ADVERTISEMENT

കൊറോണ വൈറസ് സംബന്ധിച്ച വ്യാജ വാർത്തകൾ തന്റെ പുതിയ സിനിമയായ ഗൗതമിന്റെ രഥത്തിന്റെ കലക്‌ഷനെ ബാധിച്ചുവെന്ന് നീരജ് മാധവ്. വൈറസിനെക്കുറിച്ചുള്ള വ്യാജവാർത്തകൾ കാരണം ആളുകൾ തിയറ്ററുകളിലേയ്ക്ക് എത്തുന്നത് കുറഞ്ഞെന്ന് നീരജ് സമൂഹമാധ്യമത്തിൽ കുറിച്ചു.

 

വെള്ളിയാഴ്ച വമ്പൻ റിലീസുകൾ വരുന്നതോടെ ഒരുദിവസം കൂടിയാണ് ഈ ചിത്രത്തിന്റെ ആയുസ്സെന്നും ഒരദ്ഭുതം സംഭവിച്ചു കുറച്ചു ഹൗസ്ഫുൾ ഷോസ് ലഭിച്ചാൽ സിനിമയ്ക്കു ഗുണകരമാകുമെന്നും നീരജ് പറയുന്നു.

 

നീരജ് മാധവിന്റെ കുറിപ്പ് വായിക്കാം:

 

ഏറെ സങ്കടത്തോടെ ഒരു കാര്യം അറിയിക്കട്ടെ, ദയവായി പൂർണമായും വായിക്കണം. കഴിഞ്ഞ വെള്ളിയാഴ്ച്ച ഇറങ്ങിയ 'ഗൗതമന്റെ രഥം' എന്ന ഞങ്ങടെ സിനിമ കണ്ടവരെല്ലാം വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. 

 

ശനി, ഞായർ ദിവസങ്ങളിൽ നല്ല കലക്‌ഷനും ഉണ്ടായിരുന്നു. പക്ഷേ തിങ്കളാഴ്ച്ച മുതൽ പല തിയറ്ററിലും ആള് കുറവാണെന്നും ചില സ്ഥലങ്ങളിൽ ഷോ നടന്നില്ലെന്നും പറയുന്നു. ഇതിന് പിറകിലുള്ള കാരണം അന്വേഷിച്ചിറങ്ങിയപ്പോൾ മനസിലാക്കാൻ സാധിച്ചത്, കഴിഞ്ഞ ഏതാനും ദിവസങ്ങളായി കേൾക്കുന്ന കൊറോണ വൈറസ് സംബന്ധിച്ച വാർത്തകൾ പലരിലും ചെറിയ രീതിയിലുള്ള ആശങ്ക ഉണ്ടാക്കിയിട്ടുണ്ട് എന്നാണ്. 

 

ഇതിനിടെ ചിലർ വ്യാജ വാർത്തകൾ പ്രചരിപ്പിച്ചത് ഒരല്പം പരിഭ്രാന്തിയും പരത്തി. ഇത് ഗൗരവമുള്ള വിഷയം തന്നെയാണ് എന്ന് ബോധ്യവും ഉണ്ട്, എങ്കിലും പരിഭ്രാന്തി വേണ്ട, ജാഗ്രത മതി എന്ന് സർക്കാർ തന്നെ പറയുന്നുണ്ട്. ഈ സമയത്ത് സിനിമ കാണാൻ പോകണോ വേണ്ടയോ എന്നൊക്കെ ഉള്ളത് തീർത്തും വ്യക്തിപരമായ തീരുമാനങ്ങളാണ്. 

 

ഒരിടവേളയ്ക്ക് ശേഷമുള്ള തിരിച്ചു വരവായതുകൊണ്ട് ഈ സിനിമ നടത്തിയെടുക്കാൻ ഞങ്ങൾ ഒരുപാട് കഷ്ടപെട്ടിട്ടുണ്ട്. ഹിന്ദിയിൽ വെബ് സീരീസ് ചെയ്യാൻ പോയതായിരുന്നു എന്നൊന്നും പലർക്കും അറിയില്ലായിരുന്നു. അന്ന് ഞാൻ സിനിമയിൽ നിന്ന് ഔട്ടായി എന്ന് വരെ പറഞ്ഞ് നടന്നവരുണ്ട്. ഒരുപാട് പേർ ഞങ്ങടെ നിർമാതാവിനെ പിന്തിരിപ്പിക്കാൻ വരെ ശ്രമിച്ചിരുന്നു, പക്ഷേ അദ്ദേഹം ഞങ്ങളെ വിശ്വസിച്ചു കൂടെ നിന്നു, സാറ്റ്‌ലൈറ്റ് പോലും സിനിമ ഇറങ്ങീട്ട് നോക്കാം എന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു. 

 

ഞങ്ങൾക്കെല്ലാവർക്കും ഈ സിനിമയിൽ അത്രയ്ക്കു വിശ്വാസം ഉണ്ടായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച്ച ഗൗതമന്റെ രഥം തിയറ്ററിൽ എത്തിയപ്പോൾ ചിത്രം വിജയിച്ചതിന്റെ ആഹ്ലാദത്തിലായിരുന്നു ഞങ്ങൾ എങ്കിൽ, ഇന്ന് അതേ സിനിമ അടുത്താഴ്‌ച്ച തിയറ്ററിൽ ഉണ്ടാകുമോ എന്നുറപ്പില്ലാത്ത അവസ്ഥയിലാണ്. നാളെ, വെള്ളിയാഴ്ച്ച വമ്പൻ റീലീസുകൾ ഉണ്ട്. ഇന്നൊരു ദിവസം കൂടെയെ ബാക്കിയുള്ളൂ. ഇന്നെന്തെങ്കിലും ഒരദ്ഭുതം സംഭവിച്ചു കുറച്ചു ഹൗസ്ഫുൾ ഷോസ് ലഭിച്ചാൽ ഒരുപക്ഷേ തിയറ്റർ ഉടമകൾ കനിഞ്ഞു സിനിമയ്ക്കു കുറച്ചുകൂടെ ആയുസ്സ് ലഭിക്കും. 

 

അല്ലെങ്കിൽ പിന്നീട് TVയിലൊ ഫോണിലോ ലാപ്പിലോ ഒക്കെ കണ്ട് നിങ്ങൾക്കു എന്നോട് അഭിപ്രായം പറയാം. പക്ഷേ അപ്പഴും ഇങ്ങനെയൊരു നല്ല സിനിമയുടെ കൂടെ നിന്ന ആ പ്രൊഡ്യുസറോട് നീതി പുലർത്താൻ പറ്റിയില്ലല്ലോ എന്നുള്ള അതിയായ സങ്കടം ബാക്കിയാണ്. ഇതാരുടെയും കുറ്റം കൊണ്ടല്ല. ആരോടും പരിഭവവും ഇല്ല. എങ്കിലും പറയട്ടെ, ഈ വൈകിയ വേളയിലും പറ്റിയാൽ വന്ന് പടം കണ്ട് സഹായിക്കാം. മുടക്കു മുതൽ എങ്കിലും ആ നിർമാതാവിന് തിരിച്ചു കിട്ടിയാൽ മതിയായിരുന്നു. മലയാള സിനിമ വിജയിക്കട്ടെ. നന്ദി.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com