ADVERTISEMENT

മലയാളികളെ പൊട്ടിച്ചിരിപ്പിച്ച വെള്ളിമൂങ്ങയിലെ മാമച്ചനു ശേഷം സംവിധായകൻ ജിബു ജേക്കബും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് ആദ്യരാത്രി. കുട്ടനാടിന്റെ പശ്ചാത്തലത്തിൽ ഒരു ചിരിപ്പൂരത്തിന് തിരികൊളുത്തുന്ന ചിത്രത്തിനായി പ്രേക്ഷകരും കാത്തിരിക്കുകയാണ്. മോഹൻലാൽ നായകനായെത്തിയ മുന്തിരിവള്ളികൾ തളിർക്കുമ്പോൾ എന്ന ചിത്രത്തിനു ശേഷം തന്റെ മൂന്നാമത്തെ ചിത്രമായ ആദ്യരാത്രിയിലേക്കെത്തുമ്പോൾ മുല്ലക്കര എന്ന ഗ്രാമത്തിന്റെ കഥപറച്ചിലുകാരൻ ആവുകയാണ് സംവിധായകൻ. അജു വർഗീസിന്റെയോ ബിജു മേനോന്റെയോ അല്ല, 'ആദ്യരാത്രി ആ ഗ്രാമത്തിന്റേതാണ്. മുല്ലക്കര എന്ന ഗ്രാമത്തിന്റെ,' സംവിധായകൻ ജിബു ജേക്കബ് മനോരമ ഓൺലൈനോടു സംസാരിക്കുന്നു...

 

നന്മയുള്ളവൻ മനോഹരൻ

aadya-rathri-teaser

 

മനോഹരന്റെ ജോലി തന്നെ വിവാഹം ഉണ്ടാക്കിക്കൊടുക്കലാണ്. കല്ല്യാണ ബ്രോക്കറാണ് മനോഹരൻ. കല്ല്യാണ ബ്രോക്കർ നായകനാകുന്ന മലയാളത്തിലെ ആദ്യ സിനിമയായിരിക്കും ആദ്യരാത്രി. മാമച്ചൻ ഒരു കൗശലക്കാരനായ രാഷ്ട്രീയക്കാരനാണെങ്കിൽ മനോഹരൻ ആ ഗ്രാമത്തിന്റെ നന്മ ആഗ്രഹിക്കുന്ന, എല്ലാവർക്കും വേണ്ടപ്പെട്ട, എല്ലാവർക്കും ഇഷ്ടമുള്ള വ്യക്തിയാണ്. അതു തന്നെയാണ് വ്യത്യാസം. ഒട്ടും ദുഷ്ടലാക്കില്ലാത്ത ഒരാളാണ് മനോഹരൻ. മാമച്ചൻ പക്ഷേ ബുദ്ധിപൂർവം കളിച്ചു നേടുന്നവനാണ്. എന്നാൽ മനോഹരൻ സ്വന്തം ഗ്രാമത്തിന്റെ നന്മ ആഗ്രഹിക്കുന്നവനും.

aju-anaswara

 

ചേട്ടനു തലയ്ക്കു വല്ല അസുഖമുണ്ടോ? അജു ചോദിച്ചു

aadya-rathri-trailer-1

 

കുട്ടനാട്ടിലെ ഒരു മുതലാളിയാണ് അജു വർഗീസിന്റെ കഥാപാത്രം. ഒരു കായൽ രാജാവ് എന്നു വേണമെങ്കിൽ പറയാം. അങ്ങനെയൊരാൾ സ്വപ്നം കാണുന്നത് ഇങ്ങനെയാകുമെന്ന് എനിക്ക് തോന്നി. അങ്ങനെയാണ് ബാഹുബലി ഗാനം സംഭവിച്ചത്. ആദ്യമൊന്നും അജുവിന് താൽപര്യമുണ്ടായിരുന്നില്ല. ‘എന്നെ വച്ചു പാട്ട് ചെയ്യാൻ ചേട്ടനു തലയ്ക്കു വല്ല അസുഖമുണ്ടോ എന്നാണ്!’ അജു ചോദിച്ചത്. അവസാനം വരെ അജുവിന് വിശ്വാസം ഉണ്ടായിരുന്നില്ല. ഗാനരംഗത്തിൽ ഡാൻസ് ചെയ്യുക എന്ന പരിപാടി അജു ഇതുപോലെ ചെയ്തിട്ടില്ലല്ലോ! അതായിരുന്നു അജുവിനെ പിന്നോട്ടു വലിച്ചത്.  പക്ഷേ, ഇപ്പോൾ അജു വളരെ ഹാപ്പിയാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ആ പാട്ടിന് ലഭിച്ചത്. 

 

അനശ്വര ആ കഥാപാത്രത്തിന് കൃത്യം

 

കോളജ് വിദ്യാർത്ഥിയുടെ കഥാപാത്രമാണ് ചിത്രത്തിൽ അനശ്വര രാജൻ അവതരിപ്പിക്കുന്നത്. പലരെയും ആ കഥാപാത്രത്തിനു വേണ്ടി ആലോചിച്ചെങ്കിലും എന്റെ മനസിൽ ആ കഥാപാത്രത്തിന് അനശ്വരയുടെ മുഖമായിരുന്നു. ഉദാഹരണം സുജാത കണ്ടപ്പോൾ ഈ കുട്ടി വളരെ ചെറുതായിപ്പോകുമോ എന്നൊരു സംശയം തോന്നിയിരുന്നു. പക്ഷേ, നേരിട്ടു കണ്ടു കഴിഞ്ഞപ്പോൾ ആ കഥാപാത്രത്തിനു അനശ്വര കൃത്യമാണെന്ന് ഉറപ്പായി. അനശ്വരയുടെ അഭിനയം എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടിരുന്നു. ഉദാഹരണം സുജാതയുടെ ഒരു ആകർഷണം തന്നെ അനശ്വരയുടെ കഥാപാത്രമാണ്. ഒരു കോളജ് വിദ്യാർഥിയായി അനശ്വര നന്നായി ചെയ്യുമെന്ന വിശ്വാസം ഉണ്ടായിരുന്നു. 

 

തണ്ണീർമത്തൻ ഇഫക്ട്

 

അനശ്വരയെ നേരിട്ടു കണ്ട് സിനിമയുടെ കാര്യങ്ങൾ സംസാരിച്ച് ഉറപ്പിച്ചു. അന്ന് തണ്ണീർമത്തൻ ദിനങ്ങളൊന്നും ചെയ്തിട്ടില്ല. അതിനുമുൻപാണ് ആദ്യരാത്രിയിലേക്ക് അനശ്വരയെ ക്ഷണിക്കുന്നത്. പക്ഷെ, തണ്ണീർമത്തൻ ദിനങ്ങൾ ആദ്യം റിലീസ് ആയി. അനശ്വര ഒരു സൂപ്പർനായികയായി. അതു ആദ്യരാത്രിക്ക് വളരെ ഗുണം ചെയ്തു. 

 

ബിജിബാലിന്റെ സംഗീതം

 

ഈ സിനിമ എന്നല്ല എന്റെ മൂന്നു സിനിമകളുടെയും നട്ടെല്ല് ബിജിബാലിന്റെ സംഗീതമാണ്. എന്റെ ടൈപ്പ് സിനിമകൾ ചെയ്യാൻ ബിജിബാലിനു മാത്രമെ സാധിക്കുകയുള്ളൂ എന്നാണ് എന്റെ വിശ്വാസം. ഇതിലെ എല്ലാ പാട്ടുകളും നന്നായി വന്നിട്ടുണ്ട്. അതു പ്രേക്ഷകർ സ്വീകരിച്ചതിൽ സന്തോഷം. 

 

ഈ ചിത്രം രസിപ്പിക്കും

 

ഓരോ സിനിമയും ആളുകളിലേക്ക് എത്തുന്നതു വരെ ടെൻഷൻ തന്നെയാണ്. വീണ്ടും ബിജു മേനോനൊപ്പം വരുമ്പോൾ വെള്ളിമൂങ്ങയിൽ നിന്ന് വ്യത്യസ്തമാകണം എന്നു തീരുമാനിച്ചിരുന്നു. അത്തരം ആലോചനകളിൽ നിന്നാണ് ആദ്യരാത്രി പരുവപ്പെടുന്നത്. വെള്ളിമൂങ്ങ പോലെ ആളുകൾക്ക് രസിക്കാവുന്ന ഒരു ചിത്രമായിരിക്കും ആദ്യരാത്രി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com