ADVERTISEMENT

ഉണ്ണിമായ എന്ന നടിയുടെ റേഞ്ച് മനസിലാക്കിത്തന്ന കഥാപാത്രമാണ് അഞ്ചാം പാതിരയിലെ പൊലീസ് ഉദ്യോഗസ്ഥ കാതറിൻ മരിയ. ആർക്കിടെക്റ്റ് കൂടിയായ ഉണ്ണിമായ സിനിമയെ അത്രമേൽ സ്നേഹിച്ചു ക്യാമറയ്ക്കു പിന്നിലും പിന്നീട് അഭിനയത്തിലേക്കും എത്തുകയായിരുന്നു. 

 

സുഹൃത്തുക്കളുടെ സിനിമയായിരുന്നു അഞ്ചാംപാതിര. നിർമാതാവ് ആഷിഖ് ഉസ്മാനായിരുന്നു അഞ്ചാംപാതിരയ്ക്കായി എന്നെ ആദ്യം വിളിച്ചത്. ‘അള്ള് രാമേന്ദ്രൻ’ എന്ന സിനിമയിലേക്ക് അദ്ദേഹം മുൻപ് എന്നെ വിളിച്ചിരുന്നെങ്കിലും ‘കുമ്പളങ്ങി നൈറ്റ്സ്’ ചെയ്തുകൊണ്ടിരുന്ന സമയമായതിനാൽ അതിനു സാധിച്ചിരുന്നില്ല. അന്നെനിക്കു ചെറിയ വിഷമം തോന്നിയിരുന്നു. പിന്നീട്‌ അഞ്ചാംപാതിരയിലെ മുഴുനീള കഥാപാത്രമായി വിളിച്ചപ്പോൾ സന്തോഷം തോന്നി. മിഥുൻ മാനുവൽ, ഷൈജു ഖാലിദ്‌ എന്നീ രണ്ടു ത്രില്ലർ സ്നേഹികൾ നൽകിയ നിർദേശങ്ങൾ സഹായകരമായി. 

 

unnimaya-actress

പൊലീസാകാനുള്ള  മുന്നൊരുക്കങ്ങൾ? 

 

കാര്യമായില്ല. അപ്പൂപ്പൻ പൊലീസിലായിരുന്നു, അപ്പൂപ്പന്റെയും അച്ഛന്റെയും സുഹൃത്തുക്കളായ പൊലീസുകാരുമായി അടുപ്പമുണ്ട്. പിന്നീടു തൊണ്ടിമുതലും ദൃക്സാക്ഷിയും സിനിമയുടെ അസിസ്റ്റന്റ്‌ ഡയറക്ടറായി ജോലി ചെയ്തപ്പോൾ പൊലീസിനെ കൂടുതൽ അടുത്തറിയാൻ സാധിച്ചു. അഞ്ചാംപാതിരയ്ക്കായി ചെറിയ രീതിയിൽ വർക്കൗട്ട് ചെയ്തിരുന്നു. 

 

ഉണ്ണിമായയെ പേടിപ്പെടുത്തിയ പാതിര? 

 

എന്റെ മണ്ടത്തരം കൊണ്ടു പേടിച്ചു പോയ ഒരു പാതിരയുണ്ട്. പ്ലസ്ടു കാലം. കേരള സോഫ്റ്റ് ബോൾ ടീമംഗമാണ്. ഒരു ദേശീയ മത്സരത്തിനായി ന്യൂഡൽഹിയിൽ പോയപ്പോഴാണു സംഭവം. ഗവൺമെന്റ്‌ സ്കൂളിലാണു താമസം. ഒരു ദിവസം രാത്രി 2 മണി കഴിഞ്ഞപ്പോൾ എന്റെ അമ്മയ്ക്ക് ഒരപകടം സംഭവിച്ചു എന്നൊരു ദുഃസ്വപ്നം കണ്ടു ഞെട്ടിയുണർന്നു. അപ്പോൾ തന്നെ വീട്ടിലേക്കു വിളിക്കാതെ സമാധാനം ഇല്ലെന്ന സ്ഥിതിയായി. മൊബൈൽ ഫോൺ അത്ര സജീവമായി തുടങ്ങിയിട്ടില്ല. ഉറങ്ങിക്കൊണ്ടിരുന്ന രണ്ടാം നിലയിലെ മുറിയിൽ നിന്നു പുറത്തിറങ്ങി അടുത്ത് എവിടെയെങ്കിലും ഫോൺ ഉണ്ടാകാൻ സാധ്യതയുണ്ടോ എന്നു നോക്കി. ദൂരെയൊരു കൺസ്ട്രക്‌ഷൻ സൈറ്റിനരികിൽ നിന്നൊരു ഫോൺ ബെൽ കേട്ട്‌ അവിടേക്ക് ഓടി. 

 

അവിടെയുണ്ടായിരുന്ന ലോറി ഡ്രൈവറുടെ ഫോണിൽ നിന്നു വീട്ടിലേക്കു വിളിച്ച് അമ്മയുമായി സംസാരിച്ചതിനു ശേഷമാണു ശ്വാസം നേരെ വീണത്. പക്ഷേ, ഫോൺ വച്ചു കഴിഞ്ഞപ്പോഴാണ് അവിടെയുണ്ടായിരുന്ന ആളുകളെയും അവരുടെ നോട്ടവുമൊക്കെ ശ്രദ്ധിക്കുന്നത്. രാത്രിയാണെന്നും ഞാൻ നിൽക്കുന്നതു മറ്റൊരു നാട്ടിലാണെന്നും ചുറ്റുമുള്ളവർ അപരിചിതർ ആണെന്നുമുള്ള കാര്യത്തെക്കുറിച്ചു ബോധമുണ്ടായതും അപ്പോഴാണ്. അതോടെ വല്ലാതെ പേടിയായി. അവിടുന്ന് പേടിച്ചു പാഞ്ഞോടുകയായിരുന്നു. 

 

പുതിയ പ്രോജക്ട്? 

 

ഇറങ്ങാനിരിക്കുന്ന ചിത്രങ്ങളിൽ അൻവർ റഷീദിന്റെ ട്രാൻസ്, കെ.എം.കമലിന്റെ പട, സക്കറിയയുടെ ഹലാൽ ലൗ സ്റ്റോറി എന്നീ ചിത്രങ്ങളിൽ വേഷമുണ്ട്. ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ, ഫഹദ് ഫാസിൽ എന്നിവർ നിർമിക്കുന്ന ‘തങ്കം’ ആണു ക്യാമറയ്ക്കു പിന്നിലെ പുതിയ പ്രോജക്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com