ADVERTISEMENT

ശരീര സൗന്ദര്യം നിലനിർത്താൻ എത്ര തുക വേണമെങ്കിലും മുടക്കുന്നുവരാണ് നമ്മൾ. മുഖത്തൊരു പാട് വന്നാൽ മുഖക്കുരു വന്നാൽ വിഷമിക്കുന്നവരും കുറവല്ല. എന്നാൽ ബാഹ്യസൗന്ദര്യത്തിൽ അല്ല ആന്തരിക സൗന്ദര്യത്തിലാണ് നാം വിശ്വസിക്കേണ്ടതെന്ന് പറഞ്ഞുതരുകയാണ് നടി കനിഹ. നിസ്സാര കാര്യങ്ങള്‍ക്ക് മുന്നില്‍ ആത്മവിശ്വാസമില്ലാതെ പതറുന്നവരെ പ്രത്യാശ നല്‍കി ഉത്തേജിപ്പിക്കുന്ന വാക്കുകളുമായാണ് കനിഹ സമൂഹമാധ്യമങ്ങളിൽ എത്തിയിരിക്കുന്നത്. ബാഹ്യമായ സൗന്ദര്യം ക്ഷണികമാണെന്നും മനസ്സിന്റെ നന്മയാണ് യഥാര്‍ത്ഥ സൗന്ദര്യമെന്നും കനിഹ വീഡിയോയില്‍ പറയുന്നു. 

 

‘കുറച്ചു മാസങ്ങള്‍ക്ക് മുമ്പായിരുന്നുവെങ്കില്‍ ഇങ്ങനെയൊരു വിഡിയോ ചെയ്യാന്‍ എനിക്ക് ധൈര്യമുണ്ടാകില്ലായിരുന്നു. കാരണം അന്നാണ് എനിക്ക് മുന്നില്‍ വില്ലനായി മുഖക്കുരു അവതരിച്ചത്. എന്റെ കവിളുകള്‍ക്ക് ഇരുവശത്തുമായി, മുഖക്കുരുവിന്റെ പെട്ടെന്നുണ്ടായ ആക്രമണത്തില്‍ ഞാന്‍ പതറിപ്പോയി. ഇതിനു മുമ്പ് ഇങ്ങനെ ഉണ്ടായിട്ടില്ല. പ്രത്യേകിച്ചും ഒരു സിനിമാതാരം കൂടിയായതിനാല്‍ അതെന്റെ ആത്മവിശ്വാസത്തെ മുഴുവന്‍ തകര്‍ത്തു കളഞ്ഞു.’

 

‘ഞാന്‍ വല്ലാതെ തളര്‍ന്നു പോയി. സന്തോഷം ഒരുപാട് ദൂരെയാണെന്ന് ചിന്തിച്ചിരുന്ന നാളുകള്‍. സത്യത്തില്‍ കരഞ്ഞുപോയി. പിന്നീട് ഡോക്ടറെ കണ്ടു. മെഡിക്കേഷൻ ആരംഭിച്ചു. വളരെ പെട്ടെന്നു തന്നെ ആ മോശം അവസ്ഥയില്‍ നിന്ന് തിരികെയെത്തി. ഞാന്‍ ഇങ്ങനെയാണെന്ന് സ്വയം തിരിച്ചറിഞ്ഞ നിമിഷങ്ങള്‍. അതോടെ ഉള്ളിലുള്ള അനാവശ്യമായ മാനസിക സമ്മര്‍ദം ഇല്ലാതായി. എനിക്കറിയാം ഇതുപോലെ നിരവധി പേര്‍ പുറത്തുണ്ട്. ശരീരവണ്ണം കൂടുതലാണ്, ചര്‍മ്മത്തിന് നിറമില്ല, മുഖക്കുരുവാണ് എന്നൊക്കെ പറഞ്ഞു ഡിപ്രഷന്‍ അനുഭവിക്കുന്നവര്‍. അവരോടൊന്നേ എനിക്ക് പറയാനുള്ളൂ, ബാഹ്യമായ സൗന്ദര്യം ക്ഷണികമാണ്. മനസ്സിന്റെ നന്മയാണ് യഥാര്‍ത്ഥ സൗന്ദര്യം. ഇത് മനസ്സിലാക്കി മുന്നോട്ടു പോകുക. ചെറിയ കാര്യങ്ങളില്‍ പോലും ജീവിതം അവസാനിച്ചുവെന്ന് കരുതി സങ്കടപ്പെടാതിരിക്കുക. നമ്മളെ നമ്മളായി തന്നെ അംഗീകരിക്കാന്‍ പഠിക്കുക.’- കനിഹ പറയുന്നു.

 

ജയറാം നായകനായി എത്തിയ ലോനപ്പന്റെ മാമോദീസയിലാണ് നടി അവസാനം പ്രത്യക്ഷപ്പെട്ടത്. മമ്മൂട്ടിയുടെ ബിഗ് ബജറ്റ് ചിത്രം മാമാങ്കത്തിലും കനിഹ അഭിനയിക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com