ADVERTISEMENT

യുവാവിനെ ഹണിട്രാപ്പിൽ കുടുക്കി കാറും മൊബൈലും തട്ടിയെടുത്ത കേസിൽ സിനിമാ സീരിയൽ മേക്കപ്പ് ആർട്ടിസ്റ്റ് ജൂലി ജൂലിയൻ അറസ്റ്റിൽ. യുവാവിനെ വാടക വീട്ടിലേക്കു വിളിച്ചു വരുത്തി ബലം പ്രയോഗിച്ചു നഗ്ന ചിത്രമെടുത്തു ബ്ലാക്മെയിലിങ്ങിലൂടെ പണവും കാറും മൊബൈൽ ഫോണുകളും തട്ടിയെടുത്ത കേസിലാണ് ജൂലിയും സുഹൃത്തും പിടിയിലായി. സീപോർട്ട് എയർപോർട്ട് റോഡിൽ കലക്ടറേറ്റിനു സമീപം ബ്യൂട്ടി പാർലർ നടത്താനെന്ന പേരിൽ വീട് വാടകയ്ക്കെടുത്തായിരുന്നു തട്ടിപ്പ്. മാമംഗലം പൊറ്റക്കുഴി ചെറിയ പട്ടാരപ്പറമ്പിൽ ജൂലി ജൂലിയൻ (37), സുഹൃത്ത് കാക്കനാട് അത്താണി കൃഷ്ണ വിലാസത്തിൽ കെ.എസ്.കൃഷ്ണകുമാർ (രഞ്ജിഷ് – 33) എന്നിവരാണ് അറസ്റ്റിലായത്.

വിജയ്‌യുടെ മെർസൽ, വി.കെ. പ്രകാശ് ചിത്രം പ്രാണ തുടങ്ങിയ സിനിമകളിൽ നായികയുെട മേക്കപ്പ്അപ്പ് ആർട്ടിസ്റ്റ് ആയിരുന്നു ജൂലി. മുൻനിര നായികമാരുടെ പ്രഫഷനൽ ബ്യൂട്ടി ടെക്നീഷ്യൻ കൂടിയായ ജൂലി ‘ജൂലി ജൂലിയൻ’ എന്ന പേരിൽ ബ്യൂട്ടി സ്ഥാപനവും നടത്തുന്നുണ്ട്.

കേസിൽ രണ്ടു പേരെ കൂടി പിടികിട്ടാനുണ്ട്. ബിസിനസുകാരനായ യുവാവാണ് ഇവരുടെ കെണിയിൽപെട്ടത്. ജൂലിയുടെ ക്ഷണപ്രകാരം യുവാവും ഗൾഫിൽ നിന്നെത്തിയ ബന്ധു കൂടിയായ മറ്റൊരു യുവാവും ഒരുമിച്ചാണ് വാടക വീട്ടിലെത്തിയത്. ഇവർ ജൂലിയുമായി സംസാരിക്കുന്നതിനിടെ ജൂലിയുടെ കൂട്ടാളികളായ മറ്റു മൂന്നു പേർ പുറമേ നിന്ന് എത്തുകയായിരുന്നു. അനാശാസ്യ നടപടിക്ക് എത്തിയതാണെന്ന് ആരോപിച്ച് ഇവർ യുവാക്കളെ മർദിച്ചു. രോഗിയാണെന്നു പറഞ്ഞതിനാൽ ഗൾഫിൽ നിന്നെത്തിയ യുവാവിനു കാര്യമായി മർദനമേറ്റില്ല.

ബിസിനസുകാരനെ നഗ്നനാക്കി ജൂലിയോടൊപ്പം കട്ടിലിൽ ഇരുത്തി വിഡിയോ ചിത്രീകരിക്കുകയായിരുന്നു. ഇതു പുറത്തു വിടാതിരിക്കാൻ 5 ലക്ഷം രൂപ സംഘം ആവശ്യപ്പെട്ടു. കൈവശം പണമില്ലെന്നും പിന്നീടു തരാമെന്നും യുവാക്കൾ പറഞ്ഞെങ്കിലും സംഘം വഴങ്ങിയില്ല. ഗൾഫുകാരന്റെ പഴ്സിൽ നിന്നു എടിഎം കാർഡ് പിടിച്ചു വാങ്ങി. കാറും മൊബൈൽ ഫോണുകളും കൈവശപ്പെടുത്തിയ ശേഷമാണ് യുവാക്കളെ വിട്ടയച്ചത്.

എടിഎം കാർഡ് ഉപയോഗിച്ചു പല സമയത്തായി 50,000 രൂപ പിൻവലിച്ചു. ശേഷിക്കുന്ന തുക പറഞ്ഞ സമയത്തു കിട്ടാതിരുന്നതോടെ യുവാക്കളുടെ ഏതാനും സുഹൃത്തുക്കൾക്കു വീഡിയോയിലെ രംഗങ്ങൾ ജൂലി അയച്ചു കൊടുക്കുകയായിരുന്നു. യുവാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ഇൻഫോപാർക്ക് ഇൻസ്പെക്ടർ എ.അനന്തലാൽ, എസ്ഐ എ.എൻ.ഷാജു എന്നിവരുടെ നേതൃത്വത്തിൽ വൈറ്റിലയിലെ ബ്യൂട്ടിപാർലറിൽ നിന്നാണ് ജൂലിയെ പിടികൂടിയത്.

ജൂലി നൽകിയ വിവരത്തെ തുടർന്നു രഞ്ജിഷിനെയും അറസ്റ്റ് ചെയ്തു. ശേഷിക്കുന്ന രണ്ടു പ്രതികൾ കേരളം വിട്ടെന്നാണ് സൂചന. ജൂലി വാടകയ്ക്കെടുത്ത വീട്ടിൽ നിന്നു വീട്ടുപകരണങ്ങൾ കടത്തിയതിനു കഴിഞ്ഞ മാസം പൊലീസ് കേസെടുത്തിരുന്നു. 6 മാസം മുമ്പാണ് പൊയ്യച്ചിറയിൽ ഇവർ വീടു വാടകയ്ക്കെടുത്തത്. 25,000 രൂപ പ്രതിമാസം വാടക നിശ്ചയിച്ചിരുന്നെങ്കിലും പണം കിട്ടിയിട്ടില്ലെന്നു വീട്ടുടമ പറയുന്നു. ഫ്രിജ് ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങൾ ജൂലി കടത്തിക്കൊണ്ടു പോയതോടെ ഉടമ ഇൻഫോപാർക്ക് പൊലീസിൽ പരാതി നൽകുകയായിരുന്നു. സാധനങ്ങൾ പിന്നീടു കണ്ടെടുത്തു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com