ADVERTISEMENT

തമ്പി ആന്റണിയെ പ്രധാനകഥാപാത്രമാക്കി വിനോദ് കൃഷ്ണ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈലം സിനിമയെ പ്രശംസിച്ച് പ്രേക്ഷകൻ എഴുതിയ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ ചർച്ചയാകുന്നു. സിനിമയുടെ പ്രിവ്യു കണ്ടതിനു ശേഷം മണിലാൽ രാഘവൻ എഴുതിയ കുറിപ്പ് ആണ് സിനിമാപ്രേമികൾ ഏറ്റെടുക്കുന്നത്.

 

മണിലാലിന്റെ കുറിപ്പ് വായിക്കാം:

 

മനുഷ്യർക്ക് പൊതുവിൽ സന്തോഷത്തിലും സന്താപത്തിലും നല്ല ചങ്ങാതിയാണല്ലോ മദ്യം. തങ്ങളുടെ പ്രയാസങ്ങളുടെ ഭാരമിറക്കാൻ കുറച്ച് സുഹൃത്തുക്കളും മറ്റും ബാറിലിരുന്ന് രണ്ടെണ്ണം വിട്ടുകൊണ്ടിരിക്കുന്നതിനിടയിൽ അവിടെ ഒറ്റയ്ക്കിരുന്ന് മദ്യപിച്ചിരുന്നൊരാളിലേക്ക് അവരിൽ ചിലരുടെ ശ്രദ്ധ പതിയുന്നു.

 

" ഇയാളെ നല്ല പരിചയമുണ്ടല്ലോ " മങ്ങിപ്പോയ ഓർമ്മകളെ പണിപ്പെട്ട് തുടച്ച് മിനുക്കി അവരയാളെ കണ്ടെത്തുന്നു. തങ്ങളുടെ സഞ്ചാരവഴികളിൽ ചില തിക്താനുഭവങ്ങൾ സമ്മാനിച്ചയാൾ. ലഹരി മുറുക്കിയ അവരുടെ ആലോചനയിൽ വൈകാരികക്ഷോഭം തിളക്കുന്നു.

 

ഇവർ എതിരാളിയായി കണ്ട ആ മനുഷ്യനോ.? ഏറെ ആസ്വദിച്ച് ഓരോന്ന് വിട്ട് തന്റെ വായിലിട്ട് ഊതി വീർപ്പിച്ച് പൊട്ടിച്ച കുമിള പോലെ അന്നേരം പൊട്ടി തീർന്നിരുന്നു.

 

വിനോദ് കൃഷ്ണ സ്വന്തം കഥയിൽ നിന്നും വിരിയിച്ചെടുത്ത ഈലം എന്ന സിനിമയുടെ കഥാപരിസരമിതാണ്. ഒരു ബാറിനകത്തെ കുറച്ച് മണിക്കൂറുകൾ, ഇവരുടെ ഓർമ്മകളിൽ കൂടിയാണ് കഥ ആ ബാറിന് വെളിയിലേക്ക് അല്‍പമെങ്കിലും സഞ്ചരിക്കുന്നത്.

 

തമ്പി ആന്റണിയെയും കവിതാനായരെയും ഒഴിച്ചു നിർത്തിയാൽ കാര്യമായ മുഖ്യധാര സിനിമയുടെ ആർഭാട അകമ്പടികളേതുമില്ലാതെ ഏതാണ്ട് പൂർണമായും നവാഗതർ അണിയിച്ചൊരുക്കിയ ഒരു കൊച്ചു നല്ല സിനിമ, ഈലം വരാപ്പുഴ എം സിനിമാസിൽ പ്രിവ്യൂ ആണ് കണ്ടത്.

 

ഇതിനകം തന്നെ അന്തരാഷ്ട്ര മത്സര വേദികളിൽ പങ്കെടുത്ത് മികച്ച സംവിധാനത്തിനുൾപ്പെടെ പത്തോളം പുരസ്ക്കാരങ്ങൾ ഈലം നേടി കഴിഞ്ഞു. ഉടനെ പ്രദർശനത്തിനെത്തിക്കാനുള്ള ഒരുക്കങ്ങളിലാണ് അണിയറ പ്രവർത്തകർ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com