ADVERTISEMENT

ദൃശ്യത്തിനു ശേഷം മോഹന്‍ലാലും ജീത്തു ജോസഫും വീണ്ടുമൊന്നിക്കുന്നു . ഇന്ത്യയിലും പുറത്തുമായി ചിത്രീകരിക്കുന്ന ചിത്രത്തിന്‍റെ പേര് റാം. ജനുവരി അഞ്ചിന് ചിത്രീകരണം തുടങ്ങുന്ന സിനിമയെ പറ്റി കഴിഞ്ഞ ദിവസം കൊച്ചിയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ ഇരുവരും വിശദീകരിച്ചു.

 

RAM Movie Title Launch

റാം ,ദൃശ്യമാവില്ലെന്ന ഉറപ്പാണ് പ്രേക്ഷകര്‍ക്ക് ജീത്തു ജോസഫ് നല്‍കുന്നത്. തന്‍റെ ജീവിതത്തിലിന്നോളം ചെയ്തിട്ടുളളതില്‍ ഏറ്റവും ചെലവേറിയ സിനിമയുടെ ചിത്രീകരണം എറണാകുളത്തു ‍തുടങ്ങി ധനുഷ്കോടിയും, ഡല്‍ഹിയും കടന്ന്  ഉസ്ബെക്കിസ്ഥാനിലും,കെയ്റോയിലും,ലണ്ടനിലുമെത്തുമെന്ന് ജീത്തു വിശദീകരിച്ചു. തുടര്‍ച്ചയായ ബിഗ് ബജറ്റ് സിനിമകളുടെ പിന്നിലെ കാരണത്തെ പറ്റി മോഹന്‍ലാല്‍ പറഞ്ഞതിങ്ങനെ.

RAM Movie Title

 

‘ദൃശ്യം എന്ന സിനിമ ഒരുപാട് പേരുണ്ടാക്കിയ ചിത്രമാണ്. വലിയ വിജയമായിരുന്നു. അതിപ്പോൾ ചൈനയിൽ റീമേക്ക് ചെയ്യുന്നു. ഇതും ഒരു ത്രില്ലര്‍ സിനിമയാണ്. വലിയൊരു കമ്പനിയാണ് ഇത് നിർമിക്കുന്നത്. ഒരുപാട് നാളത്തെ ചർച്ചകൾക്കു ശേഷമാണ് ഈ സിനിമ ചെയ്യാൻ തീരുമാനിക്കുന്നത്. വളരെ പാഷനോടുകൂടിയാണ് ഈ ചിത്രത്തെ കാണുന്നത്. വലിയ ലൊക്കേഷനുകൾ സിനിമയ്ക്ക് ആവശ്യമാണ്. വലിയ താരനിരയുണ്ട്. എല്ലാ സിനിമകളും തുടങ്ങുമ്പോൾ അത് ഹിറ്റാകട്ടെ എന്നു പ്രാർഥിച്ചാണ് തുടങ്ങുന്നത്. ചില സിനിമകൾ അങ്ങനെ ആകുന്നു, ചിലത് അങ്ങനെ അല്ലാതാകുന്നു. അതിന്റെ രഹസ്യം ആർക്കും അറിയില്ല. ഈ സിനിമയും അങ്ങനെ തന്നെയാണ്. ആ രഹസ്യം അറിയാതെ ഈ ചിത്രം മുന്നോട്ടുപോകുന്നു.’–മോഹൻലാൽ പറഞ്ഞു.

 

‘ഈ സിനിമയിലെ തൃഷയുടെ കഥാപാത്രം ഡോക്ടറാണ്. കഥ പോകുന്ന രീതി അനുസരിച്ച് നമുക്ക് പരിചയമില്ലാത്ത ഒരാൾ അഭിനയിച്ചാൽ നന്നാകുമെന്ന് തോന്നി. തൃഷയെ കൂടാതെ പലപേരുകൾ പറഞ്ഞിരുന്നു. അങ്ങനെ തൃഷയിൽ എത്തുകയായിരുന്നു.’–മോഹൻലാൽ പറഞ്ഞു. ഈ ചിത്രത്തിൽ മീശ പിരിക്കുമോ എന്ന ചോദ്യത്തിന് പിരിക്കാനും പിരിക്കാതിരിക്കാനും ചാൻസ് ഉണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

 

‘ഇതൊരു വലിയ സിനിമയാണ്. ദൃശ്യത്തിനു ശേഷം മോഹൻലാൽ–ജീത്തു ജോസഫ് ടീം വീണ്ടും. അങ്ങനെ ഒരുപാട് പ്രത്യേകതകൾ ഉണ്ട്. പല ചടങ്ങുകളിലും മോഹൻലാൽ സാറിനെ കാണുമ്പോൾ ഞാൻ ചോദിക്കും, ‘എപ്പോഴാണ് നമ്മൾ ഒന്നിച്ചുള്ള സിനിമ വരുന്നതെന്ന്’. അതിപ്പോൾ നടന്നു.’–തൃഷ പറഞ്ഞു.

 

ജീത്തു ജോസഫ്: ‘ഈ സിനിമ സംഭവിക്കുന്നത് വളരെ ആകസ്മികയാണ്. ഇതിന്റെ നിർമാതാക്കൾ ആണ് ആദ്യം സമീപിക്കുന്നത്. അവരാണ് ഇതിന്റെ പ്രമേയം അവതരിപ്പിക്കുന്നത്. അത് എനിക്ക് ഇഷ്ടപ്പെട്ടു. ബിഗ് ബജറ്റ് സിനിമയാണ്. അങ്ങനെ മോഹൻലാലിനെ കണ്ടു. അദ്ദേഹത്തിനും ഇഷ്ടപ്പെട്ടു. പക്ഷേ അത് പെട്ടന്ന് നടക്കാതെ പോയി. ദൃശ്യം കഴിഞ്ഞതിനു ശേഷം ലാലേട്ടനെവച്ചൊരു പടം എന്നു പറയുമ്പോൾ എനിക്കൊരു ടെൻഷനും പേടിയും ഉണ്ടായിരുന്നു. നല്ലൊരു പ്രമേയം കണ്ടെത്തണം. അങ്ങനെ വീണ്ടും അതേ നിർമാതക്കളിൽ എത്തി. മൂന്ന് വർഷം മുമ്പാണ് എനിക്കൊരു പ്രമേയം ലഭിക്കുന്നത്. പക്ഷേ പ്രോജക്ട് നീണ്ടുപോയി. ഞാൻ അതിനിടയിൽ തമിഴിലും ഹിന്ദിയിലും സിനിമ ചെയ്തു. ഈ നിർമാതക്കളുടെ ക്ഷമയെ ഞാൻ അഭിനന്ദിക്കുന്നു. അവർ കാത്തിരുന്നു. നല്ല പാഷനുള്ള നിർമാതാക്കളാണ് ഇവർ.’

 

‘ഈ പ്രോജക്ടിനെക്കുറിച്ച് ഒരുപാട് വാർത്തകൾ പ്രചരിച്ചിരുന്നു. എന്തായാലും ദൃശ്യം സിനിമ പോലുള്ളൊരു കഥയല്ല ചിത്രത്തിന്റേത്. എന്റർടെയ്നറാണ്. കുറച്ച് ആക്‌ഷനുണ്ട്. നല്ലൊരു താരനിരയുണ്ട്. ലാലേട്ടനാണ് തൃഷയുടെ പേര് പറയുന്നത്. കാരണം ആ കഥാപാത്രത്തെക്കുറിച്ച് എഴുതുമ്പോൾ ആരുടെ മുഖവും എന്റെ മനസിൽ വരുന്നില്ലായിരുന്നു. പിന്നെ ഈ ചിത്രത്തിൽ മറ്റൊരു സ്പെഷൽ കഥാപാത്രമുണ്ട്. വളരെക്കുറച്ച് മാത്രം ഉള്ളൊരു കഥാപാത്രം. അത് ചെയ്യുന്നത് ആദിൽ ഹുസൈനാണ്.’ 

 

‘ഇന്ദ്രജിത്ത്, സുരേഷ് മേനോൻ, സിദ്ദിഖ്, ദുർഗ കൃഷ്ണ എന്നിവരാണ് മറ്റുതാരങ്ങൾ. ജനുവരി അഞ്ചിന് ഷൂട്ടിങ് തുടങ്ങും. 95 ദിവസം ഷൂട്ട് ഉണ്ടാകും. എന്റെ ജീവിതത്തിൽ ഇത്രയും സമയമെടുത്ത് ചിത്രീകരിക്കുന്ന ആദ്യ സിനിമയാകും റാം. മോഹൻലാലിന്റെ കഥാപാത്രത്തിന്റെ പേരാണ് റാം.’

 

‘മെമ്മറീസും ദൃശ്യവുമാണ് ഞാൻ ചെയ്തിരിക്കുന്ന ത്രില്ലര്‍ സിനിമകൾ. ഇതൊരു ആക്‌ഷന്‍ ത്രില്ലറാകും. ഇന്ത്യയിലാണ് ചിത്രീകരണം ആരംഭിക്കുക. കെയ്റോ, ഉസ്ബെക്കിസ്ഥാൻ, യുകെ, ഡൽഹി, ധനുഷ്കോടി, കൊളംബോ തുടങ്ങിയവയാകും ലൊക്കേഷൻ. ചില സ്ഥലങ്ങൾ തീരുമാനിച്ചിട്ടില്ല.’–ജീത്തു വ്യക്തമാക്കി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com