‘പാരസൈറ്റ് വിജയ് ചിത്രത്തിന്റെ കോപ്പി’: നിയമനടപടിക്കൊരുങ്ങി നിർമാതാവ്

thenappan-parasite
നിർമാതാവ് തേനപ്പൻ
SHARE

മികച്ച സിനിമയ്ക്കുള്ള ഓസ്‌കര്‍ നേടിയ കൊറിയൻ ചിത്രം പാരാസൈറ്റ്, വിജയ് നായകനായി 1999ല്‍ പുറത്തിറങ്ങിയ മിന്‍സാര കണ്ണാ എന്ന തമിഴ് സിനിമയുടെ കോപ്പിയടിയാണെന്ന് നിർമാതാവ് പി.എല്‍. തേനപ്പന്‍. നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാരാസൈറ്റിന്റെ നിർമാതാക്കള്‍ക്കെതിരെ കോടതിയെ സമീപിക്കുമെന്നും പി.എല്‍. തേനപ്പന്‍ പറഞ്ഞു. 

‘ഒരു രാജ്യാന്തര അഭിഭാഷകന്റെ സഹായത്തോടെ കേസ് ഫയല്‍ ചെയ്യും. നമ്മുടെ ചില സിനിമകള്‍ അവരുടെ സിനിമകളില്‍ നിന്ന് പ്രചോദനം നേടിയതാണ് എന്ന് പറയുമ്പോള്‍ അവര്‍ കേസ് കൊടുക്കുന്നു. നമ്മളും അത് തന്നെ തിരിച്ച് ചെയ്യണം.’ - തേനപ്പന്‍ പറഞ്ഞു.

"നിലവിൽ, തുടർനടപടികളെക്കുറിച്ച് ചർച്ച ചെയ്യാൻ ഞാൻ ഒരു രാജ്യാന്തര അഭിഭാഷകനെ സമീപിക്കും. ഇപ്പോൾ ഒരു ഷൂട്ടിന്റെ തിരക്കിലായതിനാൽ, നടപടികൾ തിങ്കളാഴ്ച ആരംഭിക്കും. എന്റെ സിനിമയുടെ പ്രമേയമാണ് അവർ കട്ടെടുത്തത്.’ തെനപ്പൻ ആരോപിച്ചു. 

നാല് ഓസ്കറുകൾ നേടിയ കൊറിയൻ ചിത്രം പാരസൈറ്റ് വിജയ് ചിത്രത്തിന്റെ കോപ്പിയാണെന്ന് ആരാധകരാണ് ആദ്യം ഓൺലൈനിൽ പങ്കുവെക്കുന്നത്. മികച്ച തിരക്കഥ, വിദേശ ചിത്രം, സംവിധാനം, സിനിമ എന്നീ അവാർഡുകളാണ് പാരസൈറ്റ് നേടിയത്. എന്നാൽ ചിത്രത്തിന്റെ കഥ 1999ൽ പുറത്തിറങ്ങിയ വിജയ് ചിത്രം മിൻസാര കണ്ണായിൽ നിന്നും പ്രചോദനമുൾക്കൊണ്ടാതാണെന്നായിരുന്നു ആരാധകരുടെ കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് ട്രോളുകളും പ്രചരിച്ചു. ആരാധകരും ട്രോളന്മാരും പിന്നീട് മറ്റുതിരക്കുകളുമായി പോയെങ്കിലും ഈ ‘കോപ്പിയടി’ അങ്ങനെയങ്ങ് വേണ്ടെന്നുവയ്ക്കാൻ നിർമാതാവ് തേനപ്പൻ തയ്യാറല്ലായിരുന്നു. നിർമാതാവിന് പിന്തുണയുമായി സംവിധായകനും ഒപ്പമുണ്ട്.

വിജയ്, രംഭ, മോണിക്ക കാസ്‌റ്റെലിനോ, ഖുശ്ബു തുടങ്ങിയവര്‍ പ്രധാന വേഷങ്ങളിലെത്തിയ മിന്‍സാര കണ്ണാ സംവിധാനം ചെയ്തത് കെ.എസ്. രവികുമാറാണ്. വലിയ സമ്പന്നയായ നായികയുടെ വീട്ടിലേയ്ക്ക്  നായകന്റെ കുടുംബം മുഴുവന്‍ ജോലിക്കാരായി എത്തുന്നതാണ് ഈ കോമഡി ചിത്രം പറഞ്ഞത്. നിർധനരായ ഒരു കുടുംബം, സമ്പന്ന കുടുംബത്തിൽ കയറിപ്പറ്റുകയും തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് പാരസൈറ്റിന്റെ പ്രമേയം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN MOVIE NEWS
SHOW MORE
FROM ONMANORAMA