ADVERTISEMENT

ദളപതി വിജയ്‌യിന്റെ ദീപാവലി വെടിക്കെട്ടിലേക്ക് ഐ.എം. വിജയന്റെ മാസ് എൻട്രി. ആറ്റ്‌ലി സംവിധാനം ചെയ്ത ‘ബിഗിൽ’ ചിത്രത്തിൽ വില്ലൻ റോളിലാണു ഫുട്ബോൾ ഇതിഹാസം വിജയൻ പ്രത്യക്ഷപ്പെടുന്നത്. ഫുട്ബോളിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച തമിഴ് ബ്ലോക്ക് ബസ്റ്റർ ഇന്നലെ തിയറ്ററുകളിലെത്തി. തമിഴിലെ സൂപ്പർ താരത്തിനൊപ്പം ബിഗ് സ്ക്രീനിൽ നിറഞ്ഞുനിന്നുവെന്ന ആരാധകരുടെ അഭിനന്ദനങ്ങൾക്കിടെ ഐ.എം. വിജയൻ സിനിമയുടെ വിശേഷങ്ങൾ കൊട്ടകയോടു പങ്കുവച്ചപ്പോൾ.

 

∙വിജയ്‌യിനൊപ്പം വിജയൻ?

bigil-im-vijayan

 

അപ്രതീക്ഷിതമായി ഒത്തുവന്ന ഭാഗ്യമാണ്. സംവിധായകൻ ആറ്റ്ലിയാണ് ഈ ആവശ്യവുമായി എന്നെ ബന്ധപ്പെട്ടത്. വിജയ് സാറിന്റെ പടത്തിൽ ഒരു വേഷം ചെയ്യാമോയെന്നു ചോദിച്ചു. വിജയ്‌യിന്റെ കട്ടഫാൻ ആയ ഞാൻ പിന്നെ വേറൊന്നും ചിന്തിച്ചില്ല. എന്തായാലും ഞാൻ എത്തുമെന്നു പറഞ്ഞു. 

 

∙വിജയ് –ആറ്റ്‌ലി കൂട്ടുകെട്ട്?

im-vijayan-atlee

 

ആറ്റ്‌ലി വിളിച്ചു. ഞാൻ നേരെ ചെന്നൈയിൽ പോയി വിജയ്‌യിനെ കണ്ടു. കൈ പിടിച്ചു ‘നാൻ ഉങ്കൾ ഫാൻ’ ആണെന്ന് അറിയിച്ചു. അഭിനയിക്കാൻ വന്നതിനു നന്ദിയുണ്ടെന്നാണു വിജയ് സാർ എന്നോടു പറഞ്ഞത്. പിന്നെ ഷൂട്ടിങ് തുടങ്ങുന്ന സമയമായപ്പോൾ സംവിധായകനോടു ഞാൻ തന്നെ തുറന്നു പറഞ്ഞു, ഞാൻ ഒരു ഫുട്ബോളറാണ്, ആക്ടർ അല്ലായെന്ന്. എല്ലാം നമുക്ക് ശരിയാക്കാം എന്നായിരുന്നു ആറ്റ്‌ലിയുടെ ഉറപ്പ്.

im-vijayan-son

 

∙ ഷൂട്ടിങ് അനുഭവം?

atlee-vijay-im

 

ആറ്റ്‌ലി തന്ന ഉറപ്പ് വെറുതെയായിരുന്നില്ല. ഓരോ സീനും അദ്ദേഹം തന്നെ അഭിനയിച്ചുകാട്ടി. അതുപോലെ ചെയ്യേണ്ട കാര്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ. വിജയ് സാറുമായിട്ടുള്ള കോംപിനേഷൻ സീനുകളാണ് എനിക്കുണ്ടായിരുന്നത്. അതിന്റെ ത്രില്ലൊന്നു വേറെയാണ്. വിജയ് സാറും ഏറെ പിന്തുണ നൽകി. എത്ര ഡൗൺ ടു എർത്താണു കക്ഷി. 15 ദിവസത്തോളം എനിക്കു ഷൂട്ട് ഉണ്ടായിരുന്നു. വില്ലന്റെ റോളാണ്. അതു സസ്പെൻസ് ആയി വച്ചിരുന്നതാണ്. ഫുട്ബോൾ കോച്ചാണെന്നും വിജയ്‌യിന്റെ അച്ഛൻ റോളാണെന്നുമൊക്കെയുള്ള അഭ്യൂഹങ്ങളായിരുന്നു എങ്ങും. 

 

∙ വിജയ്‌യിന്റെ ഇടി കിട്ടിയോ?

 

വില്ലനല്ലേ. കിട്ടാതെ എവിടെപ്പോകാൻ. ഫാൻ എന്ന നിലയ്ക്കു ഞാൻ വിഷമിച്ചു പോയ ഒരു സീൻ ഉണ്ടായിരുന്നു. താരത്തെ ഞാൻ ചവിട്ടുന്ന രംഗം. എന്റെ ബുദ്ധിമുട്ട് സംവിധായകനോടു തന്നെ പറഞ്ഞു. വിജയ് സാർ ഇതറിഞ്ഞതോടെ അടുത്തെത്തി എന്റെ കൈ എടുത്തു നെഞ്ചിൽ വച്ചു. എന്നിട്ടു പറഞ്ഞു –‘സർ ഇങ്കെ ചവിട്ടിട് സർ’. അതോടെ വല്ലാത്ത ധൈര്യം കിട്ടി. അതിനു ശേഷമാണു ഷൂട്ട് തുടങ്ങിയത്. 

 

∙വിജയ് വിശേഷം?

 

സിനിമയിൽ രണ്ടു ഗെറ്റപ്പിലെത്തുന്ന വിജയിനൊപ്പവും എനിക്കു കോംപിനേഷൻ സീനുണ്ട്. ഷൂട്ടി‌ങ് കഴി‍ഞ്ഞാൽ വലിയ താരം എന്നുള്ള വിചാരം ഒന്നുമില്ലാത്തൊരു സാധാരണ മനുഷ്യനാണ് അദ്ദേഹം.  ഏറെ സമയം ഒന്നിച്ചു ചെലവഴിക്കാൻ കഴിഞ്ഞു.  ഫുട്ബോളിനെക്കുറിച്ചൊക്കെ ഏറെ കാര്യങ്ങൾ ചോദിച്ചു. മറഡോണയ്ക്കൊപ്പം പന്ത് തട്ടിയ അനുഭവത്തെക്കുറിച്ചു പോലും വിജയ് ചോദിച്ചറിഞ്ഞു. യൂട്യൂബിലെ വിഡിയോ കണ്ടായിരുന്നു ആ അന്വേഷണം. എങ്ങനെ ഇത്ര വലിയ താരമാകാൻ കഴിഞ്ഞെന്ന ചോദ്യവും വന്നു. പ്രാക്ടീസും പിന്നെ ദൈവം തന്ന ഭാഗ്യവും എന്നാണു ഞാൻ നൽകിയ ഉത്തരം. 

 

∙ തമിഴിൽ ഇനി തിരക്കാകുമോ?

 

നല്ല വേഷം കിട്ടിയാൽ അഭിനയിക്കും. ഞാനൊരു മുഴുവൻ സമയ ആക്ടറൊന്നും അല്ലല്ലോ.ഞാനൊരു വിജയ് ആരാധകനായതു കൊണ്ടാണു ‘ബിഗിൽ’ വേഷം സ്വീകരിച്ചത്. ബിഗിൽ എന്റെ നാലാമത്തെ തമിഴ് ചിത്രമാണ്. വിശാൽ നായകനായ തിമിർ,  കാർത്തിയുടെ കൊമ്പൻ, ഉദയനിധി സ്റ്റാലിന്റെ ഗെത്തു എന്നിവയാണ് ഇതിനു മുന്‍പു തമിഴിൽ ചെയ്ത സിനിമകൾ. 

 

∙ മലയാളത്തിൽ?

 

ആനപ്പറമ്പിലെ വേൾഡ് കപ്പ് എന്നൊരു പടം  ഒരുങ്ങുന്നുണ്ട്. ഫുട്ബോളിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന സിനിമയാണ്. അതിൽ ഒരു വേഷം ചെയ്യുന്നുണ്ട്. ഫുട്ബോൾ രംഗത്തു നിന്ന് ഞാൻ മാത്രമല്ല, ജോ പോൾ അഞ്ചേരിയും ആസിഫ് സഹീറും കൂടി ആ പടത്തിലുണ്ട്. ഞാനും കൂടി ചേർന്നു നിർമിക്കുന്ന പാണ്ടി ജൂനിയേഴ്സ് എന്ന ചിത്രവും വൈകാതെ പൂർത്തിയാകും. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com