ADVERTISEMENT

‘കപ്പയും മീനും മുന്നിൽ വന്നാൽ പിന്നെ എന്തു ഡയറ്റിങ് ? ഭക്ഷണം കഴിക്കുന്ന ഏതു സീനിലും എനിക്ക് രണ്ടു മൂന്ന് സെറ്റ് കൊണ്ടു തരേണ്ടി വരും.’ പറയുന്നത് മറ്റാരുമല്ല, മമ്മൂട്ടിയാണ്. ശരീര സംരക്ഷണത്തിലും ഡയറ്റിങ്ങിലുമൊക്കെ ചിട്ടയുള്ള മമ്മൂട്ടി ഇതു പോലെ മറ്റു പല രസകരമായ കാര്യങ്ങളും പങ്ക വച്ചത് മനോരമ ഒാൺലൈൻ രമേഷ് പിഷാരടിക്കൊപ്പം ഒരുക്കിയ പ്രത്യേക ചാറ്റ് ഷോയുടെ വേദിയിലാണ്. മമ്മൂക്ക സിനിമയിൽ ഉപയോഗിച്ച ഷർട്ടുകൾ വീട്ടിൽ കൊണ്ടു പോയി അലക്കിത്തേച്ച് താൻ ഉപയോഗിക്കാറുണ്ടെന്ന് രമേഷ് പിഷാരടി പറഞ്ഞതോടെ മമ്മൂക്കയും പൊട്ടിച്ചിരിച്ചു. അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ. 

 

 

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയും മലയാളികളെ കാലങ്ങളായി പൊട്ടിച്ചിരിപ്പിക്കുന്ന രമേഷ് പിഷാരടിയും ചേർന്നൊരു ചാറ്റ് ഷോ. 

 

 

മമ്മൂട്ടി : സിനിമയിൽ ധർമ്മജൻ കരിമീൻ കൊണ്ടു വരുന്ന ഒരു സീനുണ്ടല്ലോ. ആ കരിമീൻ ഒറിജിനലാണോ അതോ ? എനിക്കത് ഓർമ്മയില്ല കാരണം ഞാനത് തൊട്ടു നോക്കിയില്ല.

 

പിഷാരടി: അത് നല്ല ഒറിജിനൽ കരിമീൻ തന്നെയാണ്. ധർമ്മജനൊരു സ്വാർത്ഥ ലാഭം പ്രതീക്ഷിച്ചിരുന്നു. ധർമ്മജന്റെ മീൻ കടയിൽ ഇക്കേനെ കൊണ്ടു വന്ന് മീൻ മേടിക്കുന്ന ഒരു സീൻ എഴുതി ഉണ്ടാക്കുക. ഇക്ക അവിടെ വന്ന് മീൻമേടിക്കും. അത് സിനിമയിൽ ഷൂട്ട് ചെയ്യും. അത് ഞങ്ങൾക്കൊരു പരസ്യമാകും. അങ്ങനെയൊരു കള്ളപ്ലാൻ ഞങ്ങൾക്കുണ്ടായിരുന്നു. ഞാൻ സീനെഴുതി. ഇക്കയുടെ അടുത്ത് ഞാൻ കഥ വായിക്കുമ്പോഴും ആ സീനുണ്ട്. ഇക്കയ്ക്കും അത് ഓക്കെയാണ്. പക്ഷേ പിന്നെ ഇക്ക ചോദിച്ചു എവിടെയാണ് ഇത് ഷൂട്ട് ചെയ്യുന്നതെന്ന് ? അപ്പോൾ ധർമ്മജന്റെ ചാലക്കുടിയിലുള്ള ഒരു ഷോപ്പിലാണ് ഷൂട്ട് ചെയ്യുന്നതെന്ന് പറ‍ഞ്ഞപ്പോൾ ഇക്ക ചോദിച്ചു അത് വലിയൊരു കടയല്ലേ  ഇൗ സിനിമയിലെ കഥാപാത്രം എന്നു പറയുമ്പോൾ ഇരുപതിനായിരം രൂപകൊണ്ട് ഒരു മാസം ജീവിക്കുന്നൊരാളാണ് ഒരിക്കലും അങ്ങനെ ഒരു ഷോപ്പിൽ പോയി മീൻ മേടിക്കില്ല എന്ന്. 

 

മമ്മൂട്ടി : അപ്പോൾ ആ പരിപാടി പൊളിഞ്ഞു.

 

Ganagandharvan Official Trailer | Mammootty | Ramesh Pisharody

പിഷാരടി: പരിപാടി പൊളിഞ്ഞു. ധർമ്മജൻ തന്നെ വീട്ടിൽ കൊണ്ടു മീൻ തരുന്ന രീതിയിൽ സീൻ എടുത്തു.

 

മമ്മൂട്ടി : അത് ധർമ്മജൻ കൊണ്ടു വന്ന കരിമീനാണോ?

 

പിഷാരടി: അല്ല അത് അവിടുത്തെ നാട്ടുകാരോട് പറഞ്ഞ് മേടിപ്പിച്ചതാണ്. ‌

 

മമ്മൂട്ടി : എന്നിട്ട് നിങ്ങൾ ആ കരിമീൻ എന്തു ചെയ്തു?

 

പിഷാരടി : അത് ഞങ്ങൾ പ്രൊഡക്‌ഷൻകാർക്കു കൊടുത്ത്  കറിവച്ചു ഞങ്ങളുടെ ചെറിയ ആഘോഷവേളകൾ ആനന്ദകരമാക്കി തീർത്തു. 

 

മമ്മൂട്ടി : അപ്പൊ സിനിമയിൽ ബാക്കി വരുന്ന പ്രോപ്പർട്ടീസൊക്കെ നീ എന്തു ചെയ്യും? 

 

പിഷാരടി: അത് വലിയ കഥയാണ്. എന്നോട് എഡിറ്റർ ചോദിച്ചു ഇതിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തത് പിഷാരടി ചേട്ടനാണോ എന്ന്. ഞാൻ പറഞ്ഞു അല്ല അതിന് വേറെ ആളുകൾ ഉണ്ട് എന്ന്. സിനിമയിൽ‌ മമ്മൂക്ക ഇട്ടിരിക്കുന്ന തരത്തിലുള്ള വസ്ത്രങ്ങളാണ് പിഷാരടി ചേട്ടൻ ഇട്ടിരിക്കുന്നതെന്നും അതുകൊണ്ടാണ് അങ്ങനെ ചോദിച്ചതെന്നും അവൻ പറഞ്ഞു. പക്ഷേ അവനറിയുന്നില്ലല്ലോ ഇക്ക സിനിമയിൽ ഇട്ടിരിക്കുന്ന ഷർട്ടുകളാണ് ഞാൻ എഡിറ്റിങ്ങിനു പോകുമ്പോൾ ഇട്ടു കൊണ്ടിരുന്നതെന്ന്. ആ ഷര്‍ട്ടുകൾ മുഴുവൻ ഞാൻ കൊണ്ടുപോയി അലക്കിത്തേച്ച് ഉപയോഗിച്ചു.

 

മമ്മൂട്ടി : അപ്പോൾ അത് ശമ്പളത്തിൽ കുറയ്ക്കുമോ? 

 

പിഷാരടി : ഇല്ല. ഇതിലെനിക്ക് ശരിക്കും നഷ്ടമാണുണ്ടായത്. ഈ സിനിമയിലെ ഉല്ലാസ് ഒരു സാധാരണക്കാരനായതു കൊണ്ട് ആകെ എട്ട് പത്ത് ഷർട്ടുകളെ ഇക്കയ്ക്ക് ഉണ്ടായിരുന്നുള്ളൂ. 

 

മമ്മൂട്ടി : അപ്പോൾ ഞാൻ നാലഞ്ച് സീനുകളിൽ ഒരു പത്ത് ദിവസം ഇട്ട് ഷർട്ട് നിങ്ങൾ വീണ്ടും അലക്കിത്തേച്ച് ഇട്ടല്ലേ?

 

പിഷാരടി : ഇട്ടുകൊണ്ടിരിക്കുകയാണ് ഇപ്പോഴും. അതു പോട്ടെ, ഈ സിനിമയുടെ കഥ പറയാൻ ഇക്കയുടെ അടുത്ത് ‍ഞാൻ വന്നത് ഒരു ജൂലൈ മാസത്തിലാണ്. കഥ പറയണം എന്നു പറഞ്ഞപ്പോൾ ഇക്ക പറഞ്ഞത് കോഴിക്കോട് ഒരു ഉദ്ഘാടനത്തിന് പോകുകയാണ് ‌ഇടപ്പള്ളിയിൽ നിന്ന് കാറിൽ കേറി കൊടുങ്ങല്ലൂർ വരെ കഥ പറയുക എന്നാണ്. അങ്ങനെ ഞാൻ ഇക്കയുടെ കാറിൽ കയറി. അപ്പോൾ പതിവു പോലെ രണ്ട് രണ്ടര സ്ക്വയർ ഫീറ്റിന്റെ ഒരു ഐപാഡിൽ ഇക്ക ഇങ്ങനെ നോക്കിയിരിക്കുകയാണ്. ഞാൻ പറ‍ഞ്ഞു ഇക്ക കഥ പറയാൻ ?  കഥ പറയാൻ ഞാനെന്താ കുഞ്ഞാണോ എന്ന് ഇക്കയുടെ ചോദ്യം. അപ്പോൾ തന്നെ തീർന്നു. കൊടുങ്ങല്ലൂരെത്തിയപ്പോൾ ഇക്ക പറഞ്ഞു ഒരു കാര്യം ചെയ്യ് പുറകെ വരുന്ന വണ്ടിയോട് വിടാൻ പറ നമുക്ക് കൊഴിക്കോട് പോകാം എന്ന് പറഞ്ഞ് എന്നെ കോഴിക്കോട് വരെ കൊണ്ടു പോയി. കഥ ഒഴിച്ച് ബാക്കി എല്ലാം പറഞ്ഞു. കോഴിക്കോട് എത്തുന്നതിന് അഞ്ച് മിനിട്ട് മുമ്പ് ഞാൻ ഒരു വരിയിൽ ഒരു കഥ പറഞ്ഞു. അപ്പോൾ ഇക്ക പറഞ്ഞു നീയിത് ഡവലപ് ചെയ്തോണ്ടു വാ നമുക്ക് ചെയ്യാം എന്നു പറഞ്ഞു. ആ ഒരു നിമിഷം എന്റെ ജീവിതത്തിലെ വലിയ ടേണിങ് പോയിന്റായി. ഈ കോഴിക്കോട് യാത്രയുടെ നാലു മണിക്കൂറും എന്താകും എന്ന ടെൻഷനിലാണ് ഞാനിരുന്നത്. എനിക്ക് ഒരു നോ കേട്ടിട്ട് കോഴിക്കോട് നിന്ന് തിരിച്ചു വരുന്നത് ആലോചിക്കാൻ പോലും വയ്യാത്തൊരു ‌അവസ്ഥയിലായിരുന്നു. 

 

മമ്മൂട്ടി: ഞാൻ യാത്രകളിലാണ് കഥ കേൾക്കുന്നത്. പണ്ട് ഡ്രൈവ് ചെയ്യുമായിരുന്നു. ഇപ്പോൾ അങ്ങനെ ഡ്രൈവ് ചെയ്യാറില്ല. പണ്ട് ഡ്രൈവ് ചെയ്യുമ്പോഴാണ് കഥകൾ കേൾക്കുന്നത്. അത് നല്ലതല്ല എന്ന് പലരും പറയാറുണ്ട്. പക്ഷേ ഡ്രൈവിങ് കണ്ണുകൊണ്ടല്ലേ ചെയ്യുന്നത് കാതുകൊണ്ടല്ലല്ലോ. കൂടുതൽ സമയവും കാറിലിരുന്നാണ് കഥകൾ കേൾക്കുന്നത്. കാരണം വേറെ ആളുകൾ വരില്ല. ഫോൺ വരില്ല. വേറെ ‍ശല്യങ്ങളൊന്നു മുണ്ടാവില്ല. പിന്നെ നിങ്ങളെപ്പോലെയുള്ളവരെ കിട്ടിക്കഴിഞ്ഞാൽ സിനിമയുടെ കഥ കേൾക്കുന്നതിനെക്കാൾ മറ്റുള്ള കഥകൾ കേൾക്കുന്നതാണ് എനിക്ക് ഇഷ്ടം.  നിങ്ങളെ കോഴിക്കോട്ട് കൊണ്ടുപോകാനുദ്ദേശിച്ചു തന്നെയാണ് വണ്ടിയിൽ കയറ്റിയത്. അതിപ്പോൾ ഞാൻ തുറന്ന് പറയുകയാണ്. 

 

പിഷാരടി : ഇക്കയുടെ കൈയ്യിൽ സിനിമകൾ ധാരാളം ഉണ്ട്. ഇത്രയും പടങ്ങൾ ഉള്ളപ്പോഴും എങ്ങനെയാണ് ഉല്ലാസ് പ്രിയപ്പെട്ടതായി മാറിയത്?

 

മമ്മൂട്ടി : ഗാനമേളയിലെ ആൾക്കാരെക്കുറിച്ചൊന്നും ഒരുപാട് സിനിമകൾ വന്നിട്ടില്ല. ട്രൂപ്പുകാരെപ്പറ്റിയോ അവരുടെ ലൈഫിനെപ്പറ്റിയോ അവരുടെ പ്രശ്നങ്ങളെപ്പറ്റിയോ അങ്ങനെ കഥകൾ വന്നിട്ടില്ല. നമ്മുടെ സിനിമ അതല്ല എങ്കിൽ പോലും മമ്മൂട്ടി ഇതുവരെ അഭിനയിച്ചിട്ടില്ലാത്ത കഥാപാത്രം എന്നു വേണമെങ്കിൽ പറയാം. നമ്മൾ അഭിനയിച്ചു തകർക്കാനൊന്നും പോകുന്നില്ല. എന്നാലും ഇതുവരെ ചെയ്യാത്ത റോൾ എന്ന് വളരെ സത്യസന്ധമായി പറയാൻ പറ്റിയൊരു റോൾ. 

 

പിഷാരടി : ഒരുപാട് പേർ ട്രെയിലർ കണ്ടപ്പോൾ ചോദിച്ചിരുന്നു. ബെസ്റ്റ് ആക്ടർ പോലുള്ള പടമാണോ എന്ന്. എന്നാൽ ഇതൊരു സംഗീത മോഹിയുടെ കഥയല്ല. പക്ഷേ ഇയാൾ ഒരു പാട്ടകാരനല്ലാതെ മാറ്റാരായാലും ഈ കഥയില്ല. ‍

 

മമ്മൂട്ടി : അതെ ഈ കഥയ്ക്ക് ഈ കഥാസന്ദർഭം ഉണ്ടാകില്ല. ഈ കഥയിൽ അയാൾക്ക് സംഭവിക്കുന്ന കാര്യം സംഭവിക്കില്ല അതാണ് ഈ സിനിമയ്ക്ക് ആകെ പറയാവുന്ന വ്യത്യാസം. 

 

പിഷാരടി : ഞാൻ ഇങ്ങനെ കഥ പറയാൻ പോകുന്ന കാര്യം പറഞ്ഞപ്പോൾ എല്ലാവരും പറഞ്ഞത്. നിനക്ക് അത് എളുപ്പമായിരിക്കും മമ്മൂക്കയെ കാണാൻ എന്നൊക്കെ. പക്ഷേ ഇക്ക പറഞ്ഞത് അങ്ങനെയല്ല. ‘ഒരാളുടെ കഴിഞ്ഞ സിനിമ വിജയിച്ചോ പരാജയപ്പെട്ടോ എന്നുള്ളത് ഞാൻ‌ നോക്കാറില്ല കാരണം. ഒരു സംവിധായകന്റെ ഒരു സിനിമ നന്നായി എന്നു പറഞ്ഞ് അടുത്ത സിനിമ നന്നാകും എന്ന് യാതൊരുവിധ ഗ്യാരന്റിയും ഇല്ല. ഈ സിനിമ എന്താണ്? ഈ സിനിമ എങ്ങനെ ചെയ്യും എന്ന് മാത്രമേ നോക്കാറുള്ളൂ’. 

 

മമ്മൂട്ടി: ഇപ്പോൾ ‘ഉണ്ട’യുടെ ഡയറക്ടറുടെയും പിഷാരടിയുടെയും ആദ്യ സിനിമകൾ സിനിമ ഓടിയ സിനിമകളായിരുന്നു. എന്നെ വച്ച് ചെയ്യുമ്പോൾ എനിക്ക് എന്തെങ്കിലും കാര്യങ്ങൾ പ്രത്യേകമായി ചെയ്യാൻ കാണും എന്ന് വിചാരിച്ചിട്ടാണ് കഥ കേൾക്കാമെന്ന് പറയുന്നത്. കേട്ടിട്ട് എനിക്ക് ഒട്ടും ഇഷ്ടക്കുറവ് തോന്നാതിരുന്ന ഒരു കഥ എന്നതും ഒരു കാരണം. പിന്നെ ഇതൊക്കെ സംഭവിക്കുന്നതാണ്, ചിലപ്പോൾ നമ്മൾ വിചാരിക്കുന്ന സിനിമ സമയത്ത് നടന്നുവെന്ന് വരില്ല. വിചാരിക്കാത്ത സിനിമയാകും പെട്ടെന്ന് ചെയ്യുന്നത്. 

 

പിഷാരടി: എന്റെ ഒരു ഭാഗ്യവും കൂടിയാകും. 

 

മമ്മൂട്ടി : ഭാഗ്യമോ നിർഭാഗ്യമോ ആവാം.

 

പിഷാരടി : എന്തു സംഭവിച്ചാലും എനിക്കത് ഭാഗ്യമാണ്. എന്റെ ആദ്യ സിനിമയിൽ ദാസേട്ടൻ ഒരു പാട്ടു പാടി. ഇപ്പോൾ എറണാകുളത്ത് ഒരു പാട്ടുകാരനെ വച്ച് പാടിക്കുന്നതു  പോലെ അത്ര എളുപ്പമല്ലത്. അപ്പോൾ എന്നോടിതിനെ കുറിച്ച് ഒരാൾ ചോദിച്ചപ്പോൾ ഞാൻ പറഞ്ഞത് ദാസേട്ടനിതിന്റെ ആവശ്യമില്ല. ഇതെന്റെ ആവശ്യമാണ്. നാളെ ഗൂഗിളിൽ അദ്ദേഹത്തിന്റെ പേരടിച്ചു നോക്കിയാൽ പ്രൊഫൈലിൽ എന്റെ പേരും കൂടി ചേരുക എന്നത് എന്റെ സ്വാർത്ഥതയാണ്. അതുപോലൊരു സ്വാർത്ഥതയാണ് ഇതും. ഞാൻ ഇക്കയുടെ അടുത്തേക്ക് വരുന്നതും ഈ കഥ പറഞ്ഞതും ഒക്കെ. നമ്മൾ സിനിമ മുറിച്ച് മുറിച്ച് എടുക്കുമ്പോൾ ചില സീനുകൾ എടുക്കുമ്പോൾ ഇക്ക ചില സജഷൻസ് പറയുന്നു. അത് അനുഭവം കൊണ്ടാണോ?

 

മമ്മൂട്ടി: അനുഭവം വളരെ കുറച്ച് മതിയാവും. ഒരു സിനിമ എടുക്കുമ്പോൾ അതിന്റെ ഒരു ഒഴുക്ക്  കഥയിലാണുള്ളത്. നമ്മുടെ അഭിനയത്തിൽ ഈ ഒഴുക്കൊന്നും കാണില്ല. ചില സമയത്ത് നിങ്ങൾ തിരക്കിട്ട് ഒരു ആംഗിൾ മുഴുവൻ അടിച്ചു തീർക്കും. എപ്പോഴും ആ ഫ്ലോ നമ്മുടെ മനസ്സിൽ ഉണ്ടാവണം. അപ്പോൾ ആ പ്രീവിയസ് ഷോട്ടിൽ എന്താണ് ചെയ്തതെന്ന് നമ്മുടെ മനസ്സിൽ  ഉണ്ടാവും. ഒരു കഥാപാത്രത്തിനെ കൊണ്ടു പോകുന്ന രീതി നമ്മൾ അറിഞ്ഞോ അറിയാതെയോ ഒക്കെ നമ്മുടെ മെമ്മറിയിൽ ഉണ്ടാവും. അത് റിലീസ് ചെയ്യുമ്പോഴാണ് ഇതൊക്കെ ഓട്ടോമാറ്റിക്കലായിട്ട് ശരിയാവുന്നത്. എനിക്ക് ഡബ്ബിങ്ങിലായാലും ഷൂട്ടിങ്ങിലായാലും വേരിയേഷൻസ് വളരെ ഇഷ്ടമാണ്. ഒരിക്കലും ഒരു ഷോട്ടിൽ ചെയ്തത് വീണ്ടും അതേ പോലെ എനിക്ക് ചെയ്യാൻ പറ്റില്ല. എനിക്ക് എന്നെ ആവര്‍ത്തിക്കാൻ പറ്റില്ല.  

 

പിഷാരടി : ഇക്ക 400 നടുത്ത് കഥാപാത്രങ്ങൾ ചെയ്തയാളാണ്. പല കഥാപാത്രങ്ങളിലും മൈന്യൂട്ടായിട്ടുള്ള കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് അഭിഭാഷകന്റെ കേസ് ഡയറിയിൽ ഇടത്തേ കൈ കൊണ്ട് എഴുതുന്നു, പല കഥാപാത്രങ്ങളുടെയും നടത്തത്തിൽ ശരീരഭാഷയിൽ ഒക്കെ ചെറിയ ചെറിയ വ്യത്യാസങ്ങൾ കൊണ്ടു വരുന്നുണ്ട്. ഈ സിനിമയിലും അങ്ങനെ കൊണ്ടു വരുന്നുണ്ട് അതെന്താണ് ? 

 

മമ്മൂട്ടി : ഇതിനകത്തങ്ങനെയൊരു മാനറിസം ഡെലിബറേറ്റായിട്ടില്ല. അങ്ങനെ വ്യത്യസ്തമായിട്ടൊരു മാനറിസം വേണമെങ്കിൽ മാത്രമേ അതിനെപ്പറ്റി ആലോചിക്കാറുള്ളൂ. ഭൂതക്കണ്ണാടിയിൽ അയാളൊരു സ്കീസോഫ്രീനിക് ആണ് ചെറുപ്പം മുതൽ. പിന്നീടാണത് മൂത്തു പോകുന്നത്. അയാളുടെ തല നേരെ നിൽക്കില്ല.. അത് ശ്രദ്ധിച്ചാൽ മാത്രമേ അറിയാൻ പറ്റൂ. 

 

പിഷാരടി : ബിഗ്ബിയിലെ ക്യാരക്ടറിന് എക്സ്പ്രഷനില്ല. ഇത് ഏത് പോയിന്റിലാണ് ഈ ക്യാരക്ടർ ഇത് പോലെ വേണമെന്ന് ഇക്ക തീരുമാനിക്കുന്നത്?

 

മമ്മൂട്ടി : അത് എപ്പോഴാണെന്ന് തീരുമാനിക്കാൻ പറ്റില്ല. നമ്മൾ ഓരോ സീനുകളും ചെയ്തു ചെയ്തു വരുമ്പോൾ ഇതിലേക്കു നമ്മളങ്ങു വീഴും. 

 

പിഷാരടി: തട്ടുകടയിൽ ബുൾസ് ഐ തിന്നുന്ന ഷോട്ട് എടുക്കാനായി ഇരുന്നപ്പോൾ ഷോട്ടിന് മുൻപേ തന്നെ രണ്ട് മൂന്ന് ബുൾസ് ഐ ഇക്ക കഴിച്ചു.

 

മമ്മൂട്ടി : ഈ ബുൾസ് ഐ ഒക്കെ എത്രനേരം നോക്കിക്കൊണ്ടിരിക്കും? ഏത് സീനിലും ഭക്ഷണം കഴിക്കുന്ന ഷോട്ടുണ്ടെങ്കിൽ എനിക്ക് രണ്ടു മൂന്ന് സെറ്റെങ്കിലും കൊണ്ടു തരേണ്ടി വരും. ഞാനത് അവിടെയിരുന്ന് കഴിച്ചുകൊണ്ടിരിക്കും. എനിക്കിപ്പോഴും ഓർമയുണ്ട് ബ്ലസ്സിയുടെ കാഴ്ച എന്ന സിനിമയിൽ കുട്ടനാടൻ കായലിലെ എന്ന പാട്ടിന്റെ രംഗത്തിൽ കള്ള് കുടിക്കുന്ന സീനുണ്ട്. അതിന്റെ കൂടെ കപ്പയും മീനും ഉണ്ട്. മൂന്ന് രാത്രിയാണ് ആ സീൻ എടുക്കാൻ എടുത്തത്. ഈ മൂന്ന് ദിവസവും പല തവണ കപ്പയും മീനും അവർക്ക് കൊണ്ടു വരേണ്ടി വന്നു. കാരണം കപ്പയും മീനും ഇടയ്ക്കിരുന്ന് ഞാൻ കഴിച്ചു തീർക്കും.

 

പിഷാരടി: അപ്പോൾ ഇക്ക ഭയങ്കര ഡയറ്റിങ്ങാണെന്ന് പറഞ്ഞ് പരത്തിയത് ആരാ ?

 

മമ്മൂട്ടി : ഡയറ്റിങ്ങൊക്കെ ഉണ്ട്. എന്നു വച്ച് കപ്പയും മീനും കാണുമ്പോൾ ഡയറ്റിങ് ആലോചിച്ചിട്ട് കാര്യമുണ്ടോ? വേണമെങ്കിൽ രണ്ടു ദിവസം ചോറും മറ്റും കഴിക്കാതിരിക്കാം. 

 

പിഷാരടി : നമ്മുടെ സിനിമയിൽ മനോജേട്ടൻ പറയുന്ന ഒരു ഡയലോഗ് ഉണ്ട്. ബിരിയാണിക്കു മുന്നിൽ അമിതാബ് ബച്ചനു പോലും പിടിച്ചു നിൽക്കാൻ പറ്റില്ല എന്ന്. ഇത് എന്റെ ഒരു കൂട്ടുകാരന്‍ സ്റ്റേജിൽ വച്ച് പറഞ്ഞതാണ്. അവൻ പറഞ്ഞത് പക്ഷേ, ബിരിയാണിക്കു മുന്നിൽ മമ്മൂട്ടിക്കു പോലും പിടിച്ചു നിൽക്കാൻ പറ്റില്ലെന്നാണ്. ഞാൻ അത് നമ്മുടെ സിനിമയിൽ അമിതാബ് ബച്ചൻ എന്നാക്കി എന്നേയുള്ളൂ. കാരണം ഒരു ഹോട്ടലില്‍വച്ച് നടത്തിയ പരിപാടിയിൽ  മിമിക്രി അവതരിപ്പിക്കാനായി സ്റ്റേജിൽ കയറിയപ്പോൾ ഭക്ഷണം റെഡിയായിട്ടുണ്ട് എന്ന് ഒരു അനൗൺസ്മെന്റ് വന്നു. ഉടനെ കാണാനിരുന്നവർ മുഴുവൻ എഴുന്നേറ്റ് പോയി. അപ്പോൾ അവൻ പറഞ്ഞതാണ് ഈ ഡയലോഗ്. 

 

പിഷാരടി : ആയിരക്കണക്കിന് ആളുകളുടെ മുന്നിൽ നിന്ന് പാടുന്ന രംഗം നമ്മൾ ചെയ്തു. സാധാരണ ഇക്ക സ്റ്റേജിൽ കയറിയാൽ മിതത്വം പാലിക്കുന്ന ഒരാളാണല്ലോ ?

 

മമ്മൂട്ടി : സ്റ്റേജിൽ മമ്മൂട്ടി അല്ലേ കയറുന്നത്. ഇവിടെ കഥാപാത്രം അല്ലേ. ആളുകൾ എങ്ങനെ റിയാക്റ്റ് ചെയ്യുമെന്ന ചെറിയ പേടിയൊക്കെ എനിക്കുണ്ട് എന്നു വച്ചോളൂ. 

 

പിഷാരടി: എനിക്ക് ഒരു ചീത്ത കേൾക്കേണ്ടി വന്നിട്ടുണ്ട് ഷൂട്ടിങ്ങിനിടയിൽ. കാരണം ഒരു പാട്ട് എടുക്കാൻ വേണ്ടി ഇക്കയ്ക്ക് ഒരു കൂളിങ് ഗ്ലാസ് ഒക്കെ തന്ന് താഴെ ഫ്ളിക്കർ ലൈറ്റൊക്കെ ഇട്ട് ആ സീൻ ഒന്നു രണ്ടു പ്രാവശ്യം എടുത്തിട്ടും ശരിയാകാതെ വന്നപ്പോൾ ഇക്ക വിളിച്ചിട്ടു പറഞ്ഞ് എടോ ഇക്കണ്ട ആൾക്കാരു മുഴുവൻ ഞാനിത് തെറ്റിക്കുമെന്ന് വിചാരിക്കും. ഈ ലൈറ്റും അടിച്ച് കൂളിങ് ഗ്ലാസും വച്ച് കഴിഞ്ഞാൽ ഈ വരി തനിക്ക് വായിക്കാൻ പറ്റുമോ എന്ന് ? പിന്നെ ഫ്ളിക്കർ ഓഫ് ചെയ്തിട്ടാണ് നമ്മൾ ആ സീനെടുക്കുന്നത്. 

 

മമ്മൂട്ടി: ആളുകൾ വിചാരിക്കും. നമ്മൾ സ്റ്റേജിൽ പാടുന്ന പാട്ടുകളെല്ലാം ഈ സിനിമയ്ക്കു വേണ്ടി ഉണ്ടാക്കിയ പാട്ടുകളാണോ എന്ന്. അങ്ങനെയല്ല. യഥാർത്ഥ ഗാനമേളകളിൽ മറ്റു സിനിമകളിലെ പാട്ടു പാടുന്നതു പോലെയാണ് ഈ സിനിമയിലും മറ്റു സിനിമകളിലെ പാട്ടാണ് സ്റ്റേജുകളിൽ പാടുന്നത്. 

 

പിഷാരടി : ഇതിൽ പാടിയ ഉണ്ണിമേനോൻ ചേട്ടന്‍ പറഞ്ഞത്  ഒരുപാട് നാളുകൾക്കു ശേഷമാണ് ഒരുപാട് അഭിനേതാക്കൾക്ക് ഒപ്പം ഇങ്ങനെ ഒരുമിച്ച് സമയം ചെലവഴിച്ചത് എന്ന്.

 

മമ്മൂട്ടി: ഷൂട്ടിങ്ങൊക്കെ ഭയങ്കര രസമായിരുന്നു. ഒരു കല്ല്യാണം പോലെ ആയിരുന്നു. എല്ലാ ബന്ധക്കളും സുഹൃത്തുക്കളും വരില്ലേ അതുപോലെ ഒട്ടും ടെൻഷനില്ലാതെ മഴയൊക്കെ ഉണ്ടായിരുന്നെങ്കിലും വർക്കിനെ ബാധിച്ചില്ല.

 

പിഷാരടി : ഇക്ക പറഞ്ഞതിനുശേഷ മാണ് സിങ്ക് സൗണ്ട് ആക്കാം എന്ന് തീരുമാനിക്കുന്നത്. ഇക്ക ആദ്യം ഇത് പറഞ്ഞപ്പോൾ എനിക്ക് വളരെ പേടിയായിരുന്നു.

 

മമ്മൂട്ടി : എന്റെ എക്സ്പീരിയൻസ് കൊണ്ടു പറഞ്ഞതാണ്. നിങ്ങൾ ആളുകളെ ഒന്നും പേടിക്കേണ്ട. അവരൊക്കെ സൈലന്റായിക്കൊള്ളും. അതൊക്കെ അങ്ങനെ തന്നെ സംഭവിച്ചില്ലേ. 

 

പിഷാരടി: ഞാന്‍ പേടിച്ചിരുന്ന സിങ്ക് സൗണ്ടിന്റെ ആ ഏരിയയും ഈ സിനിമയ്ക്കു ഒരു നല്ല ജീവൻ കൊടുത്തു.

 

മമ്മൂട്ടി: ഡബ്ബ് ചെയ്യുമ്പോൾ ഒരു ബ്രീത്ത് നമ്മുടെ നെഞ്ചെത്ത് എപ്പോഴും കിടക്കും. ഈ സിങ്ക് പിടിക്കാൻ വേണ്ടി. അല്ലെങ്കിൽ ലിപ് കറക്റ്റ് ചെയ്യാൻ വേണ്ടി. അത് സിങ്ക് സൗണ്ട് എടുക്കുമ്പോൾ ഇല്ല.

 

പിഷാരടി: ഡയലോഗ് കാണാതെ പഠിക്കണമല്ലോ.

 

മമ്മൂട്ടി: അതു മാത്രമേയുള്ളൂ. പക്ഷേ, നമുക്ക് സ്വതന്ത്രമായി എങ്ങനെ വേണമെങ്കിലും മോഡുലേറ്റ് ചെയ്യാം.  ഡയലോഗിനു വേണ്ടി വെയ്റ്റ് ചെയ്യേണ്ട. അഭിനയം കുറച്ചു കൂടി ഭംഗിയാവും. 

 

പിഷാരടി: ഇന്നസന്റ് ചേട്ടനുവേണ്ടി എക്സ്ട്രാ മൈക്കൊക്കെ പിടിപ്പിച്ചപ്പോൾ ചേട്ടൻ ചോദിച്ചു ഇതെന്തിനാ ഇത്രയും മൈക്ക്. സിങ്ക് സൗണ്ട് ആണ് എന്നു പറഞ്ഞപ്പോൾ അപ്പോൾ പ്രോംപ്റ്റിങ് ഉണ്ടാവുമോ എന്നു ചോദിച്ചു. ഇല്ല ഡയലോഗ് കാണാതെ പഠിക്കണം എന്നു പറഞ്ഞപ്പോൾ. ഓ എട്ടാം ക്ലാസിലെ പുസ്തകം പോലും കാണാപ്പാഠം പഠിക്കാത്ത എന്നെ നീ നിന്റെ സിനിമയിലെ ഡയലോഗ് മുഴുവൻ കാണാപ്പാഠം പഠിക്കേണ്ട അവസ്ഥയിലാക്കി എന്നു പറഞ്ഞു. പക്ഷേ, എല്ലാവരും ഡയലോഗ് കാണാപ്പാഠം പഠിച്ച് തന്നെ അഭിനയിച്ചു. 

 

മമ്മൂട്ടി : ആ ഒരു സുഖം പടത്തിനുമുണ്ടാകും.  

 

പിഷാരടി : ഞാൻ മധു സാർ ഷീലാമ്മ തൊട്ട് ഏറ്റവും പുതിയ നടന്മാരെ വരെ ഇന്റർവ്യൂ ചെയ്തിട്ടുണ്ട്. ഇപ്പോൾ ഇതൊരു ഇന്റർവ്യൂ അല്ലെങ്കിലും ഔദ്യോഗികമായി സിനിമയുടെ ഷൂട്ടിങ് തിരക്കുകള്‍ക്കിപ്പുറം ഇക്കയോടൊപ്പം ഒരു പടം ചെയ്യുമ്പോൾ എന്നെ പോലൊരാൾക്ക് ഒരു സ്വപ്നസാക്ഷാത്കാരം എന്നതിനപ്പുറം കുറേ അനുഭവങ്ങൾ കിട്ടുന്നുണ്ട്. അത് ബോധപൂർവ്വം തരുന്നതായിരിക്കാം. അല്ലായിരിക്കാം. 

 

മമ്മൂട്ടി : അങ്ങനെ ബോധപൂർവ്വം തരാനായിട്ടുള്ള വിവരം ഉള്ള ആളല്ല ഞാൻ. എനിക്കറിയാവുന്ന കാര്യങ്ങൾ എനിക്കറിയാം. എനിക്കറിയാത്ത കാര്യങ്ങൾ അറിയാവുന്നവരോട് ചോദിക്കാറുണ്ട്. ഇപ്പോൾ നിങ്ങൾ പറഞ്ഞ് കുറേ കാര്യങ്ങൾ ഞാൻ അറി‍ഞ്ഞില്ലേ.  

 

പിഷാരടി : ഈ സിനിമയിൽ ഇക്ക ഒരു നുണ പറയുന്ന സീനുണ്ട്. അപ്പോൾ ഞാനിക്കയോട് പറഞ്ഞത് വീട്ടുകാരെ പറ്റിക്കാൻ ഇക്ക പറയുന്നൊരു നുണയാണിത്. അപ്പോൾ നുണയാണ് പറയുന്നതെന്ന് മനസ്സിലാക്കി ഇത്തിരി എക്സാജറേറ്റ് ചെയ്തിട്ടാണ് ഇത് ചെയ്യേണ്ടതെന്ന് പറഞ്ഞു. അത് മാത്രം എന്റടുത്ത് ഇക്ക ഇല്ല എന്നു പറഞ്ഞു. അപ്പോൾ ഇക്ക എന്റടുത്ത് പറഞ്ഞത് ഒരാൾ നുണ പറയുമ്പോഴാണ് ഏറ്റവും സത്യസന്ധമായി പറയുമ്പോലെ കാണിക്കുക. നുണ മറ്റുള്ളവനെ കൺവിൻസ് ചെയ്യാൻ വളരെ സത്യസന്ധമായിട്ടായിരിക്കും പെർഫോം ചെയ്യുക അതാ സീനിലുണ്ട് നീയെഴുതിയ ഡയലോഗിലുണ്ട് അതുകൊണ്ട് ഈ നുണ ‍ഞാൻ ഏറ്റവും സ്വാഭാവികമായി പറയും.

 

മമ്മൂട്ടി : നമ്മളീ ബണ്ടിൽ അടിക്കുക എന്നു പറയില്ലേ

 

പിഷാരടി : എന്നു പറഞ്ഞാൽ

 

മമ്മൂട്ടി : ഈ വലിയ വലിയ കാര്യങ്ങളൊക്കെ ഞാൻ ചെയ്തു എന്നു പറയുക.

 

പിഷാരടി : തള്ളുക

 

മമ്മൂട്ടി : അതല്ല ഇപ്പം ഞാൻ രാത്രി ഒരു ഒൻപത് മണിക്ക് പുറത്തിറങ്ങിയപ്പോൾ എന്റെ വീടിന്റെ വാതിൽക്കൽ ഒരു പുലി എന്നൊക്കെ ചിലർ പറയുന്നത് കേട്ടാൽ തോന്നും ശരിയാണെന്ന്. ഇവൻ പറയുന്നതും മുഴുവനും പക്ഷേ കള്ളമാണ്. അങ്ങനെ ഒന്ന് ആലോചിച്ചു നോക്കിയേ. നുണ പറയുമ്പോൾ കുറച്ചു കൂടി സ്വാഭാവികമാക്കും. 

 

പിഷാരടി : ചിലർ ചോദിച്ചു മമ്മൂക്കയെ വച്ച് സിനിമ ചെയ്തപ്പോൾ പേടി ഉണ്ടായിരുന്നോ എന്ന് ?

 

മമ്മൂട്ടി : ഞാൻ ആരെയും പേടിപ്പിക്കാറില്ല. അതൊക്കെ ഓരോരുത്തരുടെയും ബഹുമാനം കൊണ്ടായിരിക്കാം അങ്ങനെ തോന്നുന്നത്. ഞാൻ സാധാരണക്കാരനായി തന്നെയാണ് എല്ലാവരോടും പെരുമാറുന്നത്. 

 

പിഷാരടി:  ഗാനഗന്ധർവ്വൻ എന്ന സിനിമ താരതമ്യേന തുടക്കക്കാരനായ എന്റെ ഒരു ആഗ്രഹത്തോടൊപ്പം മമ്മൂക്ക എന്ന വലിയൊരു നടന്റെ വരവും കൂടി ആയപ്പോൾ സാധിച്ച ഒരു കാര്യമാണ്. എന്നെക്കൊണ്ട് പറ്റുന്ന രീതിയിൽ മനോഹരമായി ചെയ്തിട്ടുണ്ട്. കാരണം പത്തിരുപത് വർഷം സ്റ്റേജിലും ടിവിയിലുമെല്ലാം പരമാവധി എന്തെങ്കിലും ഒക്കെ പുതുമകൾ വച്ച് എന്റർടെയിൻ ചെയ്യിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ട് നിങ്ങൾക്കും അങ്ങനെ തന്നെയുണ്ടാകും എന്ന് ഞാൻ വിശ്വസിക്കുന്നു.

 

മമ്മൂട്ടി : ഇങ്ങനെ ഒരു സിനിമ സംഭവിച്ചിരിക്കുകയാണ്. പിഷാരടി എന്ന സംവിധായകന്റെ കഠിപ്രയത്നം ഈ സിനിമയിലുടനീളമുണ്ട്. വളരെ സൗഹൃദ പരമായ അന്തരീക്ഷത്തിലാണ്  ഷൂട്ട് നടന്നത്. കഥയ്ക്കും അങ്ങനെയൊരു ലാളിത്യം ഉണ്ട്. വളരെ ലളിതമായ കഥ അതിനേക്കാൾ ലളിതമായി പറഞ്ഞിട്ടുള്ള ഒരു സിനിമ. അപൂർവമായിട്ടാണ് എനിക്ക് ഇങ്ങനെയൊക്കെയുള്ള ഒരു വേഷത്തിൽ വരാൻ സാധിക്കുന്നത്. ഇതാണ് ഈ സിനിമയിൽ എന്നെ ആകർഷിച്ചിട്ടുള്ളത്. നിങ്ങൾക്കും അങ്ങനെ തന്നെയാ യിരിക്കും എന്ന് വിശ്വസിക്കുന്നു. സിനിമ കാണാനും ഇഷ്ടപ്പെടാനും ഇഷ്ടപ്പെടാതിരിക്കാനും ഉള്ള അവകാശം നിങ്ങൾക്കുള്ളതാണ് അത് സത്യസന്ധമായി ഉപയോഗിക്കുക.

Watch Full Video in Youtube

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com