ADVERTISEMENT

മലയാളത്തിന്റെ ജനപ്രിയതാരവും തമിഴകത്തിന്റെ ആക്‌ഷൻ കിങും ഒന്നിക്കുന്ന ജാക്ക് ആൻഡ് ഡാനിയൽ റിലീസിനെത്തിരിയിക്കുകയാണ്. സ്റ്റൈലിഷ് കള്ളനായി ദിലീപ് എത്തുമ്പോൾ പൊലീസ് ഓഫിസറായി അർജുൻ വരുന്നു. മലയാളത്തിൽ ഏറെ മുതൽമുടക്കി ഒരുക്കിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ്‍.എൽ.പുരം ജയസൂര്യയാണ്. ജാക്കിന്റെയും ഡാനിയലിന്റെയും വിശേഷവുമായി ദിലീപും അർജുനും മനോരമ ഓൺലൈനിൽ

 

എന്താണ് ജാക്ക് ഡാനിയൽ

 

dileep-arjun

ദിലീപ് : ജാക്ക് ഡാനിയൽ എന്ന സിനിമ ആക്‌ഷൻ ത്രില്ലർ മാത്രമല്ല നൂറു ശതമാനം എന്റർടെയിനറാണ്. അതിനൊപ്പം സോഷ്യൽ കമ്മിറ്റ്മെന്റ് ഉള്ളൊരു സിനിമ കൂടിയാണ്. ഞാനാണ് ഇതിൽ ജാക്ക്, അർജുൻ സാർ ഡാനിയൽ എന്ന കഥാപാത്ര ത്തെ അവതരിപ്പിക്കുന്നു. ഈ സിനിമയുടെ ചർച്ച നടക്കുന്ന സമയത്ത് ഡാനിയൽ എന്ന കഥാപാത്രം ആരു ചെയ്യും എന്നൊരു കൺഫ്യൂഷനുണ്ടായിരുന്നു. ഞങ്ങൾ നിർമാതാവുമായി സംസാരിക്കുന്ന സമയത്ത് ഡാനിയൽ എന്ന കഥാപാത്രം ചെയ്യാൻ അർജുൻ സാറിനെ പോലെയൊരാളെ കിട്ടിയിരുന്നെങ്കിൽ നന്നായിരുന്നു എന്നു ഞാൻ പറഞ്ഞപ്പോൾ സാറിനോട് സംസാരിക്കണോ എന്നു ചോദിച്ചു. അദ്ദേഹം പോയി അർജുൻസാറുമായി സംസാരിച്ചു. 

 

അർജുൻ : തെങ്കാശിപ്പട്ടണം എന്ന സിനിമ തെലുങ്കിൽ റീമേക്ക് ചെയ്തത് ഞാനാണ്. തെങ്കാശിപ്പട്ടണത്തിൽ ദിലീപിന്റെ അഭിനയം ആ വേഴ്സിറ്റാലിറ്റി ഒക്കെ എനിക്കിഷ്ടപ്പെട്ടു ഇതാരാണെന്നു ഞാൻ അന്വേഷിച്ചിരുന്നു. അതിനുശേഷം വിസാഗിൽ വച്ച് ദിലീപ് ഒരു ഷൂട്ടിന് വന്നപ്പോൾ ഞാൻ മറ്റൊരു സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് അവിടെ ഉണ്ടായിരുന്നു. അങ്ങനെ ഞങ്ങൾ പരിചയപ്പെട്ടു. തെങ്കാശിപ്പട്ടണത്തിലെ ദിലീപിന്റെ അഭിനയം കണ്ട് എനിക്ക് ആ വേഷം ചെയ്യണമെന്നുണ്ടായിരുന്നു പക്ഷേ കോമഡിയിൽ ദിലീപിന്റെ അത്ര വേഴ്സിറ്റാലിറ്റി ഇല്ലാത്തതു കൊണ്ട് ചെയ്യാൻ പറ്റിയില്ല. 

 

ദിലീപ് : തെലുങ്ക് റീമേക്കിൽ സുരേഷേട്ടൻ ചെയ്ത കഥാപാത്രമാണ് സർ അഭിനയിച്ചത്. സർ അഞ്ചു ഭാഷകളിലും സിനിമകൾ ചെയ്തിട്ടുണ്ട്. മലയാളത്തിൽ കുറവാണ്. ആദ്യം ചെയ്തത് വന്ദേമാതരം, ഇപ്പോൾ മലയാളത്തിൽ ഈ സിനിമ കൂടാതെ പ്രിയൻ സർ– മോഹൻലാൽ സാറിന്റെ  മരയ്ക്കാർ എന്ന സിനിമയും ചെയ്യുന്നുണ്ട്.   

 

മലയാളത്തിലെ അനുഭവം

 

അര്‍ജുൻ : നല്ല എക്സ്പീരിയൻസായിരുന്നു. മലയാളം സിനിമ എന്നു പറഞ്ഞാൽ റിയലസ്റ്റിക് ആയിട്ടുള്ള കഥകളാണ്. വീട്ടിൽ എല്ലാവർക്കും മലയാളം സിനിമകൾ ഇഷ്ടമാണ്. വൈഫ് എപ്പോഴും ചോദിക്കാറുണ്ട് എന്താണ് മലയാളത്തിൽ പടം ചെയ്യാത്തത് എന്ന്. ഈ പടത്തിൽ ദിലീപിനൊപ്പം ചെയ്യാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ഉണ്ട്. ഇതിൽ എന്റെ കഥാപാത്രം എങ്ങനെ വരും എന്ന് ഞാൻ ചിന്തിച്ചിട്ടില്ല. എല്ലാവരും അത്ര നന്നായാണ് എന്നെ സപ്പോർട്ട് ചെയ്തിരിക്കുന്നത്. 

 

ദിലീപ് : സർ ഇതിൽ അഭിനയിക്കുന്നത് തന്നെ വലിയ ഭാഗ്യം. ഞാൻ പടം മുഴുവൻ കണ്ടു. സർ വന്നപ്പോൾ പടത്തിന്റെ മൊത്തത്തിലുള്ള സ്വഭാവമേ മാറി വേറൊരു കാൻവാസിലായി പടം. സർ ഭയങ്കര ചാമിങ്, സ്റ്റൈലിഷ് ആണല്ലോ, സെറ്റിൽ ഞാൻ സാറിനെ തന്നെ നോക്കിയിരിക്കും. അർജുൻ സാറല്ലാതെ മറ്റൊരാളെ ആ കഥാപാത്രമായി കാണാൻ പറ്റില്ലെന്ന് നിങ്ങൾക്ക്  ഈ സിനിമ കാണുമ്പോൾ മനസ്സിലാവും. 

 

സംവിധായകൻ

 

ദിലീപ് : ഇതിനു മുൻപ് ജയന്റെ സ്പീഡ് എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ചാന്തുപൊട്ട് കഴിഞ്ഞ് ഒന്നരവർഷത്തിനു ശേഷം ചെയ്തപടമാണ് സ്പീഡ്. ‍ജയൻ നല്ലൊരു ഡയറക്ടറാണ്. നല്ല സ്ക്രിപ്റ്റാണ്. അർജുൻ സർ ഒരു ഡയറക്ടർ കൂടിയാണ്. ആ ഒരു കോൺട്രിബ്യൂഷനും ഞങ്ങൾക്ക് ഈ സിനിമയിൽ കിട്ടിയിട്ടുണ്ട്. സർ മ്യൂസിക്, രചന, സംവിധാനം എല്ലാം ചെയ്തിട്ടുണ്ട്. 

 

അർജുൻ – അതൊക്കെ ചുമ്മാ പറയുന്നതാണ്. ദിലീപിനെ കോമഡി ചെയ്താണല്ലോ എല്ലാവരും കണ്ടിരിക്കുന്നത്. ഈ സിനിമയിൽ ദിലീപ് നല്ലൊരു ആക്‌ഷൻ ഹീറോയായിട്ടാണ് വരുന്നത്. 

 

ദിലീപ് : ഞാൻ ഇതിൽ നന്നായി ചെയ്തിട്ടുണ്ടെങ്കിൽ അതിന്റെ ഫുൾ ക്രെഡിറ്റും അർജുന്‍ സാറിനും ഡയറക്ടർ ജയസൂര്യയ്ക്കുമാണ്. 

 

ദിലീപേട്ടന് ആക്‌ഷൻ ചെയ്തപ്പോൾ ടെൻഷനുണ്ടായിരുന്നോ?

 

അർജുൻ : ദിലീപിന് ഒരു ടെൻഷനും ഇല്ലായിരുന്നു.

 

ദിലീപ് : സർ നമ്മളോടെല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറിയതുകൊണ്ട് വളരെ നല്ല കംഫർട്ടായിരുന്നു. തമിഴിൽ പ്രഭുസാർ, സത്യരാജ് സാർ, ശരത്കുമാർ സാർ എന്നിവരോടൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഇവരൊക്കെ തരുന്ന സ്നേഹമാണ് നമ്മുടെ എനർജി. അത് ആ സിനിമയ്ക്കും ഗുണം ചെയ്യും. 

 

ദിലീപ് : അർജുൻ സർ കരാട്ടെ ഒക്കെ പഠിച്ചയാളാണ്. ബ്രൂസ്‍ലിയോടൊപ്പം ഉള്ള ഫോട്ടോയൊക്കെയുണ്ട്. ഇതിൽ ഞാൻ ഇതുവരെ ചെയ്തിട്ടില്ലാത്ത തരം ആക്‌ഷനുകളാണ്. അതൊരു പുതുമയായിരിക്കും. 

 

മലയാളം ഇന്‍ഡസ്ട്രിയെക്കുറിച്ച്

 

അർജുൻ : ഭാഷമാത്രമേ വ്യത്യാസമായി തോന്നിയിട്ടുള്ളൂ. എല്ലാ ഭാഷയിലെയും പടങ്ങൾ കാണാറുണ്ട്. ഓരോ നാടിന്റെയും സംസ്കാരത്തിലുള്ള വ്യത്യാസം മാത്രം. സെറ്റിലെല്ലാം ഒരു പോലൊക്കെ തന്നെയാണ്. നല്ല റിയലിസ്റ്റിക്കായിട്ടുള്ള പടങ്ങൾ അത് ഇഷ്ടപ്പെടുന്ന പ്രേക്ഷകർ. തമിഴിലും തെലുങ്കിലുമൊക്കെ പുതിയ ഒരു സബ്ജക്റ്റ് വച്ച് സിനിമ എടുത്താൽ ഓടുമോ എന്നു സംശയമാണ്. എന്നാൽ മലയാളത്തിൽ അങ്ങനെയുള്ള എക്സ്പിരിമെന്റൽ ഫിലിമുകൾ പ്രേക്ഷകർ കാണുന്നു. വിജയിപ്പിക്കുന്നു. മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട പടം തെങ്കാശിപ്പട്ടണം. 

 

ദിലീപ് : അത് ഞാനുള്ളതുകൊണ്ട് പറഞ്ഞതാണ്, വേറെ പടങ്ങളൊക്കെ സാറിന് ഇഷ്ടമാണ്. 

 

അർജുൻ : തനിയാവർത്തനം, ദശരഥം ഈ പടങ്ങളൊക്കെ ഇഷ്ടമാണ്. 

 

ഈ സിനിമയിലെ സംഗീതം

 

ദിലീപ് – രണ്ട് പാട്ട് ഷാനും(ഷാൻ റഹ്മാൻ), ഒരു പാട്ട് ഗോപിയുമാണ്(ഗോപി സുന്ദർ) ചെയ്തിരിക്കുന്നത്. ഒരു പാട്ട് ഞാനും സാറുമായി, പിന്നെയുള്ളത് ഞാനും ഹീറോയിനുമായി.

 

അർജുൻ : എനിക്ക് ഹീറോയിനുമായി പാട്ടില്ല. 

 

ദിലീപ് : സാറിനതായിരുന്നു പ്രശ്നം. 

 

ദിലീപ് : മ്യൂസിക്കാണ് ഈ മൂവിയുടെ ഹാർട്ട് ബീറ്റ്. റീറെക്കോർഡിങ് എടുത്തു പറയേണ്ടതാണ്. ഗോപിയാണ് ചെയ്തിരിക്കുന്നത്. 

 

അർജുൻ : ബാക്ക് ഗ്രൗണ്ട് മ്യൂസിക് മൂവിയെ ഒരുപാട് സഹായിച്ചിട്ടുണ്ട്. 

 

രണ്ടുപേരുടെയും പുതിയ പ്രോജക്ടുകൾ

 

ദിലീപ് – ക്രിസ്മസിന് മൈ സാന്റാ എന്നൊരു പടം റിലീസാവും. ഡിങ്കൻ ത്രീഡി ഷൂട്ടിങ് നടക്കുന്നു. 

 

അർജുൻ – തെലുങ്കിൽ മകളെ വച്ച് ഒരു സിനിമ ഡയറക്ട് ചെയ്യാൻ പോകുന്നു.  സെറ്റിൽ ചെന്ന് ഒരു ഡയറക്ടറായി മകളെ ഒന്നു വിരട്ടാം എന്നൊക്കെ ഓർത്തു. പക്ഷേ, ഷൂട്ടിങ് തുടങ്ങി കഴിഞ്ഞപ്പോൾ അച്ഛൻ മകൾ എന്നത് രണ്ടുപേരും മറന്നുപോയി വളരെ പ്രഫഷനലായിട്ടാണ് ചെയ്തത്. നല്ലൊരു എക്സ്പീരിയൻസായിരുന്നു.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com