ADVERTISEMENT

എസിയുടെ തണുപ്പുപോലും സഹിക്കാനാകാത്ത ഒരാൾ മൈനസ് 3 ഡിഗ്രിയിൽ 20 ദിവസം ചെലവിടേണ്ടി വന്നാലോ! കുമ്പളങ്ങിയിലെ ഊഷ്മളതയിൽ നിന്ന് ഫ്രീസറിലെ എല്ലു മരവിക്കുന്ന തണുപ്പിലേക്കു കയറിയിരുന്ന അന്നയ്ക്ക് വെറും അഭിനയമായിരുന്നില്ല ഹെലൻ, അക്ഷരാർഥത്തിൽ തണുത്തുറഞ്ഞ അനുഭവം തന്നെയായിരുന്നു. ആ ഭീതിയും ആശങ്കയുമെല്ലാം സ്ക്രീനിലേക്ക് പകർന്ന് മലയാളത്തിലെ മികച്ച അഭിനേത്രികളിലൊരാളാണ് താനെന്ന് സംശയമേതുമില്ലാതെ ഉറപ്പിച്ചിരിക്കുന്നു അന്ന ബെൻ.

 

ഹെലനിലെ ടൈറ്റിൽ കഥാപാത്രം ആശങ്കയായിരുന്നോ?

 

കഥ കേട്ടപ്പോൾ തന്നെ ‘യെസ്’ പറയാനാണ് തോന്നിയത്. അത്ര എക്സൈറ്റ്മെന്റായിരുന്നു. തീർച്ചയായും ടൈറ്റിൽ കഥാപാത്രം എന്നു പറയുന്നത് കുറച്ചധികം ഉത്തരവാദിത്തമാണ്. പക്ഷേ, ശക്തമായൊരു തീം ഉള്ളതുകൊണ്ട് വലിയ സമ്മർദമോ ആശങ്കയോ തോന്നിയില്ല. വളരെ സപ്പോർട്ടീവായ ടീം ആയിരുന്നു. 

anna-ben-lal

 

ബേബി മോളെ തേടി ‘ഹെലൻ’ വന്നതെങ്ങിനെ?

 

ഹെലന്റെ അച്ഛനായി ലാൽ അങ്കിൾ അവരുടെ മനസിലുണ്ടായിരുന്നു. അദ്ദേഹത്തോട് കഥ പറയുമ്പോഴാണ് ഈ കഥാപാത്രം അന്ന ചെയ്താൽ നന്നായേക്കും എന്നു ലാലങ്കിൾ സജസ്റ്റ് ചെയ്തത്. പിറ്റേന്നു തന്നെ സംവിധായകൻ മാത്തുക്കുട്ടി വീട്ടിൽ വന്നു കഥ പറയുകയായിരുന്നു. ലാലങ്കിൾ നേരത്തേ തന്നെ കുടുംബസുഹൃത്താണ്, എന്റെ അനിയത്തിയുടെ ഗോഡ്ഫാദറും ആണ്. അതുകൊണ്ടു തന്നെ സിനിമയിൽ പപ്പ എന്നൊക്കെ വിളിക്കാൻ എനിക്കൊട്ടും അഭിനയിക്കേണ്ടി വന്നിട്ടില്ല.

anna-ben-helen

 

ചിക്കൻഷോപിലെ സെയിൽസ്ഗേളായി മാറിയതെങ്ങനെ?

 

എറണാകുളത്തെ ഫാസ്റ്റ് ഫുഡ് സെന്ററുകളിൽ പോകുമ്പോഴൊക്കെ സെയിൽസിലുള്ളവരെ കാണുന്നവരാണല്ലോ. ഈ പടത്തിന്റെ പ്രീപ്രൊഡക്ഷൻ ടീമിനൊപ്പം പുറത്തുപോയി, പല കാര്യങ്ങളും കണ്ടു പഠിച്ചു. അവരുടെ കിച്ചൺ വിസിറ്റ് ചെയ്തു. അതിനൊപ്പം മെഡിക്കൽ നിർദേശങ്ങളും തേടിയിരുന്നു. മൈനസ് ഡിഗ്രിയിൽ കുറേസമയം നിൽക്കേണ്ടി വരുന്നതല്ലേ. 

 

ഫ്രീസറിലെ ഷൂട്ടിങ് വെല്ലുവിളികൾ?

 

ഒരുപാട് ബുദ്ധിമുട്ടുണ്ടായിരുന്നു. എനിക്ക് തണുപ്പ് ഒട്ടും ഇഷ്ടമല്ല. എനിക്ക് എസി പോലും പറ്റില്ല. പക്ഷേ, ഇങ്ങനെയൊരു തീം വന്നപ്പോൾ അതിന്റേതായ സ്പിരിറ്റിൽ ചെയ്യുകയായിരുന്നു. സിനിമയിൽ മൈനസ് 17 ആണു കാണിക്കുന്നത്. പക്ഷേ, അത്രയും തണുപ്പിൽ ഷൂട്ടിങ് ഒട്ടും പറ്റില്ല. പക്ഷേ, ഫ്രീസറിലെ രംഗങ്ങളിൽ വായിൽ നിന്നു മിസ്റ്റ് വരുന്നതൊക്കെ യഥാർഥമായി ചെയ്യണമെന്ന നിർബന്ധമുണ്ടായിരുന്നു സംവിധായകന്. അതുകൊണ്ട് ഒരു ഫ്രീസർ സെറ്റ് ചെയ്ത് ടെംപറേച്ചർ കൺട്രോൾ മൈനസ് 3 ഡിഗ്രിയിലാക്കിയാണ് ഷൂട്ട് ചെയ്തത്. സംവിധായകനും ടീമിനും  ജാക്കറ്റും മറ്റുമുണ്ടായിരുന്നു. എനിക്ക് അതൊന്നുണ്ടായില്ല. പ്രൊഡ‌ക്ഷനിലെ ബാബുവേട്ടനും കുട്ടേട്ടനുമൊക്കെ ഒരുപാട് സഹായിച്ചു. ചൂടുള്ള ആഹാരം മാത്രം എനിക്കു തന്നു. തീർഥ എന്നൊരു ചേച്ചിയുണ്ട്്. ബ്ലാങ്കറ്റുമായി റെഡിയായി നിൽക്കും, ഷോട്ട് കഴിഞ്ഞാലുടൻ എനിക്കു തരാൻ. അങ്ങനെ നല്ലൊരു ടീമായിരുന്നു.

 

അന്നയുടെ ചിരിയുടെ പിന്നിൽ?

 

സിനിമയിലായാലും ജീവിതത്തിലായാലും ചിരിക്കുമ്പോൾ മനസു തുറന്നാണ് ചിരിക്കുന്നത്. ചിരിക്കാനാണ് ഇഷ്ടം. ഏതു സിറ്റുവേഷനിലും പെട്ടെന്നു വരുന്നതും ചിരിയാണ്.

 

പുതിയ സിനിമകൾ

 

റോഷൻ ആൻഡ്രൂസിനും ശ്രീനാഥ് ഭാസിക്കും ഒപ്പമുള്ള ‘കപ്പേള’യുടെ ഷൂട്ടിങ് കഴിഞ്ഞു. മുസ്തഫയാണ് സംവിധായകൻ. ര‍‍ഞ്ജൻ പ്രമോദ് പടം ഡിസംബറിൽ തുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com