ADVERTISEMENT

നടി മഞ്ജു വാരിയരുടെ തമിഴ് അരങ്ങേറ്റ ചിത്രം അസുരൻ 100 കോടി ക്ലബിൽ. ഓവർസീസ്, തിയറ്റർ വിതരണാവകാശം, സാറ്റലൈറ്റ്, ഡിജിറ്റൽ, ഓഡിയോ റൈറ്റ്സ് തുടങ്ങിയവയിലൂടെയാണ് ചിത്രം നൂറുകോടി കടന്നത്. ധനുഷിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ഹിറ്റാണ് അസുരൻ.

നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിലാണ് മഞ്ജു വാര്യര്‍ തമിഴ് സിനിമയുമായി എത്തിയത്. മുമ്പ് പല പ്രോജക്ടുകളും വന്നിരുന്നെങ്കിലും നടി വേണ്ടന്നുവയ്ക്കുകയായിരുന്നു. അസുരനിലൂടെ മഞ്ജു തമിഴകത്തിന്റെ ഭാഗ്യ നായികയായി മാറിക്കഴിഞ്ഞു. രജനികാന്ത് ചിത്രമുൾപ്പടെ വമ്പൻ പ്രോജക്ടുകളാണ് തമിഴിൽനിന്നു മഞ്ജുവിന് വന്നുകൊണ്ടിരിക്കുന്നത്.

തിരുനെൽവേലിയിൽ സ്കൂൾ വിദ്യാഭ്യാസം തുടങ്ങിയ മഞ്ജുവിന് തമിഴ് അനായാസം വഴങ്ങും. നാലു ദിവസം മാത്രമെടുത്താണ് അസുരന്റെ ഡബ്ബിങ് പൂർത്തിയാക്കിയത്. അസുരൻ കണ്ട ശേഷം ശിവ തന്നെ മഞ്ജുവിനെ അഭിനയിപ്പിക്കാനുള്ള തീരുമാനം നിർമാതാക്കളായ സൺപിക്ചേഴ്സിനെ അറിയിച്ചതായും റിപ്പോർട്ട് ഉണ്ട്.

ഒക്ടോബര്‍ നാലിന് തിയറ്ററുകളിലെത്തിയ അസുരൻ രണ്ടാഴ്ച പൂര്‍ത്തിയാവുന്നതിന് മുന്‍പ് ബോക്‌സോഫിസില്‍ വിപ്ലവം സൃഷ്ടിച്ചിരിക്കുകയാണ്. കോടികൾ മുടക്കിയുള്ള പ്രമോഷനോ വൻ പരസ്യങ്ങളോ ഇല്ലാതെയാണ് ഈ നേട്ടം.

വട ചെന്നൈ എന്ന ചിത്രത്തിന് ശേഷം ധനുഷിനെ നായകനാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത ചിത്രമാണ് അസുരന്‍. തമിഴിലെ പ്രമുഖ എഴുത്തുകാരന്‍ പൂമണിയുടെ വെക്കൈ എന്ന നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രത്തില്‍ ശിവസ്വാമി എന്ന കര്‍ഷകനായാണ് ധനുഷ് അഭിനയിച്ചത്. ശിവസ്വാമിയുടെ ഭാര്യ പച്ചൈയമ്മാള്‍ എന്ന കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്. ആദ്യദിവസം മുതല്‍ തിയറ്ററുകളില്‍നിന്നു ഗംഭീര അഭിപ്രായമായിരുന്നു അസുരന്‍ സ്വന്തമാക്കിയത്. പ്രേക്ഷകരും നിരൂപകരും ചിത്രത്തെ പുകഴ്ത്തിയിരുന്നു.

സിനിമയുടെ റിലീസിനു മുമ്പ് തമിഴ്നാട്ടിൽ തിയറ്റർ ലഭിക്കാൻ നിർമാതാവ് ഒരുപാട് ബുദ്ധിമുട്ടിയിരുന്നു. ട്രേഡ് അനലിസ്റ്റുകളുടെ ധാരണയിൽ ഇതൊരു ക്ലാസ് ചിത്രമായാണ് വിലയിരുത്തപ്പെട്ടത്. മാസ് സിനിമകൾക്കു വേണ്ട പരിഗണന ചിത്രത്തിനു ലഭിക്കില്ലെന്നായിരുന്നു ഇവർ കണക്കുകൂട്ടിയത്. റിലീസിനു ശേഷം ഈ മുൻവിധികൾ പൊളിച്ചെഴുതുന്ന പ്രകടനമാണ് ബോക്സ്ഓഫിസിൽ ചിത്രം കാഴ്ചവച്ചത്. സിനിമ വേണ്ടെന്നു പറഞ്ഞ തിയറ്റർ ഉടമകൾ അസുരൻ ആവശ്യപ്പെട്ട് നിർമാതാവിന്റെ അടുത്തെത്തി. വി ക്രിയേഷൻസിന്റെ ബാനറിൽ എസ്. താനുവാണ് അസുരൻ നിർമിച്ചിരിക്കുന്നത്.

ചെന്നൈ ബോക്‌സോഫീസിലും ഉയർന്ന കലക്‌ഷനാണ് ലഭിച്ചത്. ചെന്നൈ, ചെങ്കൽപേട്ട് എന്നിവിടങ്ങളിൽ നിന്നും 15 കോടിയാണ് വാരിയത്. തിരുനൽവേലി, കന്യാകുമാരി, സേലം എന്നിവിടങ്ങളിലും മികച്ച ബിസിനസ്സ് ആയിരുന്നു. കേരളത്തിൽ നിന്നും 3.35 കോടിയാണ് പത്തുദിവസം കൊണ്ടു ലഭിച്ചത്. അമേരിക്കയിൽ പേട്ട സിനിമയ്ക്കു ശേഷം ഏറ്റവും മികച്ച സ്വീകാര്യത ലഭിക്കുന്ന ചിത്രമായി അസുരൻ മാറി. മലേഷ്യയിലും ചിത്രം മുന്നേറുന്നു.

റിലീസിനെത്തി ആദ്യ പത്തു ദിവസം കൊണ്ട് 38 കോടിയോളം രൂപയാണ് തമിഴ്‌നാട്ടില്‍ നിന്നു മാത്രം സിനിമയ്ക്കു ലഭിച്ചത്. തമിഴ്‌നാടിനു പുറത്തുള്ള സെന്ററുകളിലും അത്യുഗ്രന്‍ പ്രകടനം കാഴ്ചവച്ചതോടെ ആഗോളതലത്തില്‍ പത്തു ദിവസം കൊണ്ട് 50 കോടി രൂപയിലേറെ നേടാന്‍ സിനിമയ്ക്കു കഴിഞ്ഞു. തിയറ്ററര്‍ അവകാശമായി 25 കോടിയും മറ്റു ബിസിനസ്സുകളുമായി ബന്ധപ്പെട്ട് 25 കോടിയും കൂടി ലഭിച്ചതോടെയാണ് അസുരന്‍ നൂറ് കോടി ക്ലബിലെത്തിയത്.

ലൂസിഫര്‍ സിനിമയിലൂടെ  ഇരുന്നൂറു കോടി ക്ലബിൽ ഇടം കണ്ടെത്തിയ മഞ്ജു വാരിയരുടെ മറ്റൊരു ഹിറ്റ് ചിത്രമായി അസുരനും മാറി. അഭിനയ പ്രധാന്യമുള്ള ചിത്രത്തില്‍ മഞ്ജുവിന്റെ പ്രകടനത്തിനു വലിയ കൈയടിയായിരുന്നു ലഭിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com