ADVERTISEMENT

'കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാടാ സിക്സ് പായ്ക്ക്' എന്ന ചോദ്യം കേട്ടു കയ്യടിച്ച മലയാളികൾക്കിടയിലേക്കാണ് യവനദേവൻമാരായി ഉണ്ണി മുകുന്ദനും രാജീവ് പിള്ളയും സുദേവ് നായരും ടൊവിനോയും എത്തുന്നത്. ന്യൂജൻ നടന്മാരല്ലേ സിക്സ് പായ്ക്ക് ആവാം എന്ന് ആശ്വസിച്ചപ്പോൾ ദാ നമ്മുടെ കുഞ്ചാക്കോ ബോബന്റെ വരവ്. അമ്മേ, വീണ്ടും സിക്സ് പായ്ക്ക്. പക്ഷേ, ചാക്കോച്ചൻ പൊളിച്ചടുക്കി കേട്ടോ.

 

വെറും 3 മാസം

chakochan-muscle-look

 

പഴയ ചോക്ലേറ്റ് നായകനെ വഴിയിൽ കളഞ്ഞിട്ടായിരുന്നു കുഞ്ചാക്കോ ബോബന്റെ രണ്ടാം വരവെങ്കിലും ഈ മേക് ഓവർ ആരാധകരെ ഞെട്ടിച്ചു. ശരിക്കും സിക്സ് പായ്ക്ക് തന്നെ. മാർട്ടിൻ പ്രക്കാട്ടിന്റെ പുതിയ ചിത്രത്തിനു വേണ്ടിയാണു ചാക്കോച്ചൻ മൂന്നു മാസമെടുത്തു ശരീരം പണിഞ്ഞെടുത്തത്. കഠിന വർക്ഔട്ടിനു പുറമേ പ്രോട്ടീൻ റിച്ച് ആയ ഭക്ഷണക്രമവുമുണ്ട്. കൊച്ചി കാറ്റമൗണ്ട് ജിമ്മിലെ ഷയ്ജൻ അഗസ്റ്റിനാണ് ട്രെയ്നർ. 

 

വടംവലി

 

സിനിമയിലെ വടംവലി രംഗമാണു കുഞ്ചാക്കോ ബോബൻ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചത്. ‘‘ഇതൊരു തമാശയല്ല. മുറിവുകൾ പാഷനും കമ്മിറ്റ്മെന്റുമൊക്കെയാണ് കാണിക്കുന്നത്. എനിക്ക് സാധിക്കുമെങ്കിൽ നിങ്ങൾക്കും സാധിക്കും’’. ചിത്രത്തിനു താഴെ ഇങ്ങനെ കുറിച്ചു. "കുറച്ചു നാളുകൾക്കു മുൻപ് തോളെല്ലിനു പരുക്കേറ്റിരുന്നു. വലതുകൈ പൊക്കണമെങ്കിൽ ഇടതുകൈ സപ്പോർട്ടിനായി വേണ്ടി വരും. പുഷ്അപ് ഒന്നും എടുക്കാൻ സാധിച്ചിരുന്നില്ല.

 

ഇപ്പോഴും പുഷ്അപ് എടുക്കാനൊക്കെ ബുദ്ധിമുട്ട് തന്നെയാണ്. എങ്കിലും സ്പോർട്സ് ഇഷ്ടമായതിനാൽ ബാഡ്മിന്റൻ കളിക്കാൻ പോകുമായിരുന്നു. വേദന കൂടിയതോടെ വീണ്ടും ഡോക്ടറെ കാണിച്ചു. ഷോൾഡർ മസിലുകൾക്കു ശക്തി കൂട്ടുന്ന വ്യായാമം ചെയ്യാനുള്ള നിർദേശമനുസരിച്ചാണു വർക് ഔട്ട് തുടങ്ങുന്നതു തന്നെ". ചിത്രത്തിൽ പ്രവീൺ മൈക്കിൾ എന്ന പൊലീസുകാരനായാണ് കുഞ്ചാക്കോ ബോബൻ എത്തുന്നത്. 

 

തുടക്കം മാത്രം

 

സിനിമയ്ക്കു വേണ്ടിയുള്ള വടംവലി ആയിരുന്നെങ്കിലും ആവേശം കൂടിയതോടെ കയ്യും കാലുമെല്ലാം മുറിഞ്ഞു. ‘‘സിനിമ തുടങ്ങുന്നതിനു മുൻപ് തന്നെ ചിത്രത്തിലെ വടംവലി സീനിനെക്കുറിച്ച് മാർട്ടിൻ പറഞ്ഞിരുന്നു. ഷൂട്ടിങ് കഴിഞ്ഞതോടെ കയ്യും കാലുമൊക്കെ മുറിഞ്ഞു. വർക്ഔട്ട് മുടങ്ങി. ഇനി വീണ്ടും തുടങ്ങണം. ഇതു തുടക്കം മാത്രമേ ആയിട്ടുള്ളു. ഇനിയും ഒരുപാട് ശ്രദ്ധിക്കാനും മാറ്റങ്ങൾ വരുത്താനുമുണ്ട്’’. കളി തുടങ്ങിയിട്ടേയുള്ളൂ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com