ADVERTISEMENT

പൊതുപരിപാടി ഉദ്ഘാടനത്തിനു വളര്‍ത്തുപട്ടിയെയും കൂട്ടി വന്നതിന് വിമര്‍ശനം ഉന്നയിച്ച അധ്യാപികയ്ക്ക് മറുപടിയുമായി നടന്‍ അക്ഷയ് രാധാകൃഷ്ണന്‍. കോളജ് ഉദ്ഘാടനത്തിന് അതിഥിയായെത്തിയ അക്ഷയ് തന്റെ പ്രിയ വളര്‍ത്തുപട്ടിയെ കൂടെ കൂട്ടിയിരുന്നു. എന്നാൽ ഈ നായ കാരണം പരിപാടിയിൽ ബുദ്ധിമുട്ട് ഉണ്ടായെന്നും ഇനി ഈ നടനെ വിളിക്കുമ്പോൾ മറ്റുള്ളവർ സൂക്ഷിക്കണം എന്നുമായിരുന്നു അധ്യാപിക സമൂഹമാധ്യമത്തില്‍ കുറിച്ചത്.

 

തനിക്കൊപ്പം പട്ടിയെയും കൂട്ടാന്‍ കോളജിലെ കുട്ടികള്‍ ആവശ്യപ്പെട്ടിരുന്നതായും എവിടെയെങ്കിലും ആര്‍ക്കെങ്കിലും അവനെ കൊണ്ട് ഒരു ഉപദ്രവം ഉണ്ടായി എന്നറിഞ്ഞാല്‍ പരസ്യമായി ഞാന്‍ വന്നു ടീച്ചറോട് മാപ്പ് ചോദിക്കാം- അക്ഷയ് മറുപടിയായി കുറിച്ചു. അധ്യാപികയുടെ കുറിപ്പിന് താഴെയായാണ് മറുപടിയായി അക്ഷയ് ഇങ്ങനെ എഴുതിയത്.

 

അധ്യാപികയുടെ കുറിപ്പ്: 18-ാം പടി എന്ന സിനിമയിലഭിനയിച്ച അക്ഷയ് രാധാകൃഷ്ണൻ (അയ്യപ്പൻ ) എന്ന നടനെ ഉദ്ഘാടനത്തിനും മറ്റും വിളിക്കുമ്പോൾ സൂക്ഷിക്കുക. അയാളുടെ പട്ടിയും വേദിയിലുണ്ടാവും.പരിപാടിക്കിടയിൽ സ്റ്റേജിലൂടെ പട്ടി അലഞ്ഞു തിരിയും. പിൻകർട്ടനിലും സ്പീക്കറിലുമൊക്കെ മൂത്രമൊഴിക്കും. അനുഭവമാണ്....

 

അക്ഷയ്‌യുടെ മറുപടി: പ്രിയപ്പെട്ട മിനി ടീച്ചർ,ടീച്ചർ എന്നെ പഠിപ്പിച്ചിട്ടില്ല, എങ്കിലും ടീച്ചർ എന്ന് വിളിക്കുന്നത് ഞാൻ ആ പദവിയെ ബഹുമാനിക്കുന്നത് കൊണ്ടാണ് !ഈ അയ്യപ്പൻ ആവുന്നതിനു മുൻപ് ഒരു അക്ഷയ് രാധാകൃഷ്ണൻ ഉണ്ടായിരുന്നു. അന്ന് ഈ വിമർശിക്കുന്നവരോ നാട്ടുകാരോ എന്തിനു ചില ബന്ധുക്കൾ പോലും എന്റെ കൂടെ ഇല്ലായിരുന്നു. അന്നും ഇന്നും എന്റെ കൂടെ ഉണ്ടായിരുന്ന ഒരേ ഒരാൾ വീരൻ മാത്രമാണ്.

 

അച്ഛനും അമ്മയ്ക്കും ചേച്ചിക്കും ശേഷം ഒന്നും പ്രതീക്ഷിക്കാതെ എന്നെ സ്നേഹിക്കുന്ന ഒരേ ഒരാളും ഈ വീരൻ ആണ്. ഇതുവരെ വീരൻ ഒരാളെ പോലും ഉപദ്രവിച്ചിട്ടില്ല, ഉപദ്രവിച്ചിട്ടില്ല എന്ന് മാത്രമല്ല, വീരനെ പരിചയപെട്ടവർക്ക് എല്ലാം എന്നെക്കാൾ കൂടുതൽ വീരനെ ഇഷ്ടപ്പെട്ടിട്ടേ ഒള്ളു. ആദ്യം എന്നെ കാണാൻ വരുന്നവർ പിന്നീട് വീരനെ കാണാൻ ആണ് വന്നിട്ടുള്ളത്. വീരനുമായി എവിടെയും പോകാം എന്ന ധൈര്യം എനിക്കുണ്ട്. 

 

വെറും ഒരു വയസായ കുഞ്ഞിനെ നിങ്ങൾ ആരെങ്കിലും ഒറ്റയ്ക്ക് ഇരുത്തി പോവാറുണ്ടോ,പ്രത്യേകിച്ച് നിങ്ങൾ ഇല്ലാതെ അവർക്ക് പറ്റാത്ത ഒരവസ്ഥ വന്നാൽ. അതുപോലെ തന്നെ ആണ് എനിക്ക് വെറും ഒരു വയസ് മാത്രം പ്രായമുള്ള എന്റെ വീരനും. അവന് ഞാൻ ഇല്ലാതെ പറ്റില്ല. എവിടെയെങ്കിലും ആർക്കെങ്കിലും അവനെ കൊണ്ട് ഒരു ഉപദ്രവം ഉണ്ടായി എന്നറിഞ്ഞാൽ പരസ്യമായി ഞാൻ വന്നു ടീച്ചറോട് മാപ്പ് ചോദിക്കാം.

 

വീരന് ഇതുവരെ ഒരു ചടങ്ങിലോ പൊതുസ്ഥലത്തൊ മൂത്രമൊഴിചിട്ടില്ല, വീട്ടിന്റെ ഉള്ളിൽ വളർന്ന നായ ആയത് കൊണ്ട് വളരെ വൃത്തിയുള്ള ഒരു ജീവി തന്നെ ആണ് വീരൻ. പൊതുവെ വൃത്തിഹീനമായ സ്ഥലങ്ങളിൽ മാത്രമേ വീരൻ മൂത്രമൊഴിക്കാറുള്ളു, അതിൽ ഞാൻ എല്ലാവരോടും ക്ഷമ ചോദിക്കുന്നു. പിന്നെ ഒരു വലിയ കാര്യം കൂടി ടീച്ചറെ അറിയിക്കട്ടെ,വീരൻ ക്ഷണിക്കപ്പെട്ട അഥിതി ആണ്. 

 

എന്നെ ഈ ചടങ്ങിലേക്ക് ആദ്യം വിളിച്ചപ്പോൾ കോളജിലെ കുട്ടികൾ പറഞ്ഞത് തന്നെ വീരനെയും ഉറപ്പായും കൊണ്ട് വരണം എന്നാണ്. അതിന്റെ ഉദാഹരണം ആണ് സ്റ്റേജിലേക്ക് വീരനെ കേറ്റിയപ്പോൾ ഉണ്ടായ വലിയ കൈയ്യടി. അതുകൊണ്ട് പട്ടിയെയും കൊണ്ട് വലിഞ്ഞു കേറി വന്നു എന്ന് പറയരുത്. ഞാൻ മൂലമോ വീരൻ മൂലമോ ആർക്കെങ്കിലും എന്തെങ്കിലും വിഷമങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിൽ ഞാൻ ക്ഷമ ചോദിക്കുന്നു. പറയാം,തിരിഞ്ഞു നോക്കാൻ ഒരു പട്ടിയും ഇല്ലായിരുന്നു എന്നൊക്കെ ഓരോത്തർ പറയില്ലേ,പക്ഷേ എന്റെ കൂടെ ഒരു പട്ടി ഉണ്ടായിരുന്നു, അത് കൊണ്ട് പറഞ്ഞു പോയതാണ്.

 

അക്ഷയ്‌യുടെ മറുപടിയിൽ വീണ്ടും ചോദ്യവുമായി അധ്യാപിക എത്തി. ‘താങ്കളുടെ മറുപടി ഇഷ്ടപ്പെട്ടു. ഒരപേക്ഷയുണ്ട് സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഞങ്ങളുടെ കോളജ് പോലുള്ള 'വൃത്തിഹീനമായ ' (താങ്കളുടെ ഭാഷയിൽ) ഇടങ്ങളിൽ കൊണ്ടുവരുമ്പോൾ വേണ്ട മുൻകരുതലുമായി വരുമല്ലോ. താങ്കളുടെ സ്വകാര്യഇഷ്ടങ്ങളെ മാനിച്ചുകൊണ്ടുതന്നെ പറയട്ടെ .അതല്ലെങ്കിൽ അനിഷ്ടമുണ്ടാകുന്ന മനുഷ്യരും ഈ ഭൂമിയിൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. അവർക്ക് സ്വന്തം അഭിപ്രായം പറയാനുള്ള സ്വാതന്ത്ര്യവുമുണ്ട്. അത് വിനിയോഗിക്കേണ്ടത് എന്റെ കടമയാണെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. ഇനി ഒരു മറുപടി താങ്കൾക്കെഴുതുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല എന്നുകൂടി പറഞ്ഞു കൊള്ളട്ടെ. എന്റെ വിവേകവും ശരികളും നിങ്ങളുടേതിൽ നിന്ന് വളരെ ഭിന്നമായതുകൊണ്ട് നമ്മൾ തമ്മിൽ തർക്കിക്കുന്നത് വൃഥാവ്യായാമമായിപ്പോകും.’–അധ്യാപിക പറഞ്ഞു.

 

പതിനെട്ടാം പടി എന്ന ചിത്രത്തില്‍ അയ്യപ്പന്‍ എന്ന നായക കഥാപാത്രത്തെ അവതരിപ്പിച്ച നടനാണ് അക്ഷയ്. ശങ്കര്‍ രാമകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com