ADVERTISEMENT

ചുറ്റും മഞ്ഞു മൂടിയ മലകൾ, ശക്തിയായ കാറ്റ്. ഹിമാലയൻ താഴ്‌വരകളിലൂടെ മഞ്ജു വാരിയരും സംഘവും നടക്കുന്നു. അത്ഭുതകരമായ ഒരു രക്ഷപെടലിനു ശേഷം അവർ അടുത്ത ലക്ഷ്യത്തിലേക്ക് യാത്ര തുടരുന്നു. ഒറ്റ കാഴ്ചയിൽ ആർക്കും മനസ്സിലാകും ആ യാത്രയുടെ കാഠിന്യം. അത്രമേൽ ദുഷ്ക്കരമായ വഴികളിലൂടെ തന്റെ സിനിമയുടെ പൂർണതയ്ക്കായി ആ നടി യാത്ര ചെയ്യുന്നതു കാണുമ്പോൾ മലയാളികളായ ആർക്കും അഭിമാനം തോന്നും. 

 

യാത്രയെക്കുറിച്ച് മഞ്ജുവിന്റെ വാക്കുകൾ:

 

manju-warrier-himalaya-video

മുന്നിൽ ദൂരെ മല ഇടിയുന്നതു ഞങ്ങൾ കണ്ടു. 3 അടിയോളം മഞ്ഞിനിടയിലൂടെ കൈ പിടിച്ചു ഞങ്ങൾ പതുക്കെ മലയിറങ്ങുകയായിരുന്നു. ഞങ്ങളെപ്പോലെ പോകുന്ന ചില ചെറിയ സംഘങ്ങൾ മുന്നിലുമുണ്ടായിരുന്നു. അപ്പോഴും മഞ്ഞു പെയ്തുകൊണ്ടിരുന്നു. ഷിയാം ഗോരുവിലെ ഗ്രാമീണർ പോരുമ്പോൾ ഓരോ സംഘത്തോടു പറഞ്ഞതു അപ്പോഴും മനസിലുണ്ടായിരുന്നു. ഏതു സമയത്തു വേണമെങ്കിലും മല ഇടിയാം, മഞ്ഞു മലകൾ നിരങ്ങി താഴോട്ടു പോകാം. 

 

ഛത്രുവിൽനിന്നു ആറോ ഏഴോ മണിക്കൂർ നടന്നാണു ഞങ്ങൾ ഷിയാം ഗോരുവിലെത്തിയത്. മലകയറ്റം അറിയാവുന്നവരായിരുന്നില്ല ഞങ്ങൾ ആരും.ഞങ്ങളെ സഹായിക്കാനായി പരിചയ സമ്പന്നരായ മലകയറ്റ സംഘമുണ്ടായിരുന്നു. അവർക്കു അവിടെയെല്ലാം നന്നായി അറിയാം.സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന കയറ്റം എന്ന സിനിമയുടെ ചിത്രീകരണത്തിനുവേണ്ടി എത്തിയതായിരുന്നു ഞങ്ങൾ. ആദ്യ ദിവസങ്ങളിൽ കുഴപ്പമുണ്ടായില്ല.

 

മനോഹരമായ കാലാവസ്ഥ. പക്ഷേ പെട്ടെന്നു കാലാവസ്ഥ മാറി. കൂടെയുള്ള പരിചയ സമ്പന്നരും ഗ്രാമീണരുമൊന്നും പ്രതീക്ഷിക്കാത്തതാണിത്.ചെറുതായി തുടങ്ങിയ മഞ്ഞു വീഴ്ച പെട്ടെന്നു വലുതായി. പലിയിടത്തും മഞ്ഞുനിറഞ്ഞു. ഞങ്ങൾ ടെന്റുകെട്ടി താമസിച്ചതു ഷിയാം ഗോരുവിലെ ഒരു താഴ്‌വാരത്തായിരുന്നു. മലയിടിച്ചിലിനു സാധ്യതയുള്ളതിനാൽ ടെന്റുകൾ മാറ്റാൻ സുരക്ഷാ ഉദ്യോഗസ്ഥർ പറഞ്ഞു. ഞങ്ങളതു മാറ്റി. പിറ്റേന്നു ഛത്രുവിലേക്കു തിരിച്ചു പോകാൻ തീരുമാനിച്ചു. വൈദ്യുതിയോ കടകളോ ഒന്നുമില്ലാത്ത താഴ്‌വാരമാണിത്. ഛത്രുവിലേക്കുള്ള യാത്ര വല്ലാത്തൊരു യാത്രയായിരുന്നു.

 

മണാലിയിൽനിന്നു 90 കിലോമീറ്റർ ദൂരെയാണ് ഛത്രു. മലകളിൽനിന്നു മലകളിലേക്കു പോകുമ്പോൾ മിക്കയിടത്തും മഞ്ഞുണ്ടായിരുന്നു. പലയിടത്തും മല ഇടിഞ്ഞു കിടക്കുന്നതു കണ്ടു,ചിലയിടത്തു വെള്ളത്തോടൊപ്പം മണ്ണു ഒലിച്ചു പോകുന്നതു ദൂരെ കണ്ടു. അവർ പറഞ്ഞത് അപ്പോഴും ഓർമിച്ചു, ‘ഏതു സമയത്തും വഴികൾ ഒലിച്ചുപോകാം.’ ഏതു സമയവും ഒലിച്ചിറങ്ങിയേക്കാവുന്ന മലയോരത്തിലൂടെയാണു നടക്കുന്നതെന്നതു ഞങ്ങൾക്കറിയാമായിരുന്നു. ഛത്രു എത്തുന്നതുവരെ മനസിൽ ഓരോ നിമിഷവും ഭീതിയായിരുന്നു. 

 

ഛത്രുവിൽ എത്തിയപ്പോഴേക്കും കാലാവസ്ഥ കൂടുതൽ മോശമായിരുന്നു. രാത്രി കൂടുതൽ മോശമായതായി തോന്നി. ചിലർക്കു കിടക്കാൻ കെട്ടിടങ്ങൾ കിട്ടി. കുറെപ്പേർ ടെന്റിൽ താമസിച്ചു. ഞങ്ങൾക്ക് ഒപ്പവും അല്ലാതെയും അവിടെ എത്തിയ ടൂറിസ്റ്റുകളും പലിയിടത്തായി ഉണ്ടായിരുന്നു. ഏട്ടന്റെ കൂടെ സൈനിക സ്കൂളിൽ പഠിച്ച പലരും അവിടെ സൈനിക ഓഫീസർമാരാണ്. അവരിൽ പലരെയും എനിക്കുമറിയാം. പക്ഷെ എല്ലാ ആശയ വിനിമയ സംവിധാനങ്ങളും നിലച്ചു.

 

sanal-kumar-manju-warrier

രാത്രി 9 മണിക്കു ക്യാംപിലെത്തിയ സൈനിക ഉദ്യോഗസ്ഥർ സ്ത്രീകൾക്കും കുട്ടികൾക്കും മാത്രം സാറ്റലൈറ്റ് ഫോൺവഴി പുറത്തേക്കു ഒരു കോൾ വിളിക്കാമെന്നു പറഞ്ഞു. ഞാൻ ഏട്ടനെ വിളിച്ചു എന്താണ് അവസ്ഥയെന്നു പറഞ്ഞു.അതു പറയുമ്പോൾ 2 ദിവസത്തെ ഭക്ഷണമെ ബാക്കിയുണ്ടായിരുന്നുള്ളു. മഞ്ഞും മഴയും കൂടുതൽ ശക്തമാകുമെന്നു ചില സൈനികർ പറഞ്ഞു. അവർ ഞങ്ങളോടു പെരുമാറിയതു പറഞ്ഞറിയിക്കാനാകാത്ത സ്നേഹത്തോടെയായിരുന്നു. 

 

പിറ്റെ ദിവസം വന്ന ൈസനികരിൽ ചിലർ എന്റെ പേരും അന്വേഷിച്ചു. കേന്ദ്രമന്ത്രി വി.മുരളീധരനും മുഖ്യമന്ത്രി പിണറായി വിജയൻസാറും സന്ദേശം നൽകിയിരുന്നുവെന്നവരിൽ ചിലർ സൂചിപ്പിച്ചു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയെ കേന്ദ്രമന്ത്രി വിളിച്ചിരുന്നുവെന്നു പറഞ്ഞു. തിരിച്ചു പോകാനുള്ള വഴിയിൽ മലകൾ പലയിടത്തായി ഇടിയുകയായിരുന്നുവെന്നു പറഞ്ഞു കേട്ടു. എല്ലാം കേട്ടു കേൾവികളാണ്. തൊട്ടടുത്ത ദിവസം രാവിലെ തിരിച്ചു മണാലിയിലേക്കു പോകാൻ തീരുമാനിച്ചു. 

 

ഛത്രുവിൽനിന്നു മണാലിയിലേക്കു പോകുന്നതു അപകടമാകുമെന്നു പരിചയ സമ്പന്നരായ ചിലർ രാവിലെ പറഞ്ഞു. വഴിയിൽ മണ്ണിടിഞ്ഞാൽ എപ്പോൾ ൈസന്യത്തിനു സഹായിക്കാനാകുമെന്നു പറയാനാകില്ല.എവിടെ ഭക്ഷണം കിട്ടുമെന്നറിയില്ല. കൂടുതൽ ടൂറിസ്റ്റുകളും ഛത്രുവിൽ തങ്ങാൻ തീരുമാനിച്ചു. ഭക്ഷണം കുറവാണെങ്കിൽ സുരക്ഷിതമായി താമസിക്കാൻ ഇടമുണ്ടല്ലോ. ഞങ്ങൾക്കാണെങ്കിൽ ഷൂട്ടിംങ്ങിനുവേണ്ടി കൊണ്ടുവന്ന എല്ലാ ഉപകരണങ്ങളും തിരിച്ചു കൊണ്ടുപോകണം. സംഘങ്ങളായി പിരിഞ്ഞു പോകാമെന്നു സൂചിപ്പിച്ചുവെങ്കിലും എല്ലാവരും ഒരുമിച്ചു നിൽക്കാൻ തീരുമാനിച്ചു. ഉച്ചയാകുമ്പോഴേക്കും ഭക്ഷണമെത്തി, മഴ പെയ്തുകൊണ്ടിരുന്നു.

 

റോത്തംങ് പാസ് പിന്നിടുമ്പോഴാണ് ഞാനിതു പറയുന്നത്. മുന്നിൽ നീണ്ട വാഹന നിര കാണാം. ഇപ്പോഴും മഴയും മഞ്ഞും പെയ്യാനെന്നപോലെ കറുത്ത മേഘങ്ങൾ കാത്തു നിൽക്കുന്നുണ്ട്. ദൂരെയ്ക്ക് ഒന്നും കാണുന്നില്ല. ചുറ്റും കോട ഇറങ്ങിയതുപോലെ. മഴ ചാറുന്നു. മാനം തെളിഞ്ഞിട്ടില്ല. തിരിച്ചെത്തി എന്നതു വിശ്വസിക്കാനാകുന്നില്ല. വഴിയിലൂടെ വെള്ളം ഒലിച്ചു വലിയ പുഴയായി പലയിടത്തും ഒഴുകുന്നു. അവിടെയെല്ലാം ഉരുളൻ കല്ലുകളുടെ കൂമ്പാരം. സൈനികരുടെ സഹായത്തോടെ മണ്ണു നീക്കുന്ന വലിയ യന്ത്രങ്ങൾ. ഇവിടെനിന്നും മണാലിയിലേക്കു 50 കിലോമീറ്ററുണ്ട്. 8 മണിക്കൂറെങ്കിലും യാത്ര ചെയ്യേണ്ടിവരുമെന്നു സൈനികർ പറഞ്ഞു. മുന്നിൽ ഊഴം കാത്തുനിൽക്കുന്ന വാഹനങ്ങൾ. കാറ്റിന് എന്തൊരു ശക്തിയാണ്. 

 

സനൽകുമാർ ശശിധരൻ

 

കഴിഞ്ഞ പത്ത് ദിവസമായി മൊബൈൽ റെയിഞ്ചും ഇന്റർനെറ്റും ഇല്ലാത്ത ഹിമാലയൻ പർവതങ്ങളിലായിരുന്നു. കേരളത്തിലെ മഴയും പ്രളയ ദുരിതങ്ങളും ഒന്നും അറിയാൻ കഴിഞ്ഞില്ല. നാടിന്റെ സങ്കടത്തിൽ പങ്കു ചേരുന്നു. മഞ്ജു വാരിയർ ഉൾപ്പെടെ ഇരുപത്തഞ്ച് പേരുള്ള ഒരു സംഘം 'കയറ്റം' എന്ന ഞങ്ങളുടെ പുതിയ സിനിമയുടെ ഷൂട്ടിനാണ് ഹിമാചലിൽ ഹംപ്‌ത പാസിന് പരിസര പ്രദേശങ്ങളിലെത്തിയത്. ഒപ്പം സൗകര്യങ്ങൾ ഒരുക്കാൻ പരിചയസമ്പന്നരായ 10 സഹായികളും ഉണ്ടായിരുന്നു. 

 

അപകടകരമായ ഹിമാലയൻ ട്രെക്കിങ് ലൊക്കേഷനുകളിൽ ഷൂട്ട് ചെയ്യേണ്ട സിനിമയുടെ 80% വും ചിത്രീകരിച്ചു കഴിഞ്ഞപ്പോളാണ് 18ന് അപ്രതീക്ഷിതമായി കനത്ത മഴയും മഞ്ഞുവീഴ്ചയുമുണ്ടായത്. സംഘത്തിലുള്ള ഓരോരുത്തരുടെയും മനഃസാന്നിദ്ധ്യം കൊണ്ടും ഷൂട്ടിനുള്ള സൗകര്യങ്ങൾ ചെയ്തു തന്നിരുന്ന മൗണ്ടൻ എക്സ്പെഡിഷൻ സംഘത്തിന്റെ സമയോചിതമായ ഇടപെടൽ കൊണ്ടും കടുത്ത കാലാവസ്ഥയിലും അപകടകരമായ വഴികളിലൂടെ ഞങ്ങൾ ആറു മണിക്കൂർ കൊണ്ട് സുരക്ഷിതമായ ചത്രൂ എന്ന സ്ഥലത്ത് നടന്നെത്തി. 

 

എല്ലാവഴികളും കനത്ത മഴയെത്തുടർന്ന് തകർന്നിരുന്നതിനാൽ രണ്ടുദിവസം പുറം ലോകവുമായി ബന്ധപ്പെടാനാകാതെവന്നു. ഞങ്ങളെ കൂടാതെ ഇരുനൂറോളം പേർ ആ സ്ഥലത്ത് കുടുങ്ങിയിരുന്നു. ഹിമാചൽ സർക്കാരിന്റെ ഇടപെടൽ എടുത്തു പറയേണ്ടതാണ്. മുഴുവൻ ആളുകളെയും സുരക്ഷിതരായി കുറഞ്ഞ സമയം കൊണ്ട് അവർ പുറത്തെത്തിച്ചു. ഞങ്ങളുടെ സംഘത്തിലെ മൂന്നുപേർക്ക് കാലിനു ചെറിയ പരിക്കുകൾ ഉണ്ടായിരുന്നതിനാൽ വാഹന ഗതാഗതം പുനഃസ്ഥാപിക്കുന്നത് വരെ ഞങ്ങൾക്ക് ചത്രുവിൽ തന്നെ നിൽക്കേണ്ടിവന്നു. പാദത്തിനുണ്ടായ പരിക്കും പേറി എട്ടു കിലോമീറ്റർ പാറവഴികളിലൂടെ നടന്ന ആസ്ത ഗുപ്ത അതിശയിപ്പിച്ചു. 

 

തടസങ്ങളിലൊന്നും തളരാത്ത ഒരു ഊർജ്ജം എല്ലാവരിലും ഉണ്ടായിരുന്നു. സിനിമ എന്ന ഒരൊറ്റ ലക്‌ഷ്യം മാത്രമേ മുന്നിലുണ്ടായിരുന്നുള്ളു.. അത് തന്നെയായിരുന്നു വെളിച്ചവും. ഒരുതരം വലുപ്പച്ചെറുപ്പവും ഞങ്ങളിലില്ലായിരുന്നു. മഞ്ജു വാരിയർ എന്ന വലിയ അഭിനേതാവിനെയും കരുത്തുറ്റ മനുഷ്യസ്ത്രീയെയും അടുത്തറിയാൻ കഴിഞ്ഞു എന്നതായിരുന്നു എന്നെ സംബന്ധിച്ച് ഈ സിനിമായാത്രകൊണ്ട് വ്യക്തിപരമായ നേട്ടം. എല്ലാവരും സുരക്ഷിതരാണ്. കൂടുതൽ വിവരങ്ങൾ പിന്നാലെ. ഞങ്ങളുടെ സുരക്ഷക്കായി പ്രവർത്തിച്ച ഓരോരുത്തർക്കും നന്ദി. ഓരോ വാക്കുകൾക്കും നന്ദി..

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com