ADVERTISEMENT

സർപ്രൈസ് നൽകാൻ അമ്മ നേരിട്ടു വേദിയിലെത്തിയപ്പോൾ മഞ്ജു വാരിയർ ശരിയ്ക്കും അമ്പരന്നു. ഒരു നിമിഷത്തിന്റെ അമ്പരപ്പിനു ശേഷം അമ്മയെ ചേർത്തു പിടിച്ച മഞ്ജു ആ സന്തോഷം പ്രകടിപ്പിക്കാനും മറന്നില്ല. എത്രയോ വേദികളിലേക്ക് തന്നെ കൈ പിടിച്ചു കയറ്റിയ അമ്മയെ, വലിയൊരു വേദിയിൽ ഒപ്പം ചേർത്തു നിറുത്താൻ കഴിഞ്ഞതിലുള്ള ആഹ്ലാദത്തിലായിരുന്നു മഞ്ജു വാരിയർ. മനോരമ ഓൺലൈൻ ചുങ്കത്ത് ജ്വല്ലറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ‘ഡിന്നർ വിത്ത് മഞ്ജു ആൻഡ് ടീം പ്രതി പൂവൻ കോഴി' എന്ന പരിപാടിയിലാണ് ഈ അപൂർവ ഒത്തുചേരൽ നടന്നത്. 

 

കേരളത്തിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 22 സെൽസ് ഗേൾസും അവരുടെ കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. മഞ്ജു വാരിയർ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന റോഷൻ ആൻഡ്രൂസ് ചിത്രം പ്രതി പൂവൻ കോഴിയുടെ പ്രചാരണത്തിന്റെ ഭാഗമായാണ് ഒത്തുചേരൽ സംഘടിപ്പിച്ചത്. ഇതിലേക്ക് അമ്മ ഗിരിജ എത്തുന്നുണ്ടെന്ന കാര്യം മഞ്ജു വാരിയരെ അറിയിച്ചിരുന്നില്ല. വേദിയിൽ അമ്മ പ്രത്യക്ഷപ്പെട്ടപ്പോൾ മഞ്ജുവിന്റെ കണ്ണുകളിൽ അദ്ഭുതം. നിറഞ്ഞ കയ്യടികളോടെയാണ് കാണികൾ ഈ നിമിഷത്തെ സ്വീകരിച്ചത്.

 

മഞ്ജുവിന്റെ സിനിമാജീവിതത്തിന് പരിപൂർണ പിന്തുണയുമായി അമ്മ ഗിരിജ എപ്പോഴും ഉണ്ടെങ്കിലും പൊതുപരിപാടിയിൽ താരത്തിനൊപ്പം പ്രത്യക്ഷപ്പെടാറില്ല. പ്രത്യേകിച്ചും സിനിമയുടെ പ്രചാരണപരിപാടികളിൽ! ഇതാദ്യമായാണ് ഒരു സിനിമയുടെ പ്രമോഷൻ ഇവന്റിൽ ഗിരിജ വാരിയർ എത്തുന്നത്. പ്രതി പൂവൻ കോഴി എന്ന ചിത്രത്തിന്റെ അണിയപ്രവർത്തകരും പരിപാടിയിൽ പങ്കെടുക്കാനെത്തിയിരുന്നു.

 

അതിക്രമങ്ങൾക്കെതിരെ ഓരോ സ്ത്രീയും എങ്ങനെ പ്രതികരിക്കാൻ ആഗ്രഹിക്കുന്നു എന്നാണ്, പ്രതി പൂവൻകോഴി പറയുന്നതെന്ന് മഞ്ജു വാരിയർ പറഞ്ഞു. ഹൗ ഓൾഡ് ആർ യു എന്ന സിനിമ സ്ത്രീകളെ സ്വപ്നം കാണാൻ പ്രേരിപ്പിച്ചെങ്കിൽ പ്രതി പൂവൻകോഴി സത്രീകൾക്കു പ്രതികരിക്കാനുള്ള ധൈര്യം നൽകുമെന്നു സംവിധായകൻ റോഷൻ ആൻഡ്രൂസ് പറഞ്ഞു. ജീവിതത്തിലെ മാധുരിമാരുടെ ചോദ്യങ്ങൾക്ക് സിനിമയിലെ മാധുരി മറുപടിയും നൽകി. ഗോകുലം ഗോപാലനാണു ചിത്രം നിർമിക്കുന്നത്.

 

ചുങ്കത്ത് ജ്വല്ലറി ഡയറക്ടർ പ്രിൻസ് വർഗീസ്, മനോരമ ഓൺലൈൻ കോ–ഓർഡിനേറ്റിങ് എഡിറ്റർ സന്തോഷ് ജോർജ് ജേക്കബ്, മനോരമ ഓൺലൈൻ മാർക്കറ്റിങ് ജനറൽ മാനേജർ ബോബി പോൾ എന്നിവർ പങ്കെടുത്തു. തിരക്കഥാകൃത്ത് ഉണ്ണി ആറും നടൻ അലൻസിയർ ലോപസും മറ്റ് അണിയറ പ്രവർത്തകരും പരിപാടിയുടെ ഭാഗമായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com