ADVERTISEMENT

മലയാള സിനിമയിലെ വനിതാ സൂപ്പർ താരവും സൂപ്പർ സംവിധായകനും തിയറ്ററുകളെ ഇളക്കി മറിച്ച് മുഖാമുഖം പോരു തുടരുമ്പോൾ മാധുരിയെന്ന ആരും മറക്കാത്ത കഥാപാത്രത്തെ മലയാളത്തിനു നൽകിയതിൽ അതീവ സന്തുഷ്ടയാണു മഞ്ജു വാരിയർ. ‘പത്രം’ എന്ന സിനിമയിൽ പൊലീസുകാരെപ്പോലും വിറപ്പിച്ച ദേവിക ശേഖറിനു ശേഷം ഒരിക്കൽക്കൂടി മുഷ്ടി ചുരുട്ടിയ കഥാപാത്രമാണ് മാധുരി. റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘പ്രതി പൂവൻകോഴി’ എന്ന ചിത്രത്തിലെ വിശേഷങ്ങളും ഭാവിപദ്ധതികളും പങ്കുവച്ച് മഞ്ജു വാരിയർ. 

 

എന്തുകൊണ്ട് ഈ സിനിമ? 

manju-anusree

 

പൊതുഇടങ്ങളിൽ സഞ്ചരിക്കുമ്പോൾ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതത്തിൽ പലപ്പോഴും അനുഭവിച്ചിട്ടുള്ള അല്ലെങ്കിൽ സംഭവിക്കാവുന്ന വിഷയമാണ് ഈ ചിത്രം ചർച്ച ചെയ്യുന്നത്. ‘ഹൗ ഓൾഡ് ആർ യു’ എന്ന ചിത്രത്തിനു ശേഷം റോഷൻ എന്നെ മറ്റൊരു സിനിമയിലേക്കു വിളിക്കുന്നു എന്നതു തന്നെ ഈ സിനിമ ചെയ്യാനുള്ള മറ്റൊരു പ്രധാന കാരണമാണ്. നിരുപമ എന്ന ശക്തമായ കഥാപാത്രത്തെ എനിക്കു തന്ന സംവിധായകൻ അടുത്ത സിനിമയിലേക്കു വിളിക്കുമ്പോൾ പഴയതിലും ശക്തമായ കഥാപാത്രമാകണം ഇതെന്ന നിർബന്ധം എന്നേക്കാളുമേറെ റോഷനുമുണ്ട്. റോഷന്റെ കൂടെ അഭിനയിക്കുക എന്നതു മറ്റൊരു വ്യത്യസ്തത. ഉണ്ണി ആറിന്റെ കഥ, ഗോകുലം മൂവീസിന്റെ നിർമാണം അങ്ങനെ ഒട്ടേറെ കാര്യങ്ങളാണ് ഈ സിനിമയോട് എന്നെ ചേർത്തു നിർത്തിയത്. 

manju-21

 

പത്രത്തിലെ ദേവികയെപ്പോലെയാണോ മാധുരി? 

manju-warrier-madhuri

 

പത്രത്തിലെപ്പോലെ നെടുനീളൻ ഡയലോഗുകളൊന്നുമുള്ള സിനിമയല്ല ഇത്. വളരെ വളരെ സാധാരണക്കാരിയാണു മാധുരി. ഏതു സാഹചര്യത്തിലാണു മാധുരിക്കു മുഷ്ടി ചുരുട്ടേണ്ടി വന്നതെന്നു സിനിമ കാണുമ്പോൾ വ്യക്തമാവും. അത്രയും റിയലിസ്റ്റിക്കായ സിറ്റുവേഷൻസാണു സിനിമയിലുള്ളത്. ആരാണെങ്കിലും മുഷ്ടി ചുരുട്ടിപ്പോകുന്ന ഒരു സാഹചര്യമാണത്. 

manju-1-anusree

 

റോഷൻ ആൻഡ്രൂസ് എന്ന നടൻ? 

manju-warrier-anusree

 

റോഷൻ നല്ല നടനാണെന്ന് റോഷനെ അറിയാവുന്ന എല്ലാവർക്കും അറിയാം. അഭിനയിച്ചു കാണിച്ചു തരുന്ന ചുരുക്കം ചില സംവിധായകരിൽ ഒരാളാണ്. അതു കൊണ്ടു തന്നെ റോഷന്റെ അഭിനയം എങ്ങനെയായിരിക്കുമെന്നതിനെപ്പറ്റി സംശയമേ ഉണ്ടായിരുന്നില്ല. അത്രയും ദിവസം ക്യാമറയ്ക്കു പിന്നിൽ നിന്ന സംവിധായകൻ ഒപ്പം വന്ന് അഭിനയിക്കുമ്പോഴുള്ള കൗതുകം തുടക്കത്തിൽ മാത്രമേ ഉണ്ടായിരുന്നുള്ളൂ. പിന്നീട് നല്ല അനുഭവപരിചയമുള്ള നടനൊപ്പം അഭിനയിക്കുന്നതു പോലെയാണു തോന്നിയത്. ഒരു സംഘട്ടന രംഗത്തിനിടെ നില തെറ്റി വീണ റോഷന്റെ കയ്യൊടിഞ്ഞ സംഭവം മറക്കാൻ പറ്റില്ല. 

 

മറ്റു ഭാഷകളിലെ മഞ്ജു ഇനി എന്ന്? 

 

നല്ല സിനിമകൾ ചെയ്യണമെന്നുണ്ട്. ആദ്യ സിനിമ ‘അസുരൻ’ മികച്ച ചിത്രമായതും മികച്ച വിജയമായതും ഇനിയുള്ള സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് ഓർമിപ്പിക്കുന്നുണ്ട്. ഒരുപാടു കഥകൾ വരുന്നുണ്ട്. ചർച്ചകൾ നടക്കുന്നുണ്ട്. ഏറ്റവും നല്ലതിനു വേണ്ടി കാത്തിരിക്കുന്നു. 

 

കഥകൾ തിരഞ്ഞെടുക്കുന്നത് എങ്ങനെയാണ്? 

 

കേൾക്കുന്ന കഥ സിനിമയായാൽ എനിക്കാ ചിത്രം തിയറ്ററിൽ പോയി കാണാൻ തോന്നുന്നുണ്ടോ എന്നു മാത്രമേ ഞാൻ ആലോചിക്കാറുള്ളൂ. കാരണം ഒരു സിനിമ നന്നാവുക എന്നു പറയുന്നത് എന്റെ കഥാപാത്രം മാത്രം നന്നാവുന്നതല്ല. നല്ലൊരു തിരക്കഥ വേണം. നല്ല സംവിധായകൻ വേണം. അങ്ങനെ ഒരുപാടു ഘടകങ്ങളുണ്ട്. ഞാൻ കഥ കേൾക്കുമ്പോൾ എന്നെ ആകർഷിക്കുന്ന, തിയറ്ററിൽ പോയി കാണാൻ തോന്നിപ്പിക്കുന്ന ഏതെങ്കിലും ഒരു ഘടകം ഉണ്ടോയെന്നാണു ഞാൻ നോക്കാറുള്ളത്. 

 

ഇനിയുള്ള സിനിമകൾ 

 

ഒരു ഹൊറർ ചിത്രത്തിന്റെ ചിത്രീകരണത്തിലാണിപ്പോൾ. ഇതിനു ശേഷം മമ്മൂക്കയ്ക്കൊപ്പം ഒരു സിനിമ എന്ന വലിയ ഭാഗ്യം ലഭിച്ചിട്ടുണ്ട്. പിന്നെ എന്റെ സഹോദരൻ സംവിധാനം ചെയ്യുന്ന ഒരു ചിത്രം ഫെബ്രുവരിയിൽ തുടങ്ങും. ബിജു മേനോനാണു നായകൻ. 

 

മഞ്ജു വാരിയർ എന്നാണ് ഇനി ക്യാമറയ്ക്കു പിന്നിലേക്കു പോവുക‌? 

 

ക്യാമറയ്ക്കു മുന്നിൽ നിന്നു പോകേണ്ടി വരരുതേ എന്നാണ് എന്റെ പ്രാർഥന. സംവിധായിക ആകാൻ ആഗ്രഹമില്ല. സംവിധായികയുടെ കഥാപാത്രമാകാൻ തയാർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com