ADVERTISEMENT

ആരാധകരെ അമ്പരപ്പിച്ച് ട്രാൻസ് സിനിമയിൽ നസ്രിയയുടെ ലുക്ക്. ചുണ്ടിൽ എരിയുന്ന സിഗരറ്റുമായി സ്റ്റൈലിഷ് ഗെറ്റപ്പിലാണ് നടി എത്തുന്നത്. വിവാഹശേഷം നടി അഭിനയിക്കുന്ന രണ്ടാമത്തെ സിനിമ കൂടിയാണ് ട്രാൻസ്. അഞ്ജലി മേനോൻ സംവിധാനം ചെയ്ത കൂടെ എന്ന സിനിമയിലാണ് ഇതിന് മുമ്പ് നടി അഭിനയിച്ചത്.

 

നേരത്തെ ട്രാൻസ് സിനിമയിലെ ഫഹദിന്റെ ലുക്കും പുറത്തുവിട്ടിരുന്നു. പാസ്റ്റർ ആയാണ് ഫഹദ് ചിത്രത്തിലെത്തുന്നു. ഏഴ് വര്‍ഷത്തിന് ശേഷം അന്‍വര്‍ റഷീദ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന പ്രത്യേകതയുമായാണ് ട്രാന്‍സ് പ്രേക്ഷകരിലേക്ക് വരുന്നത്. 2012ല്‍ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടലാണ് അന്‍വര്‍ റഷീദ് സംവിധാനം ചെയ്ത അവസാന മുഴുനീള ചിത്രം. ഇതിനിടെ ‘അഞ്ചു സുന്ദരികള്‍’ എന്ന ആന്തോളജി ചിത്രത്തില്‍ ‘ആമി’ എന്ന ഭാഗം അദ്ദേഹം സംവിധാനം ചെയ്തിരുന്നു. ബാംഗ്ലൂർ ഡേയ്സ്, പ്രേമം, പറവ എന്നീ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങൾക്കു ശേഷം അൻവർ റഷീദ് എന്റർടെയ്ൻമെന്റ് നിർമിക്കുന്ന നാലാമത്തെ സിനിമയാണ് ട്രാൻസ്. 

 

.ചെറുകഥകൾ കോർത്തിണക്കിയ ആന്തോളജിയാണ് ട്രാൻസ് എന്നു അഭ്യൂഹമുണ്ടായിരുന്നു. ആന്തോളജി ഗണത്തിൽപെടുന്ന ചിത്രമായിരിക്കില്ല ട്രാൻസ് എന്ന് സംവിധായകൻ പറയുന്നു. ഫഹദ് അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വിവിധ ജീവിതഘട്ടങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്.

 

>2017ൽ ജൂലൈയിൽ ആണ് ചിത്രീകരണം ആരംഭിക്കുന്നത്. നാല് ഷെഡ്യൂളുകളിൽ രണ്ട് വർഷം നീണ്ട ചിത്രീകരണം തന്നെയായിരുന്നു അണിയറപ്രവർത്തകരും ഉദേശിച്ചിരുന്നത്. ചിത്രത്തിനായി ഫഹദ് താടി നീട്ടി വളർത്തി. ട്രാൻസിനായി തന്റെ സമയം മുഴുവൻ നൽകുകയുണ്ടായി. മാത്രമല്ല ചിത്രത്തിന്റെ ഡേറ്റ് പ്രശ്നങ്ങൾ ഒഴിവാക്കാൻ മറ്റു ചിത്രങ്ങളിലൊന്നും നടൻ ഈ കാലയളവിൽ കരാർ ഒപ്പിട്ടില്ല.

 

ഫഹദിനൊപ്പം വിനായകന്‍, ഗൗതം വാസുദേവ് മേനോന്‍, നസ്രിയാ നസിം, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ജോജു ജോർജ്, ധർമജൻ, അശ്വതി മേനോന്‍, ദിലീഷ് പോത്തൻ, വിനീത് വിശ്വൻ, ചെമ്പൻ വിനോദ്, അർജുൻ അശോകൻ, ശ്രിന്ദ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

 

ഏകദേശം 20 കോടിയാണ് സിനിമയുടെ ബജറ്റ് എന്നും റിപ്പോർട്ട് ഉണ്ട്. അമല്‍ നീരദ് ഛായാഗ്രഹണം നിർവഹിക്കുന്നു. ഹോളിവുഡ് ചിത്രങ്ങളിലും പരസ്യചിത്രങ്ങളിലുമൊക്കെയാണ് സാധാരണയായി ഉപയോഗിക്കുന്ന റോബോട്ടിക് കാമറയിലാണ് ചിത്രത്തിലെ പ്രധാനപ്പെട്ട ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നത്. ഇതാദ്യമായാണ് മലയാളത്തിൽ റോബോട്ടിക് ക്യാമറ ഉപയോഗിക്കുന്നത്. വിന്‍സന്റ് വടക്കന്‍ തിരക്കഥ ഒരുക്കുന്ന ചിത്രത്തിന് ജാക്‌സണ്‍ വിജയന്‍ (റെക്സ് വിജയന്റെ സഹോദരൻ) സംഗീതം നല്‍കുന്നു. റസൂല്‍ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈന്‍. അന്‍വര്‍ റഷീദ് എന്റര്‍ടെയിന്‍മെന്‍സിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം ഡിസംബർ 20ന് തിയറ്ററുകളിലെത്തും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com