ADVERTISEMENT

അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മെഗാ മാസ് ചിത്രം ഷൈലോക്കിലെ മമ്മൂട്ടിയുടെ പുതിയ ലുക്ക് പുറത്ത്. സിനിമയുടെ തിരക്കഥാകൃത്തുക്കളിലൊരാളായ ബിബിൻ മോഹനാണ് ചിത്രം പങ്കുവച്ചത്. 

 

ഗുഡ്‌വില്‍ എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് ഈ ബിഗ് ബജറ്റ് ചിത്രം നിര്‍മിക്കുന്നത്. തമിഴ് നടൻ രാജ് കിരൺ ഈ ചിത്രത്തിലൂടെ ആദ്യമായി മലയാളത്തിലെത്തുന്നു. മീനയാണ് നായിക. 2014ൽ പുറത്തിറങ്ങിയ ബാല്യകാലസഖിക്കു ശേഷം മീന വീണ്ടും മമ്മൂട്ടിയുടെ നായികയാകുന്നു.

 

മെഗാ മാസ് ആയി ഒരുങ്ങുന്ന ചിത്രത്തിൽ പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി എത്തുന്നത്. മമ്മൂട്ടി–രാജ് കിരൺ കോംപോ തന്നെയാകും സിനിമയുടെ പ്രധാനആകർഷണം. ദ് മണി ലെന്‍ഡര്‍ എന്നാണ് ചിത്രത്തിന്റെ ടാഗ്‌ലൈന്‍.  നവാഗതരായ അനീഷ് ഹമീദും ബിബിന്‍ മോഹനും ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്. രണദിവ് ആണ് ഛായാഗ്രഹണം. സംഗീതം ഗോപി സുന്ദര്‍.

 

ചിത്രത്തെക്കുറിച്ച് മമ്മൂട്ടിയുടെ വാക്കുകൾ: ‘ഷൈലോക്ക് എന്നല്ല ചിത്രത്തിലെ കഥാപാത്രത്തിന്റെ പേര്. കഴുത്തറപ്പൻ, അറുത്തകൈയ്ക്ക് ഉപ്പുതേക്കാത്തവൻ അങ്ങനെയൊക്കെയാണ് ഷൈലോക്ക് എന്നതിന്റെ അർഥം. ആ വാക്കുകൾ സിനിമയ്ക്ക് ഉപയോഗിച്ചാൽ ഭംഗിയാകാത്തതുകൊണ്ടാണ് ഷൈലോക്ക് എന്ന പേര് ഉപയോഗിച്ചത്. ‘ഷൈലോക്ക്’ എന്ന പേരിൽ പ്രശസ്തമായ കഥാപാത്രമുണ്ട്. അയാളൊരു കൊള്ളപ്പലിശക്കാരനാണ്. കൊടുത്ത പൈസ തിരികെ തന്നില്ലെങ്കിൽ തുടയിലെ റാത്തൽ ഇറച്ചി പിടിച്ചുമേടിക്കുകയാണ് രീതി. അതുമായി ഈ സിനിമയ്ക്ക് ബന്ധമില്ല. വളരെ പിശുക്കുള്ള പലിശക്കാരന്റെ കഥയാണ് ഈ സിനിമ. വളരെ പാവപ്പെട്ടവൻ. രാജ് കിരൺ സർ ആണ് യഥാർഥത്തില്‍ നായകൻ. അദ്ദേഹം മലയാളത്തിൽ ആദ്യമായാണ് അഭിനയിക്കുന്നത്. ഈ കഥ അദ്ദേഹത്തെ നേരിട്ടു പറഞ്ഞു മനസ്സിലാക്കി. 35 വർഷമായി സിനിമയിൽ വന്നിട്ടെങ്കിലും 22 സിനിമകളിലെ അദ്ദേഹം അഭിനയിച്ചിട്ടൊള്ളൂ. ഞങ്ങളെപ്പോലെ നാനൂറൊന്നും തികയ്ക്കാൻ നോക്കിയിട്ടില്ല. സാധാരണ അന്യഭാഷയിൽ നിന്നും ആളെ കൊണ്ടുവരുന്നത് ഇടികൂടുന്നതിനും മറ്റുമാണ്. ഈ സിനിമയിൽ വലിയൊരു കഥാപാത്രമാണ് അദ്ദേഹത്തിന്. പ്രധാനകഥാപാത്രമെന്നു വേണമെങ്കിൽ പറയാം. തമിഴനായി തന്നെയാണ് ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. തമിഴിലും മലയാളത്തിലും കൂടി ചേർന്നാണ് ചിത്രം നിർമിക്കുന്നത്. തമിഴ് ടൈറ്റിലിലാകും ചിത്രം അവിടെ എത്തുക.’

 

‘അജയ് വാസുദേവിന്റെ മൂന്നാമത്തെ സിനിമയാണ്. പുതിയ രണ്ട് എഴുത്തുകാരാണ് ചിത്രത്തിന്റെ തിരക്കഥ. മീനയാണ് നായിക. 28 വർഷത്തിനു ശേഷം രാജ്കിരണും മീനയും ഒന്നിച്ചു അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. വലിയ സിനിമയായാണ് ചിത്രം ഒരുങ്ങുന്നത്. ബജറ്റ് കൂടുതലായതിനാൽ കാശൊക്കെ കുറച്ചാണ് മേടിക്കുന്നത്. വലിയ താരനിര ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. പ്രത്യേകതയുള്ള ചിത്രമായിരിക്കും ഷൈലോക്ക്.’–മമ്മൂട്ടി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com