വിമാനത്തില്‍ കയറാത്ത 70 കുട്ടികള്‍ക്ക് സൗജന്യയാത്രയുമായി സൂര്യ; വിഡിയോ

suriya-flight-students
SHARE

വിമാനത്തില്‍ യാത്ര ചെയ്യാത്ത കുട്ടികള്‍ക്ക് സൗജന്യ യാത്ര ഒരുക്കി തമിഴ് നടന്‍ സൂര്യ. താരം പ്രധാനവേഷത്തിലെത്തുന്ന സൂരറൈ പോട്ര് എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായാണ് കുട്ടികൾക്കായി ഈ സ്വപ്നയാത്ര. വിമാനത്തില്‍ ഇതുവരെ കയറാത്ത 70 കുട്ടികള്‍ക്ക് സൗജന്യ വിമാനയാത്ര ഒരുക്കുന്നത്. സൂര്യയും ചിത്രത്തിന്റെ മറ്റ് താരങ്ങളും യാത്രയ്ക്കൊപ്പം ഉണ്ടാകും.

സൂര്യയുടെ അഗരം ഫൗണ്ടേഷന്റെ കീഴിലുള്ള സ്കൂളിലെ കുട്ടികളാണ് അവരുടെ മാതാപിതാക്കൾക്കൊപ്പം യാത്ര ചെയ്യുക.  സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍  കുട്ടികൾക്കായി ഉപന്യാസ മത്സരം നടത്തിയിരുന്നു. മനസ്സിലെ ഏറ്റവും ഇഷ്ടപ്പെട്ട സ്വപ്നത്തെക്കുറിച്ചോ ലക്ഷ്യത്തെക്കുറിച്ചോ എഴുതുക എന്നതായിരുന്നു മത്സരം. തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ ചെന്നൈ വിമാനത്താവളത്തിൽ എത്തിക്കഴിഞ്ഞു.

1.30നാണ് ഫ്ലൈറ്റ് പുറപ്പെടുക. ഏകദേശം 45 മിനിറ്റോളം ഇവർ സൂര്യയ്ക്കൊപ്പം ആകാശയാത്ര ചെയ്യും. കൂടാതെ സുരറൈ പോട്ര് എന്ന സിനിമയിലെ പുതിയ ഗാനവും ഈ സ്പൈസ് ജെറ്റ് ബോയിങ് 737 എയര്‍ ക്രാഫ്റ്റില്‍ റിലീസ് ചെയ്യും.

സൂര്യയുടെ മൂപ്പത്തിയെട്ടാമത്തെ ചിത്രമാണിത്. മലയാളി താരം അപര്‍ണ മുരളിയാണ് ചിത്രത്തിലെ നായിക. 2ഡി എന്റര്‍ടൈന്‍മെന്റ്സും സീഖ്യാ എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഗുനീത് മോംഘയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി 21 ന് പുറത്തിറങ്ങും.

എയര്‍ ഡെക്കാന്‍ സ്ഥാപകന്‍ ക്യാപ്റ്റന്‍ ജി.ആര്‍. ഗോപിനാഥിന്റെ ജീവിത കഥയെ അടിസ്ഥാനമാക്കിയാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. മോഹന്‍ റാവു, പരേഷ് റാവല്‍, ജാക്കി ഷ്രോഫ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. ജി.വി. പ്രകാശാണ് സംഗീതം ഒരുക്കുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA