ADVERTISEMENT

നടി സനുഷയുടെ സഹോദരനും ബാലതാരവുമായ സനൂപ് സന്തോഷിന്റെ പേരില്‍ വ്യാജ വാട്‌സ്ആപ്പ് അക്കൗണ്ട്  ഉണ്ടാക്കി നടികളെ വിളിച്ച് ശല്യം ചെയ്തയാളെ പോലീസ് പിടികൂടി. കണ്ണൂര്‍ ടൗണ്‍ എസ് ഐ പ്രദീപ് കണ്ണിപ്പൊയിലിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ പ്രതി മലപ്പുറം പൊന്നാനി സ്വദേശി രാഹുല്‍(22) പിടിയിലായി. സനൂപിന്റെ പിതാവ് സന്തോഷാണ് പരാതി നല്‍കിയത്. 

 

സഹോദരന്‍ ഫോണ്‍ ചെയ്യുന്നുവെന്നും പല നടിമാരുടെയും നമ്പര്‍ ചോദിക്കുന്നുവെന്നും ചില നടിമാര്‍ സനുഷയോട് പറഞ്ഞതാണ്  സംശയത്തിനിടയാക്കിയത്. എന്നാല്‍ നമ്പര്‍ പരിശോധിച്ച സനുഷ ഇത് തന്റെ അനുജന്റെ നമ്പര്‍ അല്ലെന്ന് വ്യക്തമാക്കി. തുടർന്ന് കണ്ണൂർ എസ്പിക്ക് പരാതി നൽകുകയായിരുന്നു. നമ്പറിന്റെ വിലാസം മലപ്പുറത്തെ ഒരു വീടായിരുന്നു.  എന്നാൽ ആ വീട്ടിലുണ്ടായിരുന്നത് ശാരീരിക പ്രശ്നമുള്ള ഒരു യുവാവായിരുന്നു. ഇതോടെ കൂടുതൽ കാര്യങ്ങള്‍ ചോദിച്ചറിഞ്ഞപ്പോള്‍ അവര്‍ കുറച്ച് നാളുകള്‍ക്ക് മുമ്പ് വീട് മാറിയപ്പോള്‍ സിം കാര്‍ഡ് നഷ്ടമായിരുന്നതായി അറിഞ്ഞു.

 

ഇതോടെ നമ്പര്‍ പിന്തുടര്‍ന്ന് പോലീസ് മലപ്പുറത്തുള്ള 22 വയസ്സുള്ള മറ്റൊരു യുവാവിൽ എത്തിച്ചേര്‍ന്നു. ബാലനടനെ ഏറെ ഇഷ്ടമുള്ളയാളാണ് താനെന്നും പത്താം ക്ലാസ് തോറ്റുകഴിയുന്ന സമയത്ത് എങ്ങനെയെങ്കിലും സിനിമയിൽ കയറിപ്പറ്റുന്നതിനായാണ് ഇങ്ങനെ ചെയ്തതെന്നും പൊലീസ് ചോദ്യം ചെയ്യലിൽ യുവാവ് വ്യക്തമാക്കി. 

 

അന്വേഷണത്തിൽ നിരവധി യുവ നടിമാര്‍ക്കും റിയാലിറ്റി ഷോകളിൽ പങ്കെടുക്കുന്ന പെൺകുട്ടികള്‍ക്കും ഇയാള്‍ പലപ്പോഴും സന്ദേശം അയച്ചിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. അശ്ലീല സന്ദേശങ്ങളല്ല ഇയാൾ അയച്ചിട്ടുള്ളതെന്നും പൊലീസ് കണ്ടെത്തി. നടികളെ വിളിച്ച് അവരുടെ പല്ലുകളെ കുറിച്ച് സംസാരിക്കുന്നതാണ് ഇയാളുടെ ശീലം.

 

വാട്‌സ്ആപ്പില്‍ സനുഷയോട് ഒപ്പമുള്ള സനൂപിന്റെ ചിത്രമാണ് പ്രൊഫൈല്‍ ചിത്രമായി നല്‍കിയിരുന്നത്. ഇയാള്‍ ഉപയോഗിച്ചിരുന്നത് മറ്റാരുടെയോ സിം ആണ്. മലപ്പുറത്തെ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ പിടിയിലായത്. എന്നാല്‍ നടികളോട് ഇയാള്‍ മോശമായി പെരുമാറിയതായി പരാതിയില്ല. മഞ്ജു പിള്ള, റിമി ടോമി എന്നിവരെയാണ് പ്രതി അവസാനം വിളിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com