ADVERTISEMENT

ശോഭന, കല്യാണി പ്രിയദർശൻ, സുരേഷ് ഗോപി പിന്നെ ദുൽഖർ സൽമാനും അനൂപ് സത്യനും. ഇവരെല്ലാം ഒരുമിക്കുന്ന സിനിമ ഉടൻ തുടങ്ങും. മമ്മൂട്ടിയുടെ മകൻ ദുൽഖർ നിർമിക്കുകയും അഭിനയിക്കുകയുംം ചെയ്യുന്ന സിനിമ സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്നു.

 

ശോഭനയോടൊപ്പം അഭിനയിക്കുന്നത് പ്രിയദർശന്റെ മകൾ കല്യാണി. തുല്യ പ്രാധാന്യമുള്ള റോളിൽ സുരേഷ് ഗോപിയും ദുൽഖർ സൽമാനും. ഒക്ടോബറിൽ ചിത്രീകരണം തുടങ്ങും. അനൂപിന്റെ കന്നി ചിത്രമാണിത്. സംഗീത സംവിധായകനായി അൽഫോൻസ് ജോസഫും തിരിച്ചെത്തുന്നു.

 

ചിത്രവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ മനോരമ ഓൺലൈനു നൽകിയ അഭിമുഖത്തിൽ അനൂപ് സത്യൻ പങ്കുവച്ചിരുന്നു. അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങൾ...

 

ഉടൻ തുടങ്ങും

 

‘ചെന്നൈയിൽ സ്ഥിരതാമസമാക്കിയ രണ്ടുപേരുടെ കഥയാണ് ചിത്രം പറയുന്നത്. കല്യാണി, ശോഭന മാം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങൾ. സുരേഷ് ഗോപിയും ദുൽഖറും മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സിനിമയുടെ ചിത്രീകരണം ജൂണിൽ ആരംഭിക്കാനാണ് പദ്ധതി. ചെന്നൈയാണ് പ്രധാന ലൊക്കേഷൻ. അൽഫോൻസ് സംഗീതം; മുകേഷ് മുരളീധരൻ ഛായാഗ്രഹണം. 

 

'മാസ്' അല്ല, 'റിയൽ'!

 

മാസ് പരിവേഷമുള്ള സുരേഷ് ഗോപി കഥാപാത്രങ്ങളില്‍ നിന്നും റിയൽ സുരേഷ് ഗോപിയെ ആണ് ചിത്രത്തിൽ അവതരിപ്പിക്കാൻ ശ്രമിക്കുന്നത്. ‘ഇന്നലെ’യിലെയും, ‘മണിച്ചിത്രത്താഴി’ലെയും അദ്ദേഹത്തിന്റെ വേഷങ്ങൾ എനിക്ക് ഏറെ ഇഷ്ടമാണ്. അതുപോലെ റിയൽ ആയ ഒരാളായാകും ഈ സിനിമയിലും അദ്ദേഹം എത്തുക.

 

കഥ കേട്ടു സമ്മതം മൂളി

 

നാഷ്നൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനിൽ പഠിക്കുമ്പോൾ ഒരു സ്റ്റോറി വർക്‌ഷോപ്പ് ചെയ്യുന്നതിനു വേണ്ടി ആലോചിച്ച പ്രണയകഥയിൽ നിന്നാണ് ഇപ്പോഴുള്ള തിരക്കഥ രൂപപ്പെട്ടത്. അതൊരു വ്യത്യസ്തമായ പ്രണയകഥയായിരുന്നു. എന്നാൽ ഇപ്പോൾ ഈ കാസ്റ്റിങിലൂടെ കഥക്കൊരു മാജിക് വന്നുവെന്ന് എനിക്കുതോന്നുന്നു. ചിത്രത്തിന്റെ കഥയും തിരക്കഥയും ഞാൻ തന്നെയാണ് തയാറാക്കിയിരിക്കുന്നത്. 

 

ചെന്നൈയിൽവച്ചാണ് ശോഭന മാമിനോട് കഥ പറയുന്നത്. അരമണിക്കൂറായിരുന്നു എനിക്ക് തന്നത്. കഥ കേട്ടിരുന്ന് അത് ഒന്നര മണിക്കൂറായി. സുരേഷ് സാറിനെയും നേരിട്ടെത്തി കഥ പറഞ്ഞുകേൾപ്പിച്ചു. കഥ ഇഷ്ടപ്പെട്ട രണ്ട് പേരും ചിത്രത്തിന് സമ്മതം മൂളുകയായിരുന്നു.

 

2005ല്‍ ജയരാജ് സംവിധാനം ചെയ്ത ‘മകള്‍ക്ക്’ എന്ന ചിത്രത്തിലാണ് ശോഭനയും സുരേഷ് ഗോപിയും അവസാനമായി ഒരുമിച്ചത്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത് 2013ല്‍ പുറത്തെത്തിയ ‘തിര’യാണ് ശോഭന അവസാനമായി അഭിനയിച്ച ചിത്രം .

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com