ADVERTISEMENT

ചെന്നൈ∙സൂപ്പർ താരങ്ങളുടെ ഫാൻസ് അസോസിയേഷനുകൾ തമ്മിൽ കട്ട കലിപ്പിലാണെങ്കിലും തമിഴ്നാട് സിനിമാ ലോകത്ത് വർഷങ്ങളായി പാലിക്കുന്ന ചില മര്യാദകളുണ്ട്. ദീപാവലി, പൊങ്കൽ തുടങ്ങിയ ആഘോഷ വേളകളിൽ സൂപ്പർ താര ചിത്രങ്ങൾ ഒരുമിച്ചു റിലീസ് ചെയ്യാറില്ല. 2020 ഫെബ്രുവരി അഞ്ചിനു പക്ഷേ, തമിഴ്നാട്ടിൽ രണ്ടു സൂപ്പർ താരങ്ങൾ ബ്രേക്കിങ് ന്യൂസുകളുടെ സ്ക്രീനിൽ ഒരുമിച്ചു റിലീസായി. 

 

പൗരത്വ നിയമത്തെ അനുകൂലിച്ചു തലൈവർ രജനീകാന്ത് രംഗത്തു വന്നതു രാവിലെ, ബിഗിൽ സിനിമയുമായി ബന്ധപ്പെട്ട് ഇളയ ദളപതി വിജയ്‌യെ ആദായ നികുതി വകുപ്പ് ചോദ്യം ചെയ്തതു വൈകിട്ട്. ഒറ്റ ദിവസം കൊണ്ട് തമിഴകത്തെ രാഷ്ട്രീയ- സിനിമാ ലോകത്തെ ചോദ്യം മാറി മറിഞ്ഞിരിക്കുന്നു. രാഷ്ട്രീയ കളത്തിലിറങ്ങിയ കമലും വരമ്പത്തിരിക്കുന്ന രജനീകാന്തും കൈക്കോർക്കുമോയെന്നതായിരുന്നു മാസങ്ങളായി ഉയർന്നു കേട്ടിരുന്ന ചോദ്യം. ഉലക നായകനും തലൈവരും ഒന്നിച്ചു നിൽക്കുമോയെന്നതു തലൈവരും ഇളയ ദളപതിയും നേർക്കു നേർ വരുമോയെന്ന ചോദ്യത്തിലേക്കു വഴി മാറിയിരിക്കുന്നു. 

 

ബിഗിൽ നിർമാതാക്കൾക്കെതിരായ ആരോപണവുമായി ബന്ധപ്പെട്ടാണു വിജയ്‌യെ ചോദ്യം ചെയ്യുന്നതെന്നു ആദായ  നികുതി വകുപ്പ് വ്യക്തമാക്കിയെങ്കിലും കേന്ദ്ര സർക്കാർ രാഷ്ട്രീയ പകപോക്കുകയാണെന്ന വികാരം ആരാധകർക്കിടയിൽ ശക്തമാണ്. പ്രിയപ്പെട്ട താരത്തിന്റെ ഷൂട്ടിങ് നിർത്തിവയ്പ്പിച്ചതും ഉറങ്ങാൻ പോലുമനുവദിക്കാതെ  ഒരു രാത്രി മുഴുവൻ ചോദ്യം ചെയ്തതും അവരുടെ മനസ്സിൽ മുറിപ്പാടായി നിലനിൽക്കും. 

 

∙ തൊണ്ണൂറുകളിലെ രജനി,  പുതിയ വിജയ്

 

തമിഴ് സിനിമാ ലോകത്ത് തൊണ്ണൂറുകളിലെ രജനിയുടെ കസേരയിലാണു ഇപ്പോൾ വിജയ് ഇരിക്കുന്നത്. കരുണാനിധി- ജയലളിതമാരുടെ  പ്രഭാവ കാലമായിരുന്നെങ്കിലും അന്നു രജനി പറഞ്ഞ ഓരോ വാചകത്തിലും രാഷ്ട്രീയ സൂചനകൾ കാണാൻ ആരാധകരും ശത്രുക്കളും മൽസരിച്ചു. എംജിആറിനു ശേഷം തമിഴ് രാഷ്ട്രീയം പിടിച്ചടക്കാൻ പ്രാപ്തിയുള്ള താരമെന്നു എല്ലാവരും വിശ്വസിച്ചപ്പോഴും രജനിയുടെ രാഷ്ട്രീയം ചില മുനവച്ച ഡയലോഗുകളിലൊതുങ്ങി. 

 

ഇപ്പോൾ, ജയ-കരുണാനിധി കാലത്തിനു ശേഷം, സംസ്ഥാനരാഷ്ട്രീയത്തിൽ ശൂന്യതയെന്ന മുറവിളികൾക്കിടെ രജനി തേങ്ങയുടക്കാൻ തീരുമാനിച്ചിരിക്കുന്നു.  അഞ്ചു പതിറ്റാണ്ടിലേറെയായി തമിഴകം വോട്ടു ചാർത്തിയ ദ്രാവിഡ രാഷ്ട്രീയത്തിൽ നിന്നു ഭിന്നമാണു തന്റെ വഴിയെന്നു രജനി പ്രഖ്യാപിക്കുകയും ചെയ്തു. ആത്മീയ രാഷ്ട്രീയത്തിലൂടെ ബിജെപിയുടെ ഹിന്ദുത്വയോടു ചേർന്നു നിൽക്കുകയാണു രജനിയെന്ന വിമർശനങ്ങൾക്കിടയിലും ദ്രാവിഡ വഴിയിൽ നിന്നു മാറി നടക്കാൻ താരത്തിന്റെ നീക്കം ധീരമാണെന്ന വിലയിരുത്തലുകളുമുണ്ട്. പക്ഷേ, തൊണ്ണൂറുകളിൽ നിലനിന്നിരുന്ന രജനീ പ്രഭാവം അതേ തീവ്രതയോടെ ഇപ്പോൾ നിലനിൽക്കുന്നുണ്ടോയെന്നതാണു ചോദ്യ ചിഹ്നം.  അടുത്ത വർഷം നടക്കുന്ന  നിയമസഭാ തിരഞ്ഞെടുപ്പ് ഫലത്തിനു മാത്രം നൽകാനാവുന്നതാണു അതിനുള്ള മറുപടി.

 

∙ രാഷ്ട്രീയം പറഞ്ഞു ഇളയ ദളപതി

 

ക്ഷോഭിക്കുന്ന തലമുറയുടെ പ്രതിനിധിയെന്ന നിലയിൽ നിന്ന്, സ്വന്തം ആശയധാര പ്രഖ്യാപിച്ച രാഷ്ട്രീയക്കാരനിലേക്കു രജനി മാറിയിരിക്കുന്നു. അവിടെയാണ്, വർഷങ്ങളായി സിനിമയിലും അതുമായി ബന്ധപ്പെട്ട വേദികളിലും രാഷ്ട്രീയ സൂചനകളുടെ ശരം തൊടുക്കാൻ മടിക്കാത്ത വിജയ് കളത്തിലേക്കു വരുന്നത്. രജനീകാന്തിനെപ്പോലെ, സ്വന്തം സിനിമയുടെ സന്ദേശം തമിഴകത്തെ അവസാനത്തെ ഗ്രാമത്തിലെ അവസാന വീട്ടിലുമെത്തിക്കാനുള്ള താരപ്രഭാവം വിജയ്‌ക്കുണ്ട്. മെർസലിലും സർക്കാരിലും വിജയ് തൊടുത്ത വിമർശനങ്ങൾ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ അസ്വസ്ഥരാക്കിയതു അതുകൊണ്ടാണ്. 

 

അവസാന ചിത്രമായ ബിഗിലിൽ വലിയ രാഷ്ട്രീയ സൂചനകളില്ലായിരുന്നുവെങ്കിലും അതിന്റെ കേട് ഓഡിയോ ലോഞ്ചിൽ തീർത്തു. വിജയ്‌മുനവച്ച വർത്തമാനങ്ങളിലൂടെ രാഷ്്ട്രീയം പറഞ്ഞപ്പോൾ,   പിതാവ് സംവിധായകൻ കൂടിയായ എസ്.എ.ചന്ദ്രശേഖർ മകൻ രാഷ്ട്രീയത്തിൽ വരുമെന്നു തന്നെ മറയില്ലാതെ പറഞ്ഞുകൊണ്ടിരിക്കുന്നു. ചന്ദ്രശേഖർ കോൺഗ്രസ് അനുഭാവിയാണെന്നു കിട്ടുന്ന വേദികളിലെല്ലാം ബിജെപി നേതാക്കൾ പറഞ്ഞുവയ്ക്കാറുണ്ട്.

 

∙അടുത്ത വർഷം ബ്ലോക്ക് ബസ്റ്ററോ?

 

അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ രജനിയും കമലും രംഗത്തുണ്ടാകുമെന്നു ഇതിനകം വ്യക്തമായിക്കഴിഞ്ഞു. ഏതെങ്കിലുമൊരു വേഷത്തിൽ വിജയ്‌യും കളത്തിലുണ്ടാകുമെന്ന സൂചനകൾക്കു ആദായ നികുതി വകുപ്പിന്റെ റെയ്ഡോടെ കൂടുതൽ ബലം വന്നിരിക്കുന്നു. നേരിട്ടു പ്രചാരണത്തിനിറങ്ങിയില്ലെങ്കിലും രാഷ്ട്രീയം വ്യക്തമാക്കുന്ന ചില ഡയലോഗുകൾ താരത്തിൽ നിന്നു പ്രതീക്ഷിക്കാം. 

 

1996-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് രജനീകാന്ത് പറഞ്ഞ പ്രശസ്തമായ ആ ഡയലോഗ് ഇന്നു തമിഴ്നാട് രാഷ്ട്രീയത്തിൽ പാണന്മാരുടെ പ്രിയപ്പെട്ട ചരിത്രമാണ്. ജയലളിത ഇനിയും മുഖ്യമന്ത്രിയായാൽ ദൈവത്തിനു പോലും തമിഴ്നാടിനെ രക്ഷിക്കാനാകില്ലെന്ന ആ രജനി ഡയലോഗിനു പിന്നാലെ നടന്ന തിരഞ്ഞെടുപ്പ് ഡിഎംകെ സഖ്യം തൂത്തുവാരി. ജയയ്ക്കെതിരായ അഴിമതി ആരോപണങ്ങളുൾപ്പെടെ പല കാരണങ്ങളും അതിനു പിന്നിലുണ്ടാരുന്നെങ്കിലും രജനിയുടെ ആ ‘മാസ്’ ഡയലോഗും അതിന്റെ പങ്കുവഹിച്ചു. ഇതുവരെ വരമ്പത്തിരുന്നു കളി കണ്ടിരുന്ന രജനി നേരിട്ടു കളത്തിലിറങ്ങുമ്പോൾ, തമിഴ്നാട് രാഷ്ട്രീയത്തിൽ വരമ്പത്തിരുന്നു വിസിലടിക്കുന്ന റോൾ വിജയ്‌ ഏറ്റെടുക്കുമോ?.  അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പു നടക്കാനിരിക്കുന്നതിൽ തമിഴ്നാട്ടിലെ രാഷ്ട്രീയ കളികൾ ഇനി വേറെ ലെവലായിരിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com