ADVERTISEMENT

തണ്ണീർമത്തനിലെ രവി പദ്മനാഭനിൽ നിന്നും സൗമ്യനായ മനോഹരനിലേയ്ക്ക് കൂടുമാറി വിനീത് ശ്രീനിവാസൻ. താരം നായകനാകുന്ന പുതിയ ചിത്രം മനോഹരം തിയറ്ററുകളിലെത്തിയിരിക്കുകയാണ്. പുതുമുഖം അപർണയാണ് നായിക. സിനിമയുടെ വിശേഷങ്ങളുമായി വിനീത് ശ്രീനിവാസൻ...

 

മനോഹരത്തിൽ നിന്നും തണ്ണീർമത്തനിലേയ്ക്ക്

 

മനോഹരം എന്ന സിനിമയില്‍ കുറച്ച് കോംപ്ലക്സ് ഉള്ള കാരക്ടറാണ്. ഒരു ആർട്ടിസ്റ്റ്. പക്ഷേ കാലത്തിനനുസരിച്ച് മാറിയിട്ടില്ല. എന്നാൽ അത് വെളിയിൽ കാണിക്കാത്ത രീതിയിൽ പെരുമാറുന്നു. സാമ്പത്തികമായിട്ട് എവിടെയും എത്തിയിട്ടില്ല എന്ന ഒരു പ്രശ്നം ഉള്ളിലുണ്ട്. ആ തോന്നലുകൾ ഒക്കെ മാറ്റിവച്ച് വിജയിക്കാൻ വേണ്ടി നടത്തുന്ന ശ്രമങ്ങളാണ് സിനിമ പറയുന്നത്.

 

തണ്ണീർമത്തനിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥാപാത്രമാണ് ഈ സിനിമയിലേത്. വളരെ ഒതുങ്ങി നിൽക്കുന്ന നായകൻ. ചൂടാകുന്നത് തന്നെ സ്വപ്നത്തിലൊക്കെയാണ്. മനോഹരം ചെയ്തു കഴിഞ്ഞതിനു ശേഷമാണ് തണ്ണീർമത്തനിൽ അഭിനയിക്കാൻ പോകുന്നത്.

 

ചെയ്തുവന്ന കഥാപാത്രത്തിന്റെ നേർവിപരീത സ്വഭാവമുള്ള ആൾ. എനിക്ക് ആ കഥാപാത്രത്തിലേക്ക് കേറാനേ പറ്റുന്നില്ല. ഡയലോഗ് മറന്നു പോകുന്നു. ഇങ്ങനയൊക്കെ ചെയ്താൽ ഓവറാകുമോ എന്ന് ആലോചന. ആദ്യ ദിവസങ്ങളിൽ ഭയങ്കര സംശയമായിരുന്നു. പിന്നെ സ്ക്രിപ്റ്റ്, ഗിരീഷ് വായിച്ചു തരുന്ന സമയത്തുള്ള ആത്മവിശ്വാസം ഉണ്ടല്ലോ?. ബ്രേക്ക് ടൈമിലൊക്കെ അതിരുന്നു ആലോചിക്കാന്‍ തുടങ്ങി. ഇതു തന്നെയാണ് ആ കഥാപാത്രത്തിന്റെ ഗ്രാഫ് ഇതിങ്ങനെ തന്നെയാണ് പിടിക്കേണ്ടതെന്ന് ഉറപ്പിച്ചു. പിന്നെ ഡയറക്ടർ ഗിരിഷ് പറയുന്നതു തന്നെ ഫോളോ ചെയ്താണ് ആ കഥാപാത്രത്തിലേക്ക് അടുത്തത്. മൂന്ന് നാല് ദിവസമായപ്പോഴേക്കും കഥാപാത്രം ആസ്വദിക്കാൻ തുടങ്ങി. കുഞ്ഞിരാമായണത്തിലും ഇതേ പോലെ ആസ്വദിച്ച് ചെയ്ത കഥാപാത്രമാണ്. 

 

ധ്യാനിന്റെ സംവിധാനം

 

ഒരു ലൊക്കേഷനിൽ ചെല്ലുമ്പോൾ അവിടെ ആരാണ് ഡയറക്ടർ എന്നത് മനസ്സു കൊണ്ട് സ്വീകരിച്ചാണ് പോകുന്നത്. അല്ലാതെ ഇവനൊക്കെ എങ്ങനെ സംവിധായകൻ ആയി എന്നൊക്കെ ചിന്തിച്ചല്ലല്ലോ? അപ്പോള്‍ ധ്യാൻ  സംവിധായകൻ ആണെന്നുള്ള ബോധ്യത്തോടെയും ആദരവോടെയുമാണ് അവിടെ നിന്നത്. പിന്നെ ധ്യാനിന്റെ ഹ്യൂമർ എന്നു പറയുന്നത് അവന്റെ മാത്രം ഹ്യൂമറാണ്. ധ്യാൻ പറയുന്ന ഹ്യൂമറിന്റെ ഗ്രാഫ് അവൻ പറയുന്നതു പോലെ തന്നെ പിടിച്ച് ചെയ്യണം. അത് നമ്മുടെ സ്റ്റൈലിൽ അല്ല ചെയ്യേണ്ടത്. അത് എന്താണെന്ന് മനസ്സിലാക്കി അത് ‍ഡെലിവർ ചെയ്യാനാണ് ഞാൻ ശ്രമിച്ചിരിക്കുന്നത്. 

 

പിന്നെ ആകെ ചെയ്തിരിക്കുന്ന സൂത്രപ്പണി എന്നു പറഞ്ഞാൽ ഫൈറ്റ് രംഗത്തിലെ ഒരു സീനാണ്. ലവ് ആക്‌ഷൻ ഡ്രാമയിൽ നിവിനുമൊത്തുള്ള ഫൈറ്റ് രംഗമുണ്ട്. എനിക്ക് ഈ ഫൈറ്റ് സീൻ വലിയ കഷ്ടപ്പാടാണ്. 

 

ഞാൻ ധ്യാനിനോട് പറഞ്ഞു, ‘ആദ്യം തന്നെ എന്നെ അടിച്ച് താഴെയിട്’. അപ്പോൾ പിന്നെ ഇവൻമാർ അടിച്ചോളുമല്ലോ. അതുകൊണ്ട് വലിയ തടി കേടാകാതെ രക്ഷപ്പെട്ടു. അത് ധ്യാനായതു കൊണ്ടു നടന്നു. വേറൊരു ഡയറക്ടറോട് ചെന്ന് പറയാൻ പറ്റില്ലല്ലോ. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com