ADVERTISEMENT

കണ്ണനെ മനസ്സിൽക്കൊണ്ടു നടക്കുന്ന ബാലാമണി ഇപ്പോഴും നവ്യാനായരുടെ ഹൃദയത്തിലുണ്ട്. എറണാകുളത്ത് വീടന്വേഷിച്ചപ്പോൾ ചിറ്റൂരിൽ ശ്രീകൃഷ്ണക്ഷേത്രത്തിനടുത്തു തന്നെ കിട്ടിയപ്പോൾ നെയ്‌വിളക്കുപോലെ മനസ്സങ്ങ് തിളങ്ങി. എസ്‍യുവി ഓടിച്ച് വീട്ടിൽ നിന്നിറങ്ങുമ്പോൾ നഗരത്തിരക്കിന്റെ പരിഭ്രമമൊന്നുമില്ല. നവ്യ ഇപ്പോൾ കൊച്ചിക്കാരിയായി. കാക്കനാട് പടമുകളിൽ പുതിയ വീടിന്റെ പണി നടക്കുന്നു. നവ്യയുടെ സ്വപ്നമായ നൃത്തവിദ്യാലയം കൂടി ഉൾപ്പെടുന്ന വീട്. മകൻ സായി കൃഷ്ണ കൊച്ചിയിൽ വിദ്യാർഥി. ഭർത്താവ് സന്തോഷ് ബിസിനസ് തിരക്കുകളുമായി മുംബൈയിൽനിന്നു വന്നു പോകുന്നു.

 

navya-nair-oruthee-movie

സിനിമയിൽനിന്ന് അകന്നുനിന്ന എട്ടുവർഷത്തിനു ശേഷം നവ്യ തിരിച്ചുവരുകയാണ്.  വി.കെ.പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തി’ നായികാ കേന്ദ്രീകൃതമായ സിനിമയാണ്.  ഒരു ജങ്കാർ ബോട്ടിലെ കണ്ടക്ടറുടെ വേഷമാണു നവ്യയ്ക്ക്. രണ്ടു കുട്ടികളുടെ അമ്മ. ഭർത്താവ് ദുബായിൽ. അവരുടെ ജീവിതത്തിൽ മൂന്നു ദിവസം കൊണ്ടു നടക്കുന്ന കാര്യങ്ങളാണു സിനിമ.‌

 

‘‘ ഞാൻ സിനിമയിൽ നിന്ന് മാറിനിന്നപ്പോഴാണ് ജനങ്ങൾ എന്നെ കൂടുതൽ സ്നേഹിച്ചതെന്നു തോന്നി. ഒരിക്കലും സിനിമ വിട്ടുപോയിട്ടില്ല. മുംബൈയിലായിരിക്കുമ്പോഴും എല്ലാ സിനിമയും കാണുമായിരുന്നു. വിദ്യാബാലന്റെ ‘കഹാനിയും’ ‘തുമാരി സുലു’വുമെല്ലാം കണ്ടു ത്രില്ലടിച്ച നാളുകൾ. ’’– നവ്യ പറഞ്ഞു. വിവാഹത്തോടെ നായികമാരോടു പ്രേക്ഷകർക്ക് അകൽച്ചയുണ്ടാകുന്നു എന്ന വാദം ശരിയല്ലെന്നു നവ്യ പറയുന്നു.

 

‘‘ ഒരു ഡോക്ടറോ വക്കീലോ വിവാഹം കഴിച്ചാൽ ആ പ്രഫഷൻ നിർത്തുന്നുണ്ടോ? ഇല്ലല്ലോ.... ഹോളിവുഡിൽ എത്രയോ നായികമാർ വിവാഹിതരാണ്. അവർ പൊതുവേദിയിൽ പലപ്പോഴും അവരുടെ കുട്ടികളുമായാണു പ്രത്യക്ഷപ്പെടുന്നത്. 

 

സിനിമയിൽ ഇപ്പോൾ എല്ലാ മേഖലകളിലും സ്ത്രീകളുടെ സാന്നിധ്യം കൂടുകയല്ലേ... അത്തരം മനോഭാവങ്ങൾ ഉണ്ടായിരുന്നെങ്കിൽ അതിൽ മാറ്റം വന്നു തുടങ്ങി എന്നാണ് എനിക്കു തോന്നുന്നത്. പത്തുവർഷം കഴിയുമ്പോൾ ഇതൊരു ചർച്ചയേ ആകില്ല. അവസരമുണ്ടെങ്കിൽ വിവാഹിതയായാലും ഇല്ലെങ്കിലും നിങ്ങൾക്കു ലഭിച്ചിരിക്കും ’’ 

 

‘ഞാൻ മാത്രമേ കണ്ടുള്ളൂ....’ എന്ന് എന്റെ ബാലാമണി നന്ദനത്തിൽ പറഞ്ഞത് എത്രയോ വർഷം കഴിഞ്ഞാണ് ഹിറ്റാകുന്നത്. ഗുരുവായൂർ നടയിലായിരുന്നു അന്നു ഷൂട്ടിങ്. രഞ്ജിത്തേട്ടൻ പറഞ്ഞുതന്നത് ഇങ്ങനെയാണ് – ‘‘നീ ഭഗവാനെ കണ്ടിട്ടുണ്ട്. എന്നാൽ, നിനക്കിപ്പോഴാണ് മനസ്സിലാകുന്നത് ഈ ഗുരുവായൂരിൽ പതിനായിരങ്ങൾ വന്നു തൊഴുന്നത്, നീ അടുത്തുകണ്ടിട്ടുള്ള കളിചിരികൾ പങ്കുവച്ച കണ്ണനെ കാണാനാണെന്ന്. ആ എക്സൈറ്റ്മെന്റിൽ നീ പറയണം. ‘ഞാൻ മാത്രമേ കണ്ടിട്ടുള്ളൂ ’ എന്ന്. ആ വാക്കുകളിൽ അതിന്റെ തീവ്രത ഉണ്ടാകണം. അങ്ങനെയാണു ബാലാമണിയുടെ പേരിൽ ഹിറ്റായ ആ വാചകങ്ങൾ ഞാൻ പറഞ്ഞത്. 

 

എനിക്ക് കണ്ണനോടുള്ള പ്രണയവും ആ വാക്കുകളിലുണ്ട്. ഇപ്പോൾ മിക്ക സിനിമയിലും ഈ ഡയലോഗ് പലരും പറയുന്നുണ്ട്. ട്രോളുകളിലും ഹിറ്റ്. സന്തോഷം.  ‘‘ തിരുവനന്തപുരത്ത് നിഷിലെ (നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് ) ഒരു പരിപാടിക്കു പോയപ്പോൾ അവിടുത്തെ കുട്ടികൾ തങ്ങൾ സിനിമ മനസ്സിലാക്കിയെടുക്കാൻ പെടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഒരു പരിഭാഷക മുഖേന എന്നോടു പറഞ്ഞു. സത്യത്തിൽ നമ്മൾ അത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്നുണ്ടോ. മലയാളം സബ്ടൈറ്റിലോടെ ആഴ്ചയിൽ ഒരു തിയറ്ററിൽ ഒരു ദിവസമെങ്കിലും ഒരു സിനിമ പ്രദർശിപ്പിച്ചാൽ ഇത്തരം എത്രയോ കുട്ടികൾക്ക് അത് മനസ്സിലാകും. ഈ സിനിമയിൽ അത്തരമൊരു ശ്രമം ഞങ്ങൾ നടത്തുന്നുണ്ട്.’’–  നവ്യ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com