ADVERTISEMENT

ദുരൂഹ മരണങ്ങളുടെ  നിഗൂഢതകളെ കൗശലം കൊണ്ട് തുറന്നുകാട്ടാൻ ബുദ്ധിയുടെ ചതുരംഗക്കളിയുമായി അയാൾ വീണ്ടുമെത്തുന്നു; സേതുരാമയ്യർ. മാമാങ്കം സിനിമയുടെ ഡബ്ബിങ്ങ് ഇടനേരത്താണ് തിരക്കഥാകൃത്ത് എസ്.എൻ.സ്വാമിയും നിർമാതാവ് സ്വർഗചിത്ര അപ്പച്ചനും സേതുരാമയ്യർ എന്ന കഥാപാത്രത്തെ അനശ്വരനാക്കിയ മെഗാസ്റ്റാർ മമ്മൂട്ടിയുമായി ചർച്ചയ്ക്കിരുന്നത്. ജനം കാത്തിരിക്കുന്ന സേതുരാമയ്യരെ വീണ്ടും ഏറ്റെടുക്കാൻ മമ്മൂട്ടി ആഹ്ലാദത്തോടെ കൈ കൊടുത്തു. കെ.മധുവിന്റെ സംവിധാനമികവിലാണ് ചിത്രം ഒരുങ്ങുക. 2020ന്റെ പിറവിയിൽ ആദ്യം തന്നെ ചിത്രീകരണം തുടങ്ങാനാണ് അണിയറ നീക്കം.

 

മെഗാസ്റ്റാർ മമ്മൂട്ടി,സംവിധായകൻ കെ.മധു, തിരക്കഥാകൃത്ത് എസ്.എൻ സ്വാമി ,സംഗീത സംവിധായകൻ ശ്യാം തുടങ്ങിയ പ്രതിഭാശാലികൾ കൈകോർത്ത് ഒരുക്കുന്ന തുടർ ചിത്രങ്ങളുടെ അഞ്ചാം ഭാഗമാണ് ഇപ്പോൾ അണിഞ്ഞൊരുങ്ങുന്നത്. മരണ ദുരൂഹതകളുടെ ചുരുളഴിക്കൽ  തന്ത്രങ്ങളുടെ പരമ്പര തന്നെ ചിത്രത്തിന്റെ തിരക്കഥയിൽ ഇടം നേടിയിരിക്കുന്നു. സേതുരാമയ്യർ എന്ന ബുദ്ധിരാക്ഷസന്റെ ബുദ്ധിതന്ത്രങ്ങളുടെ ചതുരംഗക്കളികൾ തന്നെയാകും ചിത്രത്തിന്റെ മികവെന്ന് സംവിധായകൻ കെ.മധു വ്യക്തമാക്കി. 

 

ബാസ്ക്കറ്റ് കില്ലിങ്ങിലൂടെയാണ് കഥാവികാസം. സിബിഐ ചലച്ചിത്ര പരമ്പരയിലെ അഞ്ചാംഭാഗം ക്രൂരമായ ജീവനെടുക്കലുകളുടെ ഉള്ളറകളിലേക്ക് ആഴത്തിലിറങ്ങുന്ന ഇൻവെസ്റ്റിഗേഷനാണ് അവതരിപ്പിക്കുക. ഇതുവരെ കണ്ടിട്ടില്ലാത്ത കൊലപാതക രീതികളാകും ചിത്രത്തിലേത്. 

 

സിബിഐ പരമ്പരയിലെ ഈ അഞ്ചാമത്തെ ചിത്രം  ഒരേ നായകൻ ,സംവിധായകൻ , തിരക്കഥാകൃത്ത്, സംഗീത സംവിധായൻ എന്ന നിലയിൽ ഒരുങ്ങുമ്പോൾ ഈ സിബിഐ പരമ്പര ചിത്രം ആ രീതിയിലും ചരിത്രത്തിൽ ഇടം നേടുകയാണ്. ഈ പരമ്പരയിൽ ആദ്യം 1988ലാണ് ഒരു സിബിഐ ഡയറിക്കുറിപ്പ്  ഇറങ്ങിയത്. ജാഗ്രത (1989), സേതുരാമയ്യർ സിബിഐ (2004),  നേരറിയാൻ സിബിഐ (2005) തുടങ്ങിയവാണ് തുടർചിത്രങ്ങളായി എത്തിയത്. സ്വർഗചിത്ര അപ്പച്ചനാണ് ചിത്രത്തിന്റെ നിർമാണം. പ്രസാദ് കണ്ണൻമീഡിയ കണ്ടന്റ് കൺസൾട്ടന്റായി പ്രവർത്തിക്കുന്നു.

 

കാലത്തിന്റെ മാറ്റവും മനുഷ്യന്റെ ചിന്താഗതികളുടെ മാറ്റങ്ങളും ഉൾക്കൊണ്ടാണ് കഥയൊരുക്കിയതെന്ന് തിരക്കഥാകൃത്ത് എസ്.എൻ.സ്വാമി വ്യക്തമാക്കി. ബുദ്ധിതന്ത്രങ്ങളുടെ മാമാങ്കമൊരുക്കാൻ നേരമായെന്ന് സംവിധായകൻ കെ.മധുവും ഉറപ്പിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com