ADVERTISEMENT

തിരുവനന്തപുരം∙ ഒന്നാം ലോക മഹായുദ്ധം പ്രമേയമായുള്ള 1917 എന്ന ചിത്രം മികച്ച വിഷ്വൽ ഇഫക്ട്സിനുള്ള (വിഎഫ്എക്സ്) ഓസ്കർ നേടുമ്പോൾ കേരളത്തിനും അഭിമാനിക്കാം. 1917 ന്റെ വിഎഫ്ക്സ് എഡിറ്റിങ് സംഘത്തിലെ പ്രധാന റോളിലുണ്ടായിരുന്നത് ഒരു വൈക്കം സ്വദേശിയാണ്, പേര് അയ്യപ്പദാസ് വിജയകുമാർ.

 

യുകെയിലെ പ്രമുഖ വിഎഫ്എക്സ് സ്ഥാപനമായ മൂവിങ് പിക്ച്ചർ കമ്പനിയിലെ (എംപിസി) വിഎഫ്എക്സ് എഡിറ്ററായ അയ്യപ്പദാസ് ഉൾപ്പടെ നേതൃത്വം നൽകിയ സംഘത്തിലെ 600 പേരാണ് വെറും 9 മാസമെന്ന റെക്കോർഡ് സമയം കൊണ്ട് ചിത്രം പൂർത്തിയാക്കിയത്.

 

കാനഡയിലെ മോൺട്രിയോളിലുള്ള എംപിസി സ്റ്റുഡിയോയിലായിരുന്നു പ്രധാന പ്രവർത്തനങ്ങൾ നടന്നത്. പ്രോജക്റ്റിന്റെ പ്രധാന സൂപ്പർവൈസറായ ഗ്രെഗ് ബട്‍ലറിന്റെ തൊട്ടു കീഴിലാണ് അയ്യപ്പദാസ് പ്രവർത്തിച്ചത്. അയ്യപ്പദാസ് ഉൾപ്പടെ 2 എഡിറ്റർമാരാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചത്.

 

ചിത്രത്തിന്റെ സംവിധായകൻ സാം മെൻഡസ് കഴിഞ്ഞ മാർച്ചിലാണ് എംപിസിയെ സമീപിക്കുന്നത്. ചിത്രം ഡിസംബറിൽ റിലീസ് ചെയ്യേണ്ടിയിരുന്നതിനാൽ സമയം പരിമിതമായിരുന്നു. ചുരുങ്ങിയ സമയത്തിലും പെർഫക്ഷൻ വേണമെന്നു വാശിപിടിച്ചതിനാൽ ചില ഷോട്ടുകളൊക്കെ ആയിരത്തിലധികം തവണ പുതുക്കേണ്ടി വന്നു. ഒന്നരവർഷമെടുത്ത് പോസ്റ്റ്–പ്രൊഡക്ഷൻ ചെയ്യുന്ന ചിത്രങ്ങളിൽ പോലും പരമാവധി 400 തവണയൊക്കെയാണ് റിവിഷൻ വരാറുള്ളതെന്ന് അയ്യപ്പദാസ് പറയുന്നു. ഷൂട്ടിങ് നടക്കുന്ന അതേ സമയത്ത് തന്നെ വിഎഫ്എക്സ് ചെയ്യുന്ന രീതിയാണുപയോഗിച്ചത്. ബ്രിട്ടനിലെ ഷൂട്ടിങ് ലൊക്കേഷനിൽ നിന്നുള്ള വിഡിയോ ഫുട്ടേജുകൾ എംപിസിയുടെ വിവിധ സ്റ്റുഡിയോകളിലേക്ക് അപ്പോൾ തന്നെ അയയ്ക്കുകയായിരുന്നു രീതി. പലതും നീണ്ട ഷോട്ടുകളുമായിരുന്നു.

 

ഇംഗ്ലണ്ടിലെ ലീഡ്സ് ബെക്കറ്റ് സർവകലാശാലയിൽ നിന്നാണ് ഡിജിറ്റൽ വിഡിയോ ആൻഡ് സ്പെഷൽ ഇഫക്റ്റ്സിൽ ബിരുദാനന്തര ബിരുദം ചെയ്തത്. വൈക്കം കുലശേഖരമംഗലം ചേന്നാട്ട് ഹൗസിൽ വിജയകുമാറിന്റെയും ജയലക്ഷ്മിയുടെയും മകനാണ്. ലൈഫ് ഓഫ് പൈ, ജംഗിൾ ബുക്ക്, ഹാരി പോട്ടർ ആൻഡ് ദ് ഡെത്ത്‍ലി ഹാലോസ്–പാർട്ട് 2 തുടങ്ങിയവയുടെ വിഎഫ്എക്സ് ചെയ്തതും എംപിസിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com