sections
MORE

‘പൃഥ്വിയെ ചീത്ത പറഞ്ഞ പൊലീസുകാരി’: ആ ഡയലോഗിനെക്കുറിച്ച് ധന്യ അനന്യ

dhanya-ananya
SHARE

പൃഥ്വിരാജും ബിജു മേനോനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ അയ്യപ്പനും കോശിയും ആദ്യനോട്ടത്തിൽ പരസ്പരം പോരടിക്കുന്ന രണ്ടു ആണുങ്ങളുടെ സിനിമയെന്ന് തോന്നുമെങ്കിലും തീയറ്ററിൽ കയ്യടി നേടിയതെല്ലാം പെണ്ണുങ്ങളും അവരുടെ കിടിലൻ ഡയലോഗുകളുമായിരുന്നു. 'ഉമ്മച്ചോ... ഗ്യാലറി നമുക്ക് എതിരാണല്ലോ' എന്ന മാസ് ഡയലോഗ് അടിച്ച് ഷൈൻ ചെയ്തു നിൽക്കുന്ന കോശി കുര്യനെ ഒരൊറ്റ ഡയലോഗിൽ തളയ്ക്കുന്നുണ്ട് ജെസി എന്ന സിവിൽ പൊലീസ് ഓഫീസർ. അനുകമ്പയും മനുഷ്യപ്പറ്റും ആവോളമുണ്ടെങ്കിലും ആരുടെയും സഹതാപം ആവശ്യമില്ലെന്ന് നോക്കിലും പ്രവർത്തിയിലും അടയാളപ്പെടുത്തുന്ന ജെസിയെ ഒരു പുഞ്ചിരിയോടെയല്ലാതെ കണ്ടിരിക്കാനാവില്ല. 

നാടകത്തിന്റെ തട്ടകത്തിൽ പയറ്റിത്തെളിഞ്ഞ ധന്യ അനന്യയാണ് ജെസി എന്ന കഥാപാത്രത്തെ അത്രമേൽ സ്വാഭാവികതയോടെ അവതരിപ്പിച്ചത്. പ്രേക്ഷകരുടെ കയ്യടി നേടിയ ഡയലോഗിനെക്കുറിച്ചും ജെസി എന്ന കഥാപാത്രം സമ്മാനിച്ച സ്വീകാര്യതയെക്കുറിച്ചും ധന്യ അനന്യ മനസു തുറക്കുന്നു.  

എല്ലാവർക്കും ഞാനിപ്പോൾ ജെസി

ലാലുവേട്ടന്റെ നാൽപ്പത്തിയൊന്നിൽ ആക്ട് ചെയ്തിരുന്നു. അത് റിലീസാകുന്നതിനു മുന്നേ അതിൽ നിന്ന് റെഫർ ആയതാണ്. അങ്ങനെ സച്ചിയേട്ടൻ വിളിച്ചു. പോയി മീറ്റ് ചെയ്തു. അങ്ങനെയാണ് ‍ഞാൻ 'ഇൻ' ആയത്. സെറ്റിൽ ധന്യ എന്ന് എന്നെ ആരും വിളിച്ചിട്ടില്ല. സെറ്റിൽ വന്നപ്പോൾ മുതൽ എല്ലാവരും ജെസി എന്നാണ് വിളിച്ചിരുന്നത്. അത് എനിക്ക് വളരെ സന്തോഷം തന്നു. ഇപ്പോഴും പലർക്കും എന്റെ പേര് എന്താണെന്ന് അറിയില്ല. ജെസി എന്നാണ് എല്ലാവരും വിളിക്കുന്നത്.  

dhanya-ananya-2

ആദ്യം ചെയ്യിപ്പിച്ചതും ആ ഡയലോഗ്

ഒരു ആദിവാസി പെൺകുട്ടിയുടെ അധികം മേക്കോവർ ഒന്നുമില്ലാത്ത സിംപിൾ ആയിട്ടുള്ള കഥാപാത്രമായിരുന്നു ജെസി. നേരിൽ കണ്ടപ്പോൾ സച്ചിയേട്ടൻ ആദ്യം രണ്ട് സീൻ തന്നിട്ട് പെർഫോം െചയ്യിച്ചു. കോശിയെ ചീത്ത വിളിക്കുന്ന സീനും മറ്റൊന്ന് ഒരു ഇമോഷണൽ സീനുമാണ് ചെയ്യിച്ചത്. അതു ചെയ്തു കഴിഞ്ഞപ്പോൾ സച്ചിയേട്ടൻ പറഞ്ഞത് ഇതിലും കൂടുതലാണ് എനിക്കു വേണ്ടതെന്നാണ്! 

dhanya-ananya-1

എല്ലാവർക്കും അറിയേണ്ടത് അതു മാത്രം

കോശിയെ ചീത്ത വിളിക്കുന്ന സീനിനെക്കുറിച്ച്  കുറേപ്പേർ എന്നോട് ചോദിച്ചു. എങ്ങനെ അതു ചെയ്യാൻ പറ്റിയെന്നൊക്കെ! സത്യത്തിൽ, ഞാൻ രാജുവേട്ടനെ സെറ്റിൽ വച്ച് കാണുമ്പോൾ മുതൽ ആള് ഫുൾ വർക്ക് മോഡിലാണ്. രാജുവേട്ടനിൽ ഞാൻ കോശിയെയാണ് കാണുന്നത്. അപ്പോൾ ആ ഒരു സീൻ എടുക്കുമ്പോൾ മുന്നിൽ നിൽക്കുന്നത് രാജുവേട്ടനല്ല, കോശി തന്നെയാണ്. രാജുവേട്ടൻ തന്നെ ആ ക്യാരക്ടറിനെക്കുറിച്ച് പറയുന്നത്, 'കാണുമ്പോൾ തന്നെ രണ്ടെണ്ണം കൊടുക്കണം എന്നു തോന്നുന്ന ക്യാരക്ടർ' എന്നാണ്. ആ ഒരു സെൻസിൽ തന്നെയാണ് പുള്ളി നിൽക്കുന്നത്. അപ്പോൾ രാജുവേട്ടനെ ചീത്ത വിളിക്കുന്നു എന്നുള്ള ബുദ്ധിമുട്ട് തോന്നില്ല. ജെസി കോശിയെ വിളിക്കുന്നതാണ്. അതുകൊണ്ടാണ് കോശി പറയുന്നത്, 'അവൾക്കത് പറയാനുള്ള സകല അവകാശവും ഉണ്ടെ'ന്ന്. 

saranjith-ananya
41 സിനിമയിൽ ധന്യ

നാടകം നൽകിയ ധൈര്യം

തിയറ്റർ എപ്പോഴും എന്റെ ഒരു പാർട്ടാണ്. അതില്‍ നിന്ന് ഒരുപാട് പോസിറ്റീവ് കാര്യങ്ങൾ കിട്ടിയിട്ടുണ്ട്. തുടക്കം കാലടി ശങ്കരയിൽ നിന്നാണ്. അവിടെ നിന്നാണ് പെർഫോം ചെയ്യാനുള്ള കോൺഫിഡൻസ് ഉണ്ടാക്കി എടുത്തത്. അവിടെ പെർഫോം ചെയ്തും ടീച്ചേഴ്സുമായി ഇടപെട്ടും ആണ് കോൺഫിഡൻസ് കിട്ടിയത്. അങ്ങനെ തിയേറ്റർ ഒരു പാട് ഹെൽപ് ചെയ്തു. പ്രത്യേകിച്ചും ഈ സിനിമയിൽ. 

ഇത് മലയാള സിനിമയുടെ മാറ്റം

സച്ചിയേട്ടൻ അത്രയും പ്രാധാന്യം കൊടുത്താണ് ഓരോ സീനും പറയുന്നത്. കോശിയെ ചീത്ത വിളിക്കുന്ന സീൻ പറഞ്ഞപ്പോൾ തന്നെ അതിന്റെ പ്രാധാന്യം ഞാൻ തിരിച്ചറിഞ്ഞിരുന്നു. അത് മനസ്സിലാക്കി ആ കഥാപാത്രത്തോട് എത്രത്തോളം നീതി പുലർത്തി ചെയ്യാം എന്നു ചിന്തിച്ച് വളരെ പ്രാധാന്യത്തോടെയാണ് ഞാൻ അതു ചെയ്തത്. ശരിക്കും പ്രേക്ഷകർ ആ രംഗം  സ്വീകരിച്ചു. മലയാള സിനിമ മാറുന്നുണ്ട് എന്ന് എല്ലാവരും പറയുന്നു. അതു ശരിയാണെന്നതിന്റെ സൂചനയാണ് ഈ സ്വീകാര്യത. ജെസി പറയുന്ന ഡയലോഗും കണ്ണമ്മ പറയുന്ന ഡയലോഗും എല്ലാ വളരെ പോസിറ്റീവായാണ് പ്രേക്ഷകര്‍ എടുക്കുന്നത്. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA