ADVERTISEMENT

ഇടക്കൊച്ചിയിൽ പുതിയ വീടു പണിയുമ്പോൾ റോഷൻ ആൻഡ്രൂസ് രണ്ടു കാര്യങ്ങളാണ് ആർക്കിടെക്ടിനോടു പറഞ്ഞത്: മുറ്റത്തിറങ്ങിയാൽ പുഴ കാണണം. വീട്ടിലിരുന്നാൽ സിനിമ കാണണം.

 

റോഷന്റെ വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇടം ഹോം തിയറ്റർ ആണ്. 4 കെ പ്രൊജക്‌ഷൻ സൗകര്യവും ഡോൾബി അറ്റ്‌മോസുമൊക്കെയുള്ള കിടിലൻ തിയറ്റർ. നാലു സൈഡിലും സിനിമാ സംബന്ധമായ പുസ്‌തകങ്ങൾ അടുക്കിവച്ച ലൈബ്രറി. ക്ലാസിക്സ് സിഡികളുടെ വലിയ ശേഖരം. അതിനു നടുവിൽ പഴയൊരു നാടക കൂട്ടായ്മയുടെ ചിത്രം. തൃപ്പൂണിത്തുറ ഭാസഭേരിയിലെ നാടകക്കാലത്തെ ഓർമയാണത്. റോഷൻ ആൻഡ്രൂസ് എന്ന സംവിധായകൻ പണ്ടൊരു നടനായിരുന്നു. ഇപ്പോൾ സ്വന്തം സിനിമയിലൂടെ റോഷൻ വീണ്ടും നടനാകുന്നു.

 

rosshan-4

പൂവൻകോഴിയിലെ ആന്റപ്പൻ 

rosshan-andrews-poovankozhi

 

rosshan-2

‘‘അഭിനയം ഇഷ്ടപ്പെടുന്നയാളാണ് ഞാൻ. കോളജിൽ മിമിക്രിയും നാടകവുമായി നടന്നിട്ടുണ്ട്. പിന്നീട് തൃപ്പൂണിത്തുറ ഭാസഭേരിയിൽ ചന്ദ്രദാസൻ സാറിന്റെ നാടകക്കളരിയിൽ അംഗമായിരുന്നു. സ്‌റ്റൻസിലാവിസ്‌കിയുടെ ‘ആൻ ആക്ടർ പ്രിപ്പയേഴ്‌സ്’ വായിച്ചപ്പോൾ കിട്ടിയ കാര്യങ്ങളാണ് ഉദയഭാനുവിലും നിരുപമയിലും ആന്റണി മോസസിലും പച്ചാളം ഭാസിയിലും ഞാൻ പ്രയോഗിച്ചത്. ഇവരെല്ലാം എന്റെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്. എന്റെ പത്തു സിനിമയിൽ ഒരു ചെറിയവേഷം പോലും ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല. ഒരു ഫ്രെയിമിലുള്ള ഒരാൾ മോശമായാൽ അതൊരു കല്ലുകടിയാകും. നടനാകാൻ മോഹമുണ്ടായിരുന്നതു കൊണ്ടാണ് നാടകങ്ങളിൽ അഭിനയിച്ചത്. 

 

പ്രതി പൂവൻകോഴിയിലെ ആന്റപ്പന്റെ വേഷം ചെയ്യാൻ മുൻപ് നിശ്ചയിച്ചിരുന്ന നടൻ ഡേറ്റ് ഇഷ്യു കൊണ്ടു മാറിപ്പോയി. അങ്ങനെയാണ് ഞാൻ ആ വേഷം ചെയ്തത്. ഇവനിട്ടു രണ്ടടി കൊടുക്കണം എന്നു കാഴ്‌ചക്കാർക്കു തോന്നുന്ന മുഖമുള്ളയാളായിരിക്കണം ആന്റപ്പൻ എന്നു തോന്നി. തിരക്കഥാകൃത്ത് ഉണ്ണി ആർ. സിനിമയുടെ കഥ പറഞ്ഞപ്പോൾ മുതൽ അങ്ങനെയൊരു ചിത്രം തെളിഞ്ഞുവന്നു.

rosshan-andrews-2

 

rosshan-45

‌എനിക്ക് ഒരുപാടു ശത്രുക്കളുള്ളതിനാൽ ആന്റപ്പന്റെ വേഷം ഞാൻ തന്നെ ചെയ്യാൻ തീരുമാനിച്ചു. എന്റെ അഭിനയം ഞാൻ തന്നെ മോണിറ്ററിൽപ്പോയി കണ്ട് ചെയ്തു. ചിലപ്പോൾ ആൾക്കൂട്ടത്തിനു നടുവിൽ ഒരു വള്ളിനിക്കർ മാത്രമിട്ട് അഭിനയിക്കേണ്ടി വന്നു.  അഭിനയവും സംവിധാനവും ഒരുപോലെ ചെയ്യേണ്ടി വരുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.

 

‘ഹൗ ഓൾഡ് ആർ യു’ സ്‌ത്രീകളെ സ്വപ്‌നം കാണാനാണ് പഠിപ്പിച്ചതെങ്കിൽ പ്രതി പൂവൻകോഴി പ്രതികരിക്കാനാണ് അവരെ പ്രാപ്‌തരാക്കുന്നത്. സ്‌ത്രീകൾ കണ്ടിരിക്കേണ്ട സിനിമയാണിത്. ജീവിതത്തിൽ പലപ്പോഴും ഇത്തരമൊരു ഘട്ടത്തിലൂടെ കടന്നുപോയവരാണ് നമ്മുടെ സഹോദരിമാരിൽ പലരും.

manju-1-anusree

 

ഇത്തരമൊരു ചെറിയ സിനിമ ചെയ്തതിനു കാരണം?

 

എന്റെ പത്തു സിനിമകളിൽ എട്ടും സാമ്പത്തിക വിജയം നേടിയതാണ്. ഞാൻ ചെലവേറിയ സിനിമകളേ ചെയ്യൂ എന്നൊരു വ്യാഖ്യാനം ശരിയല്ല. ഉദയനാണ് താരം എന്ന സിനിമയുടെ ബജറ്റ് 2.75 കോടി രൂപയാണ്. നോട്ട് ബുക്കിന് 3.50 കോടി ആയി. ഇവിടം സ്വർഗമാണ് 4 കോടി ചെലവായി. ഇതെല്ലാം ലാഭകരമായ സിനിമകളാണ്. കായംകുളം കൊച്ചുണ്ണി 45 കോടിയിലേറെ ചെലവിട്ടു ചെയ്‌ത സിനിമയാണ്.  ആ സിനിമ നിർമാതാവിനു പണം തിരിച്ചു നൽകി. 

manju-warrier-madhuri

 

കൊച്ചുണ്ണി ചെയ്‌ത അതേ ഗോകുലം പ്രൊഡക്‌ഷൻസ് ആണ് പ്രതി പൂവൻകോഴി ചെയ്യുന്നത്. 38 ദിവസം കൊണ്ട് ഈ സിനിമ ചെയ്‌തു തീർത്തു. 5.50 കോടിയാണ് ചെലവ്. ഒരു സിനിമയുടെ കഥയാണ് അതിന്റെ ചെലവ് നിശ്ചയിക്കുന്നത്. കായംകുളം കൊച്ചുണ്ണിയിൽ ആത്മാർഥമായി എനിക്കൊപ്പം നിന്നതാണ് നിർമാതാവ്. എന്നെ വച്ച് സിനിമ ചെയ്യരുത് എന്ന് ഉപദേശിക്കുന്നവരുണ്ട്. 

 

പത്തു സിനിമകളിൽ കാസനോവയും കായംകുളം കൊച്ചുണ്ണിയുമാണ് എന്റെ ചെലവേറിയ സിനിമകൾ. ഞാൻ തമിഴിൽ സൂര്യയുടെ ചിത്രം നിർമിച്ചിട്ടുണ്ട്. എന്റെ സിനിമകളിൽ കാസനോവയും സ്‌കൂൾ ബസും മാത്രമാണ് പരാജയപ്പെട്ടത്. ഞാൻ ക്വാളിറ്റിയുള്ള സിനിമകളേ കൊടുക്കൂ. എന്റെ അടുത്ത സിനിമ നിർമിക്കുന്നത് ദുൽഖർ സൽമാനാണ്. ദുൽഖർ തന്നെയാണ് നായകനും. 

 

ഓരോ സീനിനും ചെലവ് നിശ്ചയിക്കാൻ പറ്റുമോ? 

 

കഥ കിട്ടിയാൽ ഞാൻ പൂർണമായും ഇൻവോൾവ്‌ഡ് ആണ്. എങ്ങനെ തിരക്കഥയെ സമീപിക്കണം എന്നതിന്റെ സ്‌കൂൾ ശ്രീനിയേട്ടനാണ്. ഞാൻ പറഞ്ഞ കഥയും ശ്രീനിയേട്ടന്റെ അനുഭവ സമ്പത്തുമാണ് ‘ഉദയനാണ് താരം’ എന്ന എന്റെ ആദ്യ സിനിമ. പത്തു സിനിമകളിലും ശ്രീനിയേട്ടൻ പഠിപ്പിച്ചതാണ് ഞാൻ ചെയ്‌തിരിക്കുന്നത്. ഒരു തിരക്കഥാകൃത്തിനെ പരമാവധി പ്രോൽസാഹിപ്പിക്കുന്നതാണ് എന്റെ ശൈലി. എഴുത്തിൽ ഇടപെടാറില്ല. തിരക്കഥ കയ്യിൽ കിട്ടിയാൽ പിന്നെ ചർച്ചകളിലൂടെ പുതുക്കും. അതിനുശേഷം കൃത്യമായി ലൊക്കേഷൻ നിർണയിക്കും. 

 

എനിക്കു ടെക്‌നീഷ്യൻമാരുടെ ഒരു ഗ്രൂപ്പുണ്ട്. പിന്നീടു വിശദമായൊരു സിറ്റിങ് നടക്കും. ഓരോ സീനുമെടുത്തു ചർച്ച നടക്കും. ഈ സീനിലെ ആളുകൾ, അവരുടെ വേഷം, ലൊക്കേഷൻ എല്ലാം നിർണയിച്ചു സീൻ തിരിച്ച് കോസ്‌റ്റ് ചർച്ച ചെയ്യും. ഇതു വച്ച് പ്രൊഡക്‌ഷൻ കൺട്രോളറോട് ബജറ്റിടാൻ പറയും. അതു കൃത്യമായ ബജറ്റ് ആയിരിക്കും. 

 

ആർട്ടിസ്‌റ്റിന്റേയും ടെക്‌നീഷ്യന്റെയും പ്രതിഫലം മാറില്ല. പോസ്‌റ്റ് പ്രൊഡക്‌ഷൻ ചെലവും മാറില്ല. അപ്പോൾ നിത്യച്ചെലവ് കൃത്യമായി കണക്കുകൂട്ടും. അത് ആദ്യമേ നിർമാതാവിനു മുന്നിൽ അവതരിപ്പിക്കും. പ്രതി പൂവൻകോഴിയിൽ 12 ലക്ഷമാണ് ആർട്ടിനു വേണ്ടി ചെലവാക്കിയത്.  കായംകുളം കൊച്ചുണ്ണിക്ക് ഇതു 12 കോടിയാണ്.  കഥയും സാഹചര്യവുമാണ് ഓരോ സിനിമയുടെയും ചെലവ് നിശ്ചയിക്കുന്നത്.

 

സിനിമാ പുസ്തകങ്ങൾ എന്തു പഠിപ്പിച്ചു? 

 

ജോസഫ് വി. മസെല്ലിയുടെ ‘ഫൈവ് സീസ് ഓഫ് സിനിമാട്ടോഗ്രഫി ’എന്നൊരു പുസ്‌തകമുണ്ട്. ഓരോ ഷോട്ടിന്റെയും അർഥമെന്താണെന്നു കൃത്യമായി പറഞ്ഞു തരുന്നതാണത്. 

‘100 ഐഡിയാസ് ദാറ്റ് ചെയ്‌ഞ്ച്‌ഡ് ദ് ഫിലിം ’ എന്നൊരു ബുക്കാണ് മറ്റൊന്ന്. ഡേവിഡ് പാർക്കിൻസനാണ് രചയിതാവ്. മാസ്‌റ്റേഴ്‌സിന്റെ സിനിമകളിലെ ഷോട്ടുകൾ വിലയിരുത്തുന്നതാണിത്. സെഡ് ഫീൽഡിന്റെ സ്‌ക്രീൻപ്ലേ എന്ന പുസ്തകം തിരക്കഥയിൽ നല്ലൊരു പഠനം ആണ്. സ്‌റ്റീവൻ കറ്റ്‌സിന്റെ ഷോട്ട് ബൈ ഷോട്ട് എന്ന പുസ്‌തകമാണ് മറ്റൊന്ന്. ഒരു ഷോട്ടിൽ നിന്ന് അടുത്ത ഷോട്ടിലേക്കുള്ള മാറ്റം പറയുന്ന പുസ്‌തകമാണിത്. എന്നാൽ എന്നെ ഏറ്റവും ആകർഷിച്ചത് മമ്മൂക്കയുടെ ചമയങ്ങളില്ലാതെ എന്ന പുസ്‌തകമാണ്. അത്രമാത്രം പാഷനോടെ സിനിമയെ കണ്ട ഒരാളുടെ ജീവിതമാണത്. അതൊരു സിനിമയാക്കാൻ മോഹവുമുണ്ട്.

 

പ്രതിസന്ധികൾ എന്തു പഠിപ്പിച്ചു? 

 

കഴിഞ്ഞ ആറുവർഷത്തിനിടെ അപ്പച്ചനും അമ്മച്ചിയും സഹോദരനും എന്നെ വിട്ടുപോയി. സ്വന്തം വീട് ജപ്‌തി ചെയ്യുന്നതു കണ്ടുനിന്നയാളാണ് ഞാൻ. അത്രമേൽ കണ്ണീർ കുടിച്ചിട്ടുണ്ട്. അടുത്തിടെ ഒരു സംഭവത്തിൽ എന്നെ മോശമാക്കിക്കാണിക്കാൻ ഒരു ശ്രമം നടന്നു. ഞാൻ ഒരു നല്ലകാര്യത്തിനു വേണ്ടി ഒരാൾക്കൊപ്പം നിൽക്കാൻ ശ്രമിച്ചതാണ്. ശത്രുക്കളെ തിരിച്ചറിയാൻ അതുകൊണ്ടു കഴിഞ്ഞു. എനിക്ക് ആരോടും വഴക്കും പരിഭവവുമില്ല. എനിക്കു വേണ്ടത് മനഃസമാധാനമാണ്. ഞാൻ സൈഡിൽക്കൂടി പൊയ്‌ക്കോളാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com