ADVERTISEMENT

കോഴിക്കോട്∙ ‘പ്രേംനസീറിനു മലയാളത്തിൽ ഏറ്റവും ഇഷ്ടപ്പെട്ട നടി ആരാണ്? ’ഒരിക്കൽ എം.കെ. മൂസ ചോദിച്ചു. സ്വതസിദ്ധമായ ശൈലിയിൽ പ്രേംനസീർ കൈകൊട്ടിച്ചിരിച്ചു കൊണ്ട് പറഞ്ഞു: ‘ ഞാൻ ഷീലയുടെയോ ജയഭാരതിയുടെയോ പേര് പറയുമെന്നല്ലേ മൂസേ, തന്റെ മനസിലിരിപ്പ്. ജലജയാണ് എനിക്കിഷ്ടപ്പെട്ട നടി. എത്ര സ്വാഭാവികമായാണ് ജലജ അഭിനയിക്കുന്നത്!’

 

പ്രേംനസീറിന്റെ സന്തതസഹചാരിയും സുഹൃത്തുമാണ് നിഷി ട്രാവൽസ് ഉടമ കരുവിശ്ശേരി ‘ഫൗസി’ൽ എം.കെ. മൂസ. കഴി‍ഞ്ഞ ജന്മത്തിൽ തങ്ങൾ സഹോദരങ്ങളായിരുന്നുവെന്നാണ് പ്രേംനസീർ ഒരിക്കൽ മൂസയെക്കുറിച്ച് പറഞ്ഞത്. ഷാനവാസിനു തുല്യമായി ഒരു മകനെപ്പോലെയാണ് മൂസയെ അദ്ദേഹം കരുതിയിരുന്നതെന്ന് നസീർ പലരോടും പറഞ്ഞിട്ടുണ്ട്.

പ്രേം നസീർ എന്ന നടന്റെ കടുത്ത ആരാധകനാണ് മൂസ. എന്നാൽ പ്രേംനസീർ എന്ന മനുഷ്യന്റെ ജീവിതത്തിലെ  ഒരുപാടൊരുപാട് സംഭവങ്ങളാണ് മൂസയെ അദ്ദേഹത്തിലേക്ക് അടുപ്പിച്ചത്.  സൗന്ദര്യവും അതിനൊത്ത ശുദ്ധമനസും ദൈവമാണ് നസീറിനു സമ്മാനിച്ചതെന്ന് ശിവാജി ഗണേശൻ ഒരിക്കൽ മൂസയോട് പറഞ്ഞിട്ടുണ്ട്. 

 

പ്രേംനസീർ ഓർമയായിട്ട് ഇന്ന് (16) 31 വർഷം തികയുന്നു. അദ്ദേഹത്തിന്റെ സന്തതസഹചാരിയും സുഹൃത്തുമായിരുന്ന കരുവിശ്ശേരി സ്വദേശി എം.കെ.മൂസ പ്രേംനസീറിനെക്കുറിച്ചുള്ള ഓർമകൾ പങ്കുവയ്ക്കുന്നു.

 

∙ സൗഹൃദത്തിന്റെ തുടക്കം

 

ഭാർഗവീനിലയത്തിന്റെ ചിത്രീകരണത്തിനായി പ്രേംനസീർ തലശ്ശേരിയിലെ മൂസയുടെ തറവാട്ടുവീട്ടിൽ എത്തിയിരുന്നു. അന്നാണ് അദ്ദേഹത്തെ പരിചയപ്പെട്ടതും പതിയെ പതിയെ സുഹൃത്തുക്കളായതും. പിൽക്കാലത്ത് ബന്ധുക്കളായി മാറുകയും ചെയ്തു.

 

പാളയത്ത് അമീന ക്ലോത്ത് മാർട്ട് എന്ന തുണിക്കട മൂസയുടെ പിതാവിന്റേതായിരുന്നു. കടയിലേക്കുള്ള തുണികളെടുക്കാൻ മദിരാശിയിൽ പോവുമ്പോഴെല്ലാം നസീറും അദ്ദേഹത്തിന്റെ മകൻ ഷാനവാസുമായുള്ള സൗഹൃദം പുതുക്കുകയും പതിവായി.

 

നസീർ കൊച്ചിയിലോ കോഴിക്കോട്ടോ കണ്ണൂരോ വരുമ്പോഴെല്ലാം സന്തതസഹചാരിയായി മൂസയും കൂടെയുണ്ടാവും. രണ്ടു മാസത്തിലൊരിക്കലെങ്കിലും ഇരുവരും കണ്ടുമുട്ടാറുണ്ടായിരുന്നു.

 

∙ നന്മയുടെ നസീർ സ്റ്റൈൽ

 

1976ൽ മാവൂർ ഗ്വാളിയോർ റയോൺസ് പരിസരത്ത് സുജാതയുടെ ചിത്രീകരണം നടക്കുകയാണ്. പിന്നീട് കേന്ദ്രമന്ത്രിയായ ഇ.അഹമ്മദ് തലശ്ശേരിക്കാരനാണ്. അദ്ദേഹം കണ്ണൂരിൽ ഒരു സ്റ്റാർ നൈറ്റ് ഉദ്ഘാടനം ചെയ്യാൻ നസീറിനെ ക്ഷണിച്ചു. അടുത്ത ശനിയാഴ്ച കണ്ണൂരിലെ പരിപാടിയ്ക്ക് മൂസയും നസീറും ഒരു ടാക്സിക്കാറിലാണ് പോയത്. പരിപാടി കഴിഞ്ഞ് രാത്രി വൈകിയാണ് തിരികെ പുറപ്പെട്ടത്. കണ്ണൂർ ചൊവ്വയിൽ അന്നു റെയിൽവേ പാലം നിർമിച്ചിട്ടില്ല. ലവൽക്രോസിൽ കാർ നിർത്തിയപ്പോഴാണ് റോഡരികിൽ ഓല മേഞ്ഞ കെട്ടിടം കണ്ടത്.

 

‘മൂസ്സേ, ഇതേതാ സ്ഥലം, ആ തീയറ്ററേതാ?’ എന്ന് നസീർ ചോദിച്ചു. ചൊവ്വ കൃഷ്ണാ ടാക്കീസ് ആണെന്നറിഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞു, ‘ ആ തീയറ്ററിന്റെ ഉടമ എന്റെയൊരു സിനിമ നിർമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വീടെവിടെയാണ് എന്നൊന്നു ചോദിക്കാമോ?’

 

മൂസ കാറിൽനിന്നിറങ്ങി തീയറ്ററിലെത്തി. സെക്കൻഡ്ഷോ തീരാറായ സമയമാണ്. തീയറ്റർ ജീവനക്കാരൻ ഇടവഴിക്കപ്പുറത്തെ വീട് ചൂണ്ടിക്കാണിച്ചു.  മൂസ വീട്ടിൽചെന്നു. ഏറെ പ്രായമുള്ള തീയറ്റർ ഉടമ വീടിന്റെ ഉമ്മറത്ത് ചാരുകസേരയിൽ കിടക്കുന്നുണ്ട്. പ്രേംനസീർ താങ്കളെ കാണാൻ  വരുന്നുണ്ടെന്നു അറിയിച്ചു. ഇരുട്ടിൽ ആ ഇടവഴിയിലൂടെ നസീർ തീയറ്റർ ഉടമയെ കാണാനെത്തി.

 

നസീറിന്റെ കണ്ട അദ്ദേഹം ചാടിയെഴുന്നേറ്റ് കാൽക്കൽ വീണു. ‘സാറെന്റെ ദൈവമാണ്’ എന്ന് കണ്ണീരോടെ പറഞ്ഞു. നസീറിനെ നായകനാക്കി അദ്ദേഹം നിർമിച്ച സിനിമ വൻപരാജയമായിരുന്നുവത്രേ. തുടർന്ന് നസീർ താൻ വാങ്ങിയ പ്രതിഫലത്തുക മുഴുവൻ ഒരു ദൂതന്റെ കൈവശം ഉടമയെ തിരിച്ചേൽപ്പിച്ചിരുന്നു. തകർന്നുപോവുമായിരുന്ന ജീവിതത്തിൽ അങ്ങനെ നസീറാണ് കൈത്താങ്ങായതെന്നും തീയറ്റർ ഉടമ പറഞ്ഞു. 

 

∙ആദ്യത്തെ ‘പിക്ക്പോക്കറ്റ്’

 

ജീവിതത്തിൽ ആദ്യമായി പ്രേംനസീറിന്റെ പോക്കറ്റടിച്ച് ഏതോ കോഴിക്കോട്ടുകാരനാണെന്നു മൂസ പറഞ്ഞു. മൂസയുടെ വിവാഹസമയത്ത് നസീർ ‘മിനിമോൾ’ എന്ന സിനിമയുടെ ചിത്രീകരത്തിലായിരുന്നു. ഹൽവബസാറിൽ വധുവിന്റെ വീട്ടിൽ സൽക്കാരം തൊട്ടടുത്ത ഞായറാഴ്ചയാണ്. അന്ന് വധൂവരൻമാരെ കണ്ട് ആശംസകളറിയിക്കാൻ നസീർ എത്തുമെന്നറിയിച്ചു. 

 

ഇ.വി. ഉസ്മാൻ കോയ ആവശ്യപ്പെട്ടതുപ്രകാരം അതേദിവസം കുറ്റിച്ചിറയിലെ യുവഭാവന എന്ന സംഘടന ഉദ്ഘാടനം ചെയ്യാൻ നസീറിനെക്കൊണ്ട് സമ്മതിപ്പിച്ചു. തുടർന്ന് വീട്ടിൽനിന്ന് മൂസയുടെ കാറിൽ നസീർ കുറ്റിച്ചിറയിലെത്തി. നസീർ  കാറിൽനിന്നിറങ്ങി വേദിയിലേക്കുപോയി. കാർ പാർക്കുചെയ്ത് മൂസ പിറകെയെത്തി. പരിപാടി കഴിഞ്ഞശേഷം നസീറിനെ മകൾ ലൈലയുടെ വീട്ടിലെത്തിച്ചു. തന്റെ സഫാരി സ്യൂട്ടിന്റെ പോക്കറ്റിൽ കയ്യിട്ട  ശേഷം ചെറുചിരിയോടെയാണ് നസീർ അക്കാര്യം അവതരിപ്പിച്ചത്. പരിപാടിത്തിരക്കിനിടയിൽ നൂറിന്റെ അഞ്ചുനോട്ടുകൾ ആരോ മോഷ്ടിച്ചു. കോഴിക്കോടുംകോഴിക്കോട്ടുകാരും തനിക്ക് ഏറെ പ്രിയപ്പെട്ടവരാണെന്ന് പറയുന്ന നസീർ ആദ്യം പോക്കറ്റടിക്കപ്പെട്ടതും കോഴിക്കോട്ടുവച്ചാണെന്ന് തമാശരൂപേണ പറയാറുണ്ട്.

 

∙ അന്ത്യയാത്രയ്ക്കും സാക്ഷി

 

നസീർ ഗുരുതരാവസ്ഥയിലാണെന്നറിഞ്ഞഅ രാത്രി വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിൽ മൂസ യാത്രതിരിച്ചു. പകുതി വഴിയിലെത്തിയപ്പോഴാണ് നസീർ മരിച്ച വിവരം അറിഞ്ഞത്. തുടർ‍ന്ന്  വിമാനത്താവളത്തിൽനിന്ന് മൃതദേഹവുമായി ചിറയിൻകീഴിലെ വീട്ടിലേക്ക് പോയി. ചിറയിൻകീഴിലെ വീട്ടിൽ മൃതദേഹം കുളിപ്പിക്കാനുള്ളത്ര വലുപ്പം കുളിമുറിക്കുണ്ടായിരുന്നില്ല. തുടർന്ന് ഒരു കിടപ്പുമുറിയിൽ വേണ്ട സൗകര്യങ്ങൾ ഒരുക്കിയത് മൂസയുടെ നേതൃത്വത്തിലാണ്. ഷാനവാസിനൊപ്പം ചടങ്ങുകളിൽ പങ്കെടുക്കുകയും ചെയ്തു.

 

എല്ലാ ജനുവരി 16നും എം.കെ. മൂസ ചിറയിൻകീഴിലെത്താറുണ്ട്. താൻ ആജീവനാന്തഅംഗമായ തിരുവനന്തപുരം പ്രേംനസീർ ഫൗണ്ടഷന്റെ അനുസ്മരണ ചടങ്ങിലും പങ്കെടുത്താണ് മൂസ മടങ്ങുക.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com