ADVERTISEMENT

കൊച്ചി∙ സിനിമയിലും നൃത്തത്തിലും സജീവ സാന്നിധ്യമായിരിക്കുമ്പോഴും പഠനത്തിലും മികവിന്റെ ഉയരങ്ങൾ താണ്ടിയ സുജ കാർത്തികയ്ക്ക് ഡോക്ടറേറ്റ്.    യുജിസിയുടെ ജെആർഎഫ് നേടിയ സുജ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ നിന്നു സോഷ്യൽ സയൻസിലാണു പിഎച്ച്ഡി നേടിയത്. സംസ്ഥാനത്തെ തിരഞ്ഞെടുക്കപ്പെട്ട പൊതുമേഖലാ സ്ഥാപനങ്ങളെക്കുറിച്ചായിരുന്നു സുജയുടെ ഗവേഷണ പ്രബന്ധം. 2002-2013  കാലഘട്ടത്തിലായി  2 ഡസനോളം സിനിമയിൽ അഭിനയിച്ച സുജ 2009ൽ പിജിഡിഎം കോഴ്സ് ഒന്നാം റാങ്കോടെ വിജയിച്ചിരുന്നു. 

 

എംകോം ഫസ്റ്റ് ക്ലാസിലും പാസായ ശേഷം കോളജ് അധ്യാപികയായും ജോലി ചെയ്തു. ജെആർഎഫ് ലഭിച്ചതിനെ തുടർന്നാണു ജോലി ഉപേക്ഷിച്ചത്. പിഎച്ച്ഡി നേടിയതിനൊപ്പം ആംസ്റ്റർഡാം യൂണിവേഴ്സിറ്റിയിൽ നിന്ന് ക്വാളിറ്റേറ്റീവ് റിസർച് മെത്തേഡ്സിൽ സർട്ടിഫിക്കേഷനും നേടി.  കേരള സർക്കാർ സ്ഥാപനമായ ഐസിടി അക്കാദമിയിൽ നിന്ന് ഡേറ്റ അനലിസ്റ്റ് സർട്ടിഫൈഡ് സ്പെഷ്യലിസ്റ്റ് കോഴ്സും പൂർത്തിയാക്കി.

 

പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പാണ് അടുത്ത ലക്ഷ്യമെന്നു സുജ വ്യക്തമാക്കുന്നു. കാക്കനാട് കേന്ദ്രമാക്കി ‘എംക്ലയർ’ എന്ന പരിശീലന സ്ഥാപനം നടത്തുകയാണിപ്പോൾ. നർത്തകിയായ സുജ നൃത്തം അഭ്യസിപ്പിക്കുന്നുമുണ്ട്. കാക്കനാട് പടിഞ്ഞാറേമഠം സുജശ്രീയിൽ ഡോ. സുന്ദരേശന്റെയും ഡോ. ചന്ദ്രികയുടെയും മകളാണ്. 2010 ജനുവരി 31 നാണ് താരം വിവാഹിതയായത്. മെർച്ചന്റ് നേവി ചീഫ് എൻജിനീയർ രാകേഷ് കൃഷ്ണനാണു ഭർത്താവ്.

 

2002-ൽ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് സുജ സിനിമകളിലേയ്ക്ക് കടന്ന് വന്നത്. 2013 ൽ പുറത്തിറങ്ങിയ ലിസമ്മയുടെ വീട് എന്ന ചിത്രത്തിലായിരുന്നു താരം ഒടുവിലായി അഭിനയിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com