ADVERTISEMENT

ജീവിതത്തിന്റെ തിരശ്ശീലയിൽ നിന്നും നടൻ സത്താർ എന്നന്നേക്കുമായി വിടപറഞ്ഞു. നാല് പതിറ്റാണ്ടോളം സിനിമയുടെ വെള്ളിവെളിച്ചത്തിൽ നായകനായും വില്ലനായും നിറഞ്ഞാടിയ വേഷം.

 

1976 ൽ വിൻസന്റ് മാഷ് സംവിധാനം ചെയ്ത അനാവരണത്തിലെ നായക വേഷത്തിൽ തുടങ്ങി " പറയാൻ ബാക്കി വെച്ചതി" ൽ അവസാനിച്ച ജീവിതം. ആലുവ യുസി കോളജിൽ നിന്നും ചരിത്രത്തിൽ ബിരുദാനന്തര ബിരുദം എടുക്കുമ്പോൾ സത്താർ സ്വപ്നത്തിൽ പോലും വിചാരിച്ചു കാണില്ല താൻ മലയാള സിനിമാ ചരിത്രത്തിൽ ഇടം നേടുമെന്ന്.

 

പ്രേം നസീർ അഭിനയിക്കുന്ന ചിത്രത്തിലേക്ക് നടനെ ആവശ്യമുണ്ടെന്നുള്ള പരസ്യമാണ് സത്താറിന്റെ ജീവിതം മാറ്റിമറിച്ചത്. അനാവരണത്തിൽ അഭിനയിക്കുന്നതിന് മുൻപ് എം. കൃഷ്ണൻ നായർ സംവിധാനം ചെയ്ത ഭാര്യയെ ആവശ്യമുണ്ട് എന്ന ചിത്രത്തിലും, മോഹൻലാൽ ആദ്യം അഭിനയിച്ച ഇനിയും പുറത്തിറങ്ങാത്ത തിരനോട്ടത്തിലും സത്താർ ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.

 

ബെൻസ് വാസു,യത്തീം ,ശരപഞ്ജരം, ഈ നാട്,അവളുടെ രാവുകൾ എന്നീ ചിത്രങ്ങളിലെ ശ്രദ്ധേയമായ വേഷങ്ങൾ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്ക് സത്താറിനെ അടുപ്പിച്ചു. ബീന എന്ന ചിത്രത്തിൽ ജയഭാരതിയുമായിട്ട് അഭിനയിച്ചതാണ് ജയഭാരതി ജീവിത സഖിയാകാൻ കാരണമായത്. ജയഭാരതിയെപ്പോലെ ഒരു നടിയെ സത്താർ സ്വന്തമാക്കിയപ്പോൾ സിനിമാ ലോകം അസൂയയോടെയാണ് നോക്കി നിന്നത്.

 

പിന്നീട് ഇരുവർക്കും വേർപിരിയേണ്ടിവന്നത് സത്താറിന്റെ ജീവിതത്തിലെ സ്വകാര്യ സങ്കടമായി മാറി. നടന്മാരായ രതീഷിനോടും ജയനോടും ആത്മബന്ധം പുലർത്തിയ നടനായിരുന്നു സത്താർ .ഇവരുടെ മരണങ്ങൾ സത്താറിനെ ഏറെ സങ്കടപ്പെടുത്തിയിരുന്നു. 

 

മമ്മൂട്ടി-മോഹൻലാൽ തരംഗങ്ങൾ ആഞ്ഞുവീശാൻ തുടങ്ങിയപ്പോൾ സത്താർ വില്ലൻ വേഷത്തിലേക്ക് കൂടുമാറി. കൊട്ടയിൽ പച്ചക്കറിയും വാങ്ങി ഒക്കത്ത് വച്ച് കൈലിയും, ബ്ലൗസ്സും അണിഞ്ഞ വരുന്ന നായിക. ചുവന്ന കളർ ബനിയനും കൈലിയും ധരിച്ച് ഊരിപ്പിടിച്ച കത്തിയുമായി പൊന്തക്കാടിന് സമീപം മറഞ്ഞിരിക്കുന്ന വില്ലൻ. നായിക അടുത്തെത്തുമ്പോൾ ചാടി വീഴുന്നു. നായിക, ‘എന്നെ വിടു എന്ന് അലറുന്നു’. കത്തി കാട്ടി നായികയുടെ വായ് പൊത്തിപിടിച്ച് പീഡിപ്പിക്കുന്ന വില്ലൻ. പിന്നിടുള്ള ഷോട്ട് ചിതറി കിടക്കുന്ന പച്ചക്കറികളിൽ അവസാനിച്ചുകൊണ്ട് കട്ട് ചെയ്യുന്നു. 

 

ഇങ്ങനെയുള്ള വില്ലന് സത്താറിന്റെ മുഖമായിരുന്നു എന്നത് മറ്റൊരു കാര്യം. ഒരിടവേളക്ക് ശേഷം നവതരംഗ സിനിമകളിൽ സത്താർ പ്രത്യക്ഷപ്പെട്ടു. ആഷിഖ് അബുവിന്റെ 22 ഫീമെയിൽ കോട്ടയം , കാഞ്ചി ,നത്തോലി ചെറിയ മീനല്ല. സത്താർ ഒരു അലസനായിരുന്നു. അതു കൊണ്ട് തന്നെ മലയാളത്തിൽ നൂറ്റിയൻപതോളം ചിത്രങ്ങളെ കരിയറിലുള്ളു. തമിഴ് , തെലുങ്ക് ചിത്രങ്ങളിലും സത്താർ തന്റെ പ്രതിഭയുടെ കൈയ്യൊപ്പ് ചാർത്തി. ഓച്ചിറയിലും കുറേക്കാലം വാടകയ്ക്കു താമസിച്ചിട്ടുണ്ട്. പഴയകാല സിനിമാ നടൻ എന്ന നിലയിൽ നാട്ടുകാർ സത്താറിനെ കൗതുകത്തോടെ നോക്കി ... സത്താർ വിടപറയുമ്പോൾ ഒരു കാലഘട്ടമാണ് പടിയിറങ്ങുന്നത് .. സത്താർ മലയാളം സിനിമ ചരിത്രത്തിലെ ഊഷ്മളമായ ഒരു അധ്യായമായിരുന്നു.... 

 

എഴുത്ത് എം.കെ. ബിജു മുഹമ്മദ്

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com