ADVERTISEMENT

മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡചിത്രം 'മാമാങ്കം' നൂറു കോടി ക്ലബ്ബിൽ. റിലീസ് ചെയ്ത് എട്ടാം ദിനമാണ് ചിത്രം നൂറുകോടി ക്ലബ്ബില്‍ ഇടംപിടിച്ചത്. സിനിമയുടെ നിർമാതാവ് വേണു കുന്നപ്പിള്ളി തന്നെയാണ് ഇക്കാര്യം സമൂഹമാധ്യമത്തിലൂടെ അറിയിച്ചത്. 

 

നൂറുകോടി നേടുന്ന മമ്മൂട്ടിയുടെ രണ്ടാമത്തെ ചിത്രമാണ് മാമാങ്കം. മധുരരാജയും ഈ നേട്ടം കൈവരിച്ചിരുന്നു. സിനിമയ്‍ക്കെതിരെ നടക്കുന്ന ഡീഗ്രേഡിങ്ങിനിടയിലും വിമര്‍ശനങ്ങള്‍ക്കിടിയിലും ബോക്‌സോഫീസില്‍ സിനിമ വന്‍ കുതിപ്പ് നടത്തുന്നതിന്‍റെ സൂചനകൂടിയാണ് ഈ നേട്ടം.

 

മലയാളത്തിന് പുറമെ തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു. ചിത്രം റെക്കോര്‍ഡ് തുകയ്ക്ക് ചൈനയില്‍ പ്രദര്‍ശനത്തിന് ഒരുങ്ങുകയുമാണ്. കഴിഞ്ഞദിവസമാണ് സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ ഇത് വ്യക്തമാക്കിയത്. 

 

ചിത്രത്തിന്‍റെ ആഗോള കലക്‌ഷന്‍ നാലു ദിവസം കൊണ്ട് 60 കോടി പിന്നിട്ടിരുന്നതും വലിയ വാര്‍ത്തയായിരുന്നു. ആദ്യദിനം ചിത്രം നേടിയത് 23 കോടി രൂപയായിരുന്നുവെന്ന് നിര്‍മാതാവ് വേണു കുന്നപ്പിള്ളി അറിയിച്ചിരുന്നു. സംവിധായകൻ എം.പത്മകുമാറാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

 

അതേസമയം ‘മാമാങ്കം’ സിനിമയെ തകർക്കാൻ ഗൂഢാലോചന നടത്തിയ പ്രതികളിലൊരാളെ പൊലീസ് ചോദ്യം ചെയ്തു വിട്ടയച്ചു. തിരുവനന്തപുരം സ്വദേശി സൂരജിനെയാണു സെൻട്രൽ പൊലീസ് വിളിച്ചു വരുത്തി ചോദ്യം ചെയ്തത്. മാമാങ്കം റിലീസ് ചെയ്യുന്നതിനു മുൻപു തന്നെ പ്രതികൾ സിനിമയെ തകർക്കണമെന്നും മോശമാണെന്നു പ്രചരിപ്പിക്കണമെന്നും സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടതു ചൂണ്ടിക്കാട്ടിയാണു കേസ് എടുത്തിരിക്കുന്നത്.

 

ഇതിന്റെ ശബ്ദരേഖയുൾപ്പെടെയാണു പരാതി നൽകിയത്. സിനിമ വ്യവസായത്തെ തകർക്കാൻ ശ്രമിക്കുന്ന മാഫിയ സംഘത്തിലെ കണ്ണിയാണു പ്രതിയെന്നു സൂചനയുണ്ട്. മാമാങ്കം സിനിമയെ തകർക്കാൻ അപവാദ പ്രചാരണം നടക്കുന്നതായി നിർമാതാവും സംവിധായകനും റിലീസിനു മുൻപു തന്നെ ആരോപിച്ചിരുന്നു. ചിത്രത്തിനെതിരെ നടന്ന ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കണം എന്നാവശ്യപ്പെട്ടാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എയ്ജോ ആന്റണി ജോസഫ് പരാതി നൽകിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com