ADVERTISEMENT

‘ഒരു വടക്കൻ വീരഗാഥ’യിൽ വെറും അപ്രന്റിസ് പയ്യൻ ആയിരുന്നു എം. പത്മകുമാർ. 30 വർഷം കഴിഞ്ഞ് അതേ സിനിമയിലെ നായകൻ മമ്മൂട്ടിയെ വച്ച് ബിഗ് ബജറ്റ് ചിത്രം ഒരുക്കുകയാണ് അന്നത്തെ പയ്യൻ. തിരുനാവായ മണപ്പുറത്ത് സാമൂതിരിയുടെ പടയാളികളും വള്ളുവക്കോനാതിരിയുടെ ചാവേറുകളും തമ്മിൽ നടന്ന ഏറ്റുമുട്ടലിന്റെ കഥ പറയുന്ന ‘മാമാങ്ക’മാണ് ആ ചിത്രം.

 

mamangam-teaser

ബാഹുബലി പോലൊരു പടമല്ല ഇതെന്നു പത്മകുമാർ പറയുന്നു. തന്റെ ഗുരു ഹരിഹരന്റെ വടക്കൻ വീരഗാഥയുടെയും പഴശ്ശിരാജയുടെയും ശൈലിയിലുള്ള യുദ്ധ ചിത്രമാണിത്. അന്നത്തെക്കാൾ സാങ്കേതിക മികവോടെ പോരാട്ടത്തിന്റെ വീറും വീര്യവും തിയറ്ററിൽ അനുഭവിക്കാം. സാമൂതിരിയുടെ പടയോട് ഏറ്റുമുട്ടി മരിക്കാനാണ് വള്ളുവനാടൻ ചാവേറുകൾ മാമാങ്കത്തിന് എത്തിയിരുന്നത്. ഒന്നുകിൽ മരിക്കുക അല്ലെങ്കിൽ സാമൂതിരിയെ കൊല്ലുക അതായിരുന്നു അവരുടെ ലക്ഷ്യം. 

 

പക്ഷേ, സാമൂതിരി ഇരിക്കുന്ന നിലപാടുതറയുടെ സമീപത്തു പോലും എത്താൻ അവർക്കു കഴിഞ്ഞില്ല. ചരിത്രത്തിൽ ഒരിക്കലേ ഒരു വള്ളുവനാട്ടുകാരൻ നിലപാടുതറയിൽ കയറിയിട്ടുള്ളൂ. 13 വയസ്സുള്ള ചന്ത്രോത്ത് ചന്തുണ്ണി അവിടെ മരിച്ചുവീണു. അതിനു മുൻപു ചന്ത്രോത്ത് തറവാട്ടിൽ നിന്നൊരാൾ മാമാങ്കത്തിനു ചാവേറായി എത്തി തിരികെ മടങ്ങിയിട്ടുണ്ട്. ഈ രണ്ടു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണു സിനിമ. രണ്ടാമത്തെ കഥാപാത്രത്തെയാണു മമ്മൂട്ടി അവതരിപ്പിക്കുന്നത്. ചന്തുവിന്റെ കഥ പോലെ ചരിത്രത്തിന്റെ പുനർവ്യാഖ്യാനമാണത്. കൂടുതൽ വിശദാംശങ്ങളിലേക്കു കടക്കാൻ പത്മകുമാർ തയാറല്ല.

mammootty-mamangam

 

ഈ സിനിമയിൽ രണ്ടു കാലഘട്ടത്തിലെ മാമാങ്കങ്ങൾ ചിത്രീകരിച്ചിട്ടുണ്ട്. കൊച്ചി മരടിൽ മാമാങ്കവേദിയുടെ സെറ്റ് ഇട്ടായിരുന്നു ചിത്രീകരണം.  മാമാങ്കം 40 രാത്രികൾ കൊണ്ടാണ് ചിത്രീകരിച്ചത്. 

 

വിവിധ കച്ചവട സ്ഥാപനങ്ങളും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കലാപരിപാടികളുമെല്ലാം അണിനിരക്കുന്ന കാർണിവലാണ് മാമാങ്കം. അതിനിടെയാണ് ഏറ്റുമുട്ടൽ. കൂടുതൽ ദൃശ്യമികവിനു വേണ്ടി രാത്രിയിലാണു മുഴുവൻ രംഗങ്ങളും എടുത്തത്. ആ 40 രാത്രികൾ വലിയ വെല്ലുവിളിയായിരുന്നുവെന്നു പത്മകുമാർ പറയുന്നു. 3000 പടയാളികളാണ് ഈ രംഗങ്ങളിൽ അഭിനയിച്ചത്. വിഎഫ്എക്സ് സാങ്കേതിക വിദ്യയിലൂടെ സ്ക്രീനിൽ ഇത് 30,000 ആയി മാറും. ചിത്രത്തിൽ മൊത്തം 3500 നടീനടന്മാരാണ് അഭിനയിച്ചത്.

 

മാമാങ്കം രാത്രിയിൽ ചിത്രീകരിക്കണമെങ്കിൽ രാവിലെ മുതൽ പടയാളികൾക്കു മേക്കപ്പ് തുടങ്ങണം. 10 മേക്കപ്പ്മാന്മാർ ചേർന്നാണ് 3000 പേരെ ഒരുക്കിയത്. ഇരുപത്തിയഞ്ചോളം വസ്ത്രാലങ്കാരക്കാരും ഉണ്ടായിരുന്നു. രാത്രി ഏഴിനു തുടങ്ങുന്ന ചിത്രീകരണം വെളുപ്പിന് അഞ്ചിനാണ് അവസാനിച്ചിരുന്നത്. താൻ ഏറ്റവുമധികം സംഘർഷം അനുഭവിക്കുകയും ആസ്വദിച്ചു ചിത്രീകരിക്കുകയും ചെയ്ത സിനിമയാണിതെന്നു പത്മകുമാർ പറയുന്നു. അദ്ദേഹത്തിന്റെ പതിനാറാമത്തെ ചിത്രമാണ് മാമാങ്കം.

 

കണ്ണൂർ, ഒറ്റപ്പാലം, കൊച്ചി, വാഗമൺ എന്നിവിടങ്ങളിലായി 5 ഘട്ടങ്ങളായാണു ഷൂട്ടിങ് പൂർത്തിയാക്കിയത്. കൊച്ചിയിലും ഒറ്റപ്പാലത്തും സെറ്റുകളിട്ടു. ഹിന്ദിയിൽ നിന്നുള്ള ശ്യാം ഘോഷലും ത്യാഗരാജനുമാണ് സംഘട്ടനം ഒരുക്കിയത്. മനോജ് പിള്ള അതു ക്യാമറയിലാക്കി. ചിത്രം റിലീസ് ചെയ്യുമ്പോൾ 50 കോടിയോളം രൂപ ചെലവ് വരുമെന്നു പത്മകുമാർ പറയുന്നു.രണ്ടേമുക്കാൽ മണിക്കൂർ ദൈർഘ്യമുള്ള ഈ സിനിമയിൽ ആക്‌ഷനും സെന്റിമെന്റ്സും പ്രണയവും പ്രതികാരവുമെല്ലാം ഉണ്ട്. റിലീസ് അടുത്തമാസം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com