ADVERTISEMENT

മലയാള സിനിമയിൽ തൊട്ടതെല്ലാം പൊന്നാക്കുന്നയാളാണു വിനീത് ശ്രീനിവാസൻ. എഴുതിയാലും പാടിയാലും അഭിനയിച്ചാലും സംവിധാനം ചെയ്താലും സംഭവം ഹിറ്റാകും. ഈ വർഷത്തെ 3 സിനിമകളായ മനോഹരം, തണ്ണീർമത്തൻ ദിനങ്ങൾ, ലവ് ആക്ഷൻ ഡ്രാമ എന്നിവ വൻവിജയങ്ങൾ. വീണ്ടും നിർമാതാവിന്റെ വേഷം, ഹെലൻ എന്ന സിനിമയിലൂടെ. 

 

മലയാളി പ്രേക്ഷകരെ വീഴ്ത്താനുള്ള ‘ടെക്നിക്ക് പിടികിട്ടിയോ? 

 

സത്യം പറഞ്ഞാൽ ഇല്ല. മലയാളികൾ അങ്ങനെ എളുപ്പം പിടിതരുന്നവരല്ല. നന്നായി പണിയെടുത്താൽ മാത്രമേ അവരോടൊപ്പം പിടിച്ചുനിൽക്കാനാകൂ. 

 

തിരക്കോടു തിരക്കാണ്. അതിനിടയ്ക്ക് എന്തുകൊണ്ട് വീണ്ടും നിർമാണം?  

 

സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ചു മാത്രമേ ആലോചിക്കാറുള്ളൂ. നിർമാണമൊക്കെ അതിനിടയിൽ അവിചാരിതമായി സംഭവിക്കുന്നതാണ്. 2016ലാണ് ആനന്ദം നിർമിച്ചത്. അതു വലിയ വിജയമായി. തെലുങ്കിലും കന്നടയിലുമൊക്കെ പോയി. പിന്നീട് എഴുത്തിന്റെയും അഭിനയത്തിന്റെ തിരക്കിലിരിക്കുമ്പോഴാണ് സുഹൃത്ത് നോബിൾ, മാത്തുക്കുട്ടി സേവ്യർ എന്ന സംവിധായകനെയും ആൽഫ്രഡ് എന്ന തിരക്കഥാകൃത്തിനെയും കൊണ്ടുവരുന്നത്. തിരക്കഥ കേട്ട് അഭിപ്രായം പറയണമെന്നായിരുന്നു ആവശ്യം. തിരക്കഥ കേട്ടപ്പോൾ നല്ല രസം. നിർമാതാവ് ആകാനായി ഞാൻ അവരോട് ചാൻസ് ചോദിച്ചു. അങ്ങനെ കിട്ടിയ അവസരമാണ്.  

 

അത്രയ്ക്കു ധൈര്യമുണ്ടോ? 

 

ഞാൻ ചെയ്യുന്ന സിനിമകളിൽ നിന്നു തികച്ചും വ്യത്യസ്തമാണ് ഈ സിനിമ. ഇന്റർവെല്ലിനു മുൻപ് ചെറിയൊരു സംഭവമുണ്ട്. അതിലാണ് ഞാൻ വീണത്. 

 

നിർമിക്കുന്ന സിനിമകളിൽ ഇടപെടാറുണ്ടോ? 

 

ഇല്ല. സിനിമ പൂർണമായും സംവിധായകന്റെതാണ്. തിരക്കഥാ ചർച്ച‌യിൽ ചില നിർദേശങ്ങൾ പറയും. അതു കൂട്ടായ ചർച്ചകളിലൂടെ തീരുമാനിക്കും. ഷൂട്ടിങ് തുടങ്ങിക്കഴിഞ്ഞാൽ പിന്നെ സിനിമയുടെ മുഴുവൻ അധികാരവും സംവിധായകനാണ്. 

 

വിനീതാണു ഗുരു എന്ന പറയുന്ന അജു 100 സിനിമകൾ പിന്നിട്ടല്ലോ? 

 

സിനിമയിലെ അനുഭവസമ്പത്തിന്റെ കാര്യത്തിൽ അജുവാണ് ഇപ്പോൾ ഞങ്ങളുടെ ഗുരു. ഏതാണ്ട് എല്ലാ സംവിധായകരുടെയും കൂടെ അജു അഭിനയിച്ചുകഴിഞ്ഞു. ഹെലനിൽ മറ്റൊരു അജുവിനെ കാണാം. നായകനായി അഭിനയിക്കുന്ന കമലയിലും അജു ഞെട്ടിക്കും. 

 

സംവിധായകനായി ഇനിയെന്നാണ്? 

 

അടുത്ത വർഷം തന്നെ വീണ്ടും സംവിധായകനാകും. തിരക്കഥ തയാറാണ്. രണ്ടരവർഷത്തോളമായി മനസിലുള്ള കഥയാണ്. അതിനായി അടുത്ത ഒന്നര വർഷത്തേയ്ക്ക് അഭിനയം നിർത്തിവച്ചിരിക്കുകയാണ്.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com