ് പൗലോസുമാണ് തിരക്കഥ. ഷമീര്‍ മുഹമ്മദ് എഡിറ്റിങും ജസ്റ്റിന്‍ വര്‍ഗീസ് സംഗീതവും നിർവഹിച്ചിരിക്കുന്നു. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com