ADVERTISEMENT

ഒരിടവേളയ്ക്കു ശേഷം ത്രില്ലർ സിനിമയുമായി ചാക്കോച്ചൻ എത്തുകയാണ്. അഞ്ചാം പാതിര എന്ന ചിത്രം സംവിധാനം ചെയ്യുന്നത് മിഥുൻ മാനുവൽ തോമസാണ്. സിനിമയുടെ ട്രെയിലറും പോസ്റ്ററും ആരാധകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. സിനിമ റിലീസിനൊരുങ്ങുമ്പോൾ വിശേഷങ്ങളുമായി കുഞ്ചാക്കോ ബോബൻ മനോരമ ഓൺൈലനിൽ...

ഹ്യൂമറില്‍നിന്നു ത്രില്ലറിലേക്ക്

ആഷിഖ് ഉസ്മാൻ പ്രൊഡക്‌ഷന്റെ ബാനറിൽ മിഥുൻ മാനുവൽ ആണ് ഇതിന്റെ കഥയും തിരക്കഥയും സംഭാഷണവും സംവിധാനവും. അദ്ദേഹത്തിന്റെ മുൻപുള്ള പടങ്ങളൊക്കെ ഹ്യൂമർ ഉള്ള പടങ്ങളാണ്. മിഥുൻ മാനുവലിൽനിന്ന് ഇങ്ങനെയൊരു ക്രൈം തില്ലർ, ഇത് ആഷിഖ് ഉസ്മാന്റെയടുത്ത് പറഞ്ഞപ്പോൾ ഇതെങ്ങനെ ശരിയാവും എന്നൊരു സംശയം എനിക്കുണ്ടായിരുന്നു. ഞാൻ ത്രില്ലർ സിനിമകളുടെ വലിയൊരു ആരാധകനാണ്. മിഥുൻ കഥ പറഞ്ഞപ്പോൾ ഞാനും എന്റെ രീതിയിൽ ആ കഥ എങ്ങനെ പോകുമെന്ന് മുൻകൂട്ടി കാണാൻ ശ്രമിച്ചു പക്ഷേ ഓരോ സമയത്തും ഞാൻ വിചാരിക്കുന്ന രീതിയിലല്ല സിനിമ പോകുന്നത്. സന്ദർഭങ്ങളും ട്വിസ്റ്റുകളും ഒക്കെക്കൂടി, കഥ പറഞ്ഞു കഴിഞ്ഞപ്പോൾ എനിക്ക് ഇഷ്ടമായി. ഞാൻ മിഥുനോട് ആദ്യം ചോദിച്ചത് ഏത് കൊറിയൻ പടത്തിൽനിന്ന് അടിച്ചുമാറ്റി എന്നാണ്. കാരണം അത്രയ്ക്കും ഇന്ററസ്റ്റിങ് ആയിരുന്നു ആ പ്ലോട്ട്. അപ്പോൾ ഇത് അദ്ദേഹത്തിന്റെ സൃഷ്ടിയാണെന്നു പറഞ്ഞു. മിഥുനിൽനിന്ന് ഇത്തരമൊരു എക്സൈറ്റിങ്ങായിട്ടുള്ള കഥ പ്രതീക്ഷിച്ചില്ല എന്നു ഞാൻ പറഞ്ഞു. അങ്ങനെയാണ് ഞാൻ അഞ്ചാം പാതിരയിലേക്കു വരുന്നത്.

മികച്ച ടീം

കഥയോടൊപ്പം എന്നെ ആകർഷിച്ചത് ടെക്നിക്കൽ ക്രൂ ആണ്, ക്യാമറ– ഷൈജു ഖാലിദ്, മ്യൂസിക് – സുഷിൻ, എഡിറ്റിങ്– സൈജു ശ്രീധരൻ, ഫൈറ്റ്സ് – സുപ്രീം സുന്ദർ. ഇവര്‍ മുന്‍പു ചെയ്തിരുന്ന സിനിമകളും മിഥുന്റെ ടൈപ്പ് ഓഫ് സിനിമകളായിരുന്നില്ല. അവരും മിഥുന്റെ കഥയിൽ ഇന്ററസ്റ്റ് തോന്നി സിനിമ ചെയ്യാൻ തയാറായതാണ്. നഇഷ്ടപ്പെട്ട കഥയും ടീമും ഒന്നിച്ചു വന്നതാണ് അഞ്ചാംപാതിര എനിക്ക് ഇഷ്ടപ്പെടാൻ കാരണം.

ഈ സിനിമയുടെ ഷൂട്ടിങ് സമയത്തും, പോസ്റ്ററുകൾ മീഡിയയിൽ റിലീസ് ചെയ്തപ്പോൾ കിട്ടിയ സ്വീകരണവുമെല്ലാം ഇങ്ങനെയൊരു ത്രില്ലർ ടൈപ്പ് സിനിമകൾ ഇഷ്ടപ്പെടുന്ന വലിയൊരു വിഭാഗം ആള്‍ക്കാര്‍ കേരളത്തിൽ ഉണ്ടെന്ന പ്രതികരണമാണ് ലഭിച്ചത്. അവർ അഞ്ചാം പാതിര പ്രതീക്ഷിച്ചിരിക്കുന്നു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്. അതുപോലെതന്നെ അതിന്റെ പോസ്റ്റ് പ്രൊഡക്‌ഷനും ഒരുപാടു സമയമെടുത്താണ് ചെയ്യുന്നത്. തിയറ്ററിൽ സിനിമ വരുമ്പോൾ ഏറ്റവും നല്ല എക്സ്പീരിയൻസായി പ്രേക്ഷകര്‍ക്ക് അനുഭവപ്പെടണം എന്നുള്ളതുകൊണ്ടാണ് പോസ്റ്റ് പ്രൊഡക്‌ഷൻ വർക്ക് ഇത്ര ഡീറ്റെയിൽ ആയി ചെയ്യുന്നത്. ക്രൈം ത്രില്ലർ ഇഷ്ടപ്പെടുന്നവർക്കുള്ള എല്ലാ ചേരുവകളും ഇതിലുണ്ട്. അതുപോലെ തന്നെ ഇങ്ങനെയുള്ള സിനിമകൾ താൽപര്യമില്ലാത്തവരെ ഇഷ്ടപ്പെടുത്താൻ കൂടിയുള്ള ഒരു ഓപ്ഷനും കൂടി ഞാൻ അഞ്ചാംപാതിരയിൽ കാണുന്നു.

സീരിയസ്, ഹ്യൂമർ, റൊമാന്റിക് എന്നിങ്ങനെ ഒരു വ്യത്യാസം ഞാൻ കണ്ടിട്ടില്ല. ഈ സിനിമയ്ക്കു മുൻപ് പട എന്നൊരു സിനിമ ഞാൻ ചെയ്തിരുന്നു. ‌അതിന്റെ വർക്കുകള്‍ പെൻഡിങ് ഉള്ളതു കൊണ്ടാണ് വൈറസിനുശേഷം അഞ്ചാംപാതിര വരുന്നത്. ഒരു ഫാമിലിക്ക് ഒരുമിച്ചിരുന്നു കാണാൻ പറ്റുന്ന സിനിമയാണ് അഞ്ചാംപാതിര. സിനിമകൾ തിയറ്ററിൽ ഫാമിലിയുമായി കാണാൻ ഇഷ്ടപ്പെടുന്നൊരാളാണ് ഞാൻ. എനിക്ക് വർക്കൗട്ടായ ഒരു കഥയും സിനിമയുമാണ് അഞ്ചാംപാതിര. അതുകൊണ്ടുതന്നെ ഫാമിലിക്കും ഈ സിനിമ ഇഷ്ടപ്പെടുമെന്ന് ഞാൻ വിശ്വസിക്കുന്നു. അഞ്ചാംപാതിരയ്ക്കു ശേഷം ജിസ്മോന്റെ ഫിലിം ആണ് റിലീസാകാൻ പോകുന്നത്.

chakochan-isahak

എന്തൊക്കെയായിരുന്നു തയാറെടുപ്പുകൾ

സിനിമയ്ക്കുവേണ്ടി അത്ര പ്രിപ്പറേഷനൊന്നും എടുക്കാറില്ല. എങ്കിലും കഥ കേൾക്കുമ്പോൾ കഥാപാത്രത്തിന്റെ രീതികളും കാര്യങ്ങളും എങ്ങനെയൊക്കെ ആയിരിക്കണമെന്ന് ഏകദേശ ധാരണയുണ്ടായിരിക്കും. വൈറസിൽ ചെയ്ത ഡോക്ടറുടെ കഥാപാത്രത്തെ നേരത്തെ കണ്ടു പരിചയമുള്ളതു കൊണ്ട് അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് ഇങ്ങനെയൊക്കെയാണെന്ന് അറിയാമായിരുന്നു. അഞ്ചാം പാതിരയിൽ ഒരു സൈക്കോളജിസ്റ്റിന്റെ ക്യാരക്ടറാണ് ഞാൻ ചെയ്തിരിക്കുന്നത്. എന്റെ അടുത്ത സുഹൃത്ത് ഒരു സൈക്കോളജിസ്റ്റാണ്. അദ്ദേഹത്തിന്റെ ബോഡി ലാംഗ്വേജ് അറിയാം. അദ്ദേഹത്തിൽനിന്നു കുറച്ചു കാര്യങ്ങളൊക്കെ എടുത്തിട്ടുണ്ട്. അങ്ങനെയുള്ള ചെറിയ ചില ഹോംവർക്കുകളൊക്കെ ചെയ്തിട്ടുണ്ട്. പിന്നെ സ്പോട്ടിലെത്തുമ്പോള്‍ ഡയറക്ടർ പറയുന്നതു പോലെ ചെയ്യും.

ആക്ടേഴ്സിന്റെ കാര്യം എടുത്താൻ അറിയാം. പണ്ട് കോമഡി ചെയ്തിരുന്നവർ സ്വഭാവനടന്മാരായിട്ടും വില്ലന്മാരായിട്ടും നമ്മളെ ഞെട്ടിച്ചിട്ടുണ്ട്. ടെക്നീഷ്യൻസിന്റെ കാര്യത്തിലും ഡയറക്ടേഴ്സിന്റെ കാര്യത്തിലും അവർ പലതരത്തിലുള്ള സിനിമകൾ ചെയ്തിട്ടുണ്ട്. മിഥുന്റെ കാര്യത്തില്‍ അദ്ദേഹത്തിന് ഏറ്റവും ഇഷ്ടമുള്ള സിനിമകൾ ക്രൈം ത്രില്ലറുകളാണ്. അത് മിഥുൻ തന്നെ പറഞ്ഞിട്ടുണ്ട്. പക്ഷേ ചെയ്തിരിക്കുന്നത് കൂടുതലും ഹ്യൂമർ പടങ്ങളാണ്. ഇപ്പോൾ അദ്ദേഹത്തിനിഷ്ടപ്പെട്ട രീതിയിലുള്ള സിനിമ ഏറ്റവും നല്ല രീതിയിൽ തന്നെ ചെയ്യണമെന്നുള്ള ഹോംവർക്കോടു കൂടിയാണ് ഈ പടം ചെയ്തിരിക്കുന്നത്.

പിന്നെ ഞാൻ ചെയ്യുന്ന കഥാപാത്രത്തിന്റെ പോയിന്റിൽ നിന്ന് മാറാതെ എങ്ങനെ വേണമെങ്കിലും പെർഫോം ചെയ്യാനുള്ള സ്വാതന്ത്ര്യം തന്നിരുന്നു. അതിൽ നിന്ന് എന്തെങ്കിലും ഒരു മാറ്റം വരുകയാണെങ്കിൽ അദ്ദേഹം പറയും, അതു വേണ്ട ഇങ്ങനെ തന്നെ ചെയ്യാം എന്ന്. അല്ലാതെ കടുംപിടുത്തമൊന്നും ഇല്ല. അതു പോലെ തന്നെ ക്യാമറാമാൻ ഷൈജുവിനോട് ഇതാണ് നമ്മള്‍ എടുക്കാൻ പോകുന്ന സീൻ എന്നു പറഞ്ഞ്, ഇനി നിങ്ങൾ പൊളിച്ചോ മച്ചാ എന്നു പറഞ്ഞ് ഫുൾ ഫ്രീഡം കൊടുക്കും. അത് പക്ഷേ വലിയൊരു ഉത്തരവാദിത്തമാണ്. തരുന്ന സ്വാതന്ത്ര്യം നമ്മൾ ദുരുപയോഗം ചെയ്യരുത് എന്ന ഉത്തരവാദിത്തം കൂടിയുണ്ട്. അതൊരു ചാലഞ്ചും റെസ്പോൺസിബിലിറ്റിയും ഓപ്പർച്യൂണിറ്റിയും കൂടിയാണ്. അതുകൊണ്ടുതന്നെ ഇത് നല്ലൊരു ത്രില്ലർ എക്സ്പീരിയൻസായിരിക്കുമെന്ന് കരുതുന്നു.

വരുന്ന സിനിമകൾ

കഴിഞ്ഞ വർഷം രണ്ട് സിനിമകളേ റിലീസ് ആയിട്ടുള്ളു, എങ്കിലും 5 സിനിമകളുടെ ഷൂട്ടിങ് നടന്നു. 2020 ലെ എന്റെ ആദ്യത്തെ റിലീസ് അഞ്ചാംപാതിര ആയിരിക്കും. റിലീസുകൾ കുറഞ്ഞതാണ് ഈ വർഷം സിനിമ കുറയാൻ കാരണം.

ഇസഹാക്ക്

സാധാരണ ഒരു കുഞ്ഞ് ഉണ്ടാവുമ്പോൾ ഒരാളുടെ ജീവിതത്തിൽ ഉണ്ടാകുന്ന മാറ്റങ്ങൾ‍ എന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ട്. ഞാനും ഭാര്യയും കുടുംബവും സുഹൃത്തുക്കളും ഉൾപ്പെടെ എല്ലാവരും അത് നല്ല രീതിയിൽ ആസ്വദിക്കുന്നു. അവന്റെ വളർച്ചയുടെ ഓരോ ഘട്ടവും ചെറിയ ചെറിയ കുറുമ്പുകളും ആസ്വദിക്കുന്നു. ഞങ്ങൾ ആഗ്രഹിച്ചിരുന്ന സന്തോഷകരമായ മാറ്റങ്ങൾ.

ആരാധകരുടെ കത്തുകൾ

നാൽപതു വയസ്സുള്ള ഞാൻ ഇപ്പോ ഒരു 18 കാരിയുടെ കത്ത് പ്രതീക്ഷിക്കുന്നില്ല. ഭാര്യ ഒട്ടും സമ്മതിക്കില്ല. എല്ലാം ആസ്വദിക്കുന്നു. സിനിമയിലെ കഥാപാത്രങ്ങളിലൂടെ ആൾക്കാർ സ്നേഹിക്കുന്നു, സിനിമകള്‍ വിജയിപ്പിക്കുന്നുണ്ട്. നല്ല സിനിമകൾ വിജയിപ്പിക്കാതെ ചെറിയ കൊട്ടുകൾ തരുന്നതിലൂടെ സ്നേഹവും ചെറിയ ശാസനകളുമെല്ലാം ഏറ്റു വാങ്ങി 23 കൊല്ലം സിനിമയിൽ നിലനിൽക്കാൻ സാധിച്ചത് ഒരു വലിയ ഭാഗ്യമായി കരുതുന്നു. അതിന് പ്രേക്ഷകരോട് ഒരുപാട് നന്ദി പറയുന്നു. ‌‌

ഉള്ളുതട്ടുന്ന കഥാപാത്രങ്ങൾ

ടേക്ക് ഓഫ്, രാമന്റെ ഏദൻ തോട്ടം തുടങ്ങിയ സിനിമകളൊക്കെ ചെയ്തു കഴിഞ്ഞിട്ട് കുറച്ച് സ്ട്രെസ്സ്ഡ് ഔട്ട് ആയിരുന്നു. ഈ വൈകിയ വേളയിൽ ആണ് എനിക്ക് അങ്ങനെയൊരു തിരിച്ചറിവ് ഉണ്ടായത്. അതിൽനിന്ന് റിവീൽ ചെയ്യുന്നതിനു വേണ്ടിയാണ് കുറേ ഹ്യൂമർ സിനിമകള്‍ ചെയ്തത്; ശിക്കാരിശംഭു, പഞ്ചവർണതത്ത, കുട്ടനാടൻ മാർപാപ്പ അങ്ങനെ കുറച്ചു പടങ്ങൾ. വൈറസ്, പട, അഞ്ചാംപാതിര ഈ സിനിമകളൊക്കെ കഴിഞ്ഞ് ഞാൻ ചെയ്തത് ജിസിന്റെ തമാശ നിറഞ്ഞൊരു സിനിമയാണ്.

അവധി

ഞാൻ ഫാമിലിയുമായി യൂറോപ്പിൽ ഒന്നു കറങ്ങിയിട്ടാണ് വന്നത്. സ്വിറ്റ്സർലൻഡിലും ഒക്കെ പോയിരുന്നു. പക്ഷേ അതിനേക്കാളും ഒക്കെ എത്ര നാച്വറലും മനോഹരവുമായാണ് കശ്മീർ എനിക്കു തോന്നിയത്. ശരിക്കും ഭൂമിയിലെ സ്വർഗം തന്നെ.

കാത്തിരിക്കുന്നവരോട്

എല്ലാത്തിനും ഒരു പരിഹാരം ഉണ്ടെന്ന് വിശ്വസിക്കുന്നു. കുറച്ച് വൈകിയ വേളയിലാണെങ്കിലും നമ്മൾ അതിനെ സ്വീകരിക്കുക, ഫോളോ അപ് ചെയ്യുക. മെഡിക്കല്‍ സയൻസ് ഇത്രയും പുരോഗമിച്ച സ്ഥിതിക്ക് ആ അവസരങ്ങൾ നമ്മൾ ഉപയോഗിക്കുക. ഒരു കാര്യം മാത്രം, ഒരു പ്രാവശ്യം റിസൾട്ട് നെഗറ്റീവ് ആയിക്കഴിഞ്ഞാൽ അതു മറക്കാൻ വേണ്ടി കുറേ നാളുകൾ കഴിഞ്ഞായിരിക്കും വീണ്ടും അടുത്തൊരു ശ്രമം നടത്തുക. ആ ഒരു ഗ്യാപ് അധികം ഇല്ലാതെ അറ്റംപ്റ്റുകൾ തുടരെ തുടരെ ചെയ്യുകയാണെങ്കില്‍ തീർച്ചയായിട്ടും ജീവിതത്തിൽ പ്രകാശം ഉണ്ടാകും. അതിന് യാതൊരു സംശയവും വേണ്ട. ഇങ്ങനെ കാത്തിരിക്കുന്ന ദമ്പതികൾക്ക് എല്ലാവിധ ആശംസകളും നേരുന്നു. എന്റെയും പ്രിയയുടെയും ജീവിതം തന്നെ അതിനൊരുദാഹരണമാണ്. അഞ്ചു വർഷം അല്ലെങ്കിൽ ഏഴു വർഷം ഒക്കെ കഴിഞ്ഞും കുട്ടികൾ ഉണ്ടാകാതെ വേദനിക്കുന്ന ഒരുപാട് ആളുകൾ ഉണ്ട്. അത് വച്ചു നോക്കുമ്പോൾ 14 വർഷം വലിയ ഒരു കാലയളവാണ് . 14 വർഷങ്ങൾക്കു ശേഷമാണ് ഞങ്ങൾക്ക് ഒരു കുട്ടി ഉണ്ടായത്. നിരാശരാകരുത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com