കരിമ്പുലിക്കൊപ്പം ‘കത്തനാര്‍’ ജയസൂര്യ; ദൃശ്യവിസ്മയമായി ടീസർ

kathanar-launch-teaser
SHARE

മാടയും മറുതയും ചുടലപിശാചുക്കളും ഒടിയനുമൊക്കെ വിഹരിക്കുന്ന കൊടുംകാട്ടിലേയ്ക്ക് കത്തനാർ എത്തുകയാണ്. മലയാള സിനിമാ പ്രേക്ഷകരെ അമ്പരപ്പിക്കാൻ വെള്ളിത്തിരയിൽ മായാപ്രപഞ്ചത്തിന്റെ ദൃശ്യവിസ്മയം തീർക്കാൻ ജയസൂര്യയും വിജയ് ബാബുവും. എട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നു എന്ന് കരുതപ്പെടുന്ന മാന്ത്രികനായ വൈദികന്‍ കടമറ്റത്ത് കത്തനാർ ആയി സൂപ്പർതാരം എത്തുന്നു. 

ഞെട്ടിക്കുന്ന ലോഞ്ച് ടീസറാണ് അണിയറ പ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രം നിർമിക്കുന്നത് വിജയ് ബാബുവിന്റെ ഉടമസ്ഥതയിലുള്ള ഫ്രൈ‍ഡേ ഫിലിം ഹൗസ് ആണ്. ത്രിഡിയിലാകും ചിത്രം റിലീസ് ചെയ്യുക. സിനിമയുടെ അനിമേറ്റഡ് ടീസറാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത്. രമ്യ നമ്പീശന്റെ ശബ്ദമാണ് ലോഞ്ച് ടീസറിൽ ഉപയോഗിച്ചിരിക്കുന്നത്.

ഫിലിപ്സ് ആൻഡ് മങ്കിപെൻ, ജോ ആൻഡ് ദ് ബോയ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ റോജിൻ തോമസ് ആണ് സംവിധാനം. തിരക്കഥ ആർ. രാമാനന്ദ്. രണ്ട് ഭാഗങ്ങളായാകും ചിത്രം റിലീസിനെത്തുക. രാമാനന്ദന്റെ വർഷങ്ങളായുള്ള ചരിത്ര ഗവേഷണത്തിൽ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മലയാളത്തിനകത്തു നിന്ന് രാജ്യാന്തര നിലവാരത്തിൽ ഒരുങ്ങുന്ന ചിത്രം ഫാന്റസി–ത്രില്ലർ ഗണത്തിൽപെടുന്നതാകും. ഫിലിപ്സ് ആൻഡ് മങ്കിപെന്‍ ടീം വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സാങ്കേതിക പ്രവർത്തകരും മങ്കിപെൻ ടീം തന്നെയാകും.

ജയസൂര്യയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രോജക്ട് ആയിരിക്കും ഈ സിനിമ. മിനി സ്ക്രീനുകളിലും നാടകങ്ങളിലും മറ്റും കണ്ട് പരിചയിച്ച കത്തനാരിൽ നിന്നും തീർത്തും വ്യത്യസ്തമായ കഥയും കഥാപാത്രവുമാകും സിനിമയിലേത്. കത്തനാരെ ബിഗ് കാൻവാസിൽ ഒരുക്കാനാണ് അണിയറക്കാർ പദ്ധതിയിടുന്നത്. പുതിയൊരു ആവിഷ്ക്കാര രീതിയില്‍ നിർമിക്കുന്ന ചിത്രം തികഞ്ഞ സാങ്കേതിക തികവിലാകും ഒരുങ്ങുക.

‌ജയസൂര്യയും വിജയ് ബാബുവും ഒന്നിക്കുന്ന എട്ടാമത്തെ പ്രോജക്ട് ആണ് കത്തനാർ. മലയാള സിനിമയിൽ ഇതാദ്യമായാണ് ഹിറ്റ് കൂട്ടുകെട്ടിൽ ഇത്രയധികം ചിത്രങ്ങൾ ഒരുമിച്ച് അനൗൺസ് ചെയ്യുന്നത്. ചിത്രീകരണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന സൂഫിയും സുജാതയും എന്ന ചിത്രത്തിനു പുറമെ മൂന്ന് മെഗാ പ്രോജക്ടുകളും അണിയറയിൽ ഒരുങ്ങുന്നു. അനശ്വര നടൻ സത്യന്റെ ബയോപിക്, ആട് 3, കത്തനാർ എന്നീ സിനിമകൾ വൻ മുതൽമുടക്കിലാകും ഒരുങ്ങുന്നത്.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA