ADVERTISEMENT

പൃഥ്വിരാജ്–മോഹൻലാൽ ചിത്രം ലൂസിഫറിനൊപ്പം മലയാളത്തിൽ തരംഗമായ ഒന്നാണ് ഇലുമാനിറ്റി.  ഏറ്റവും രഹസ്യാത്മക സ്വഭാവമുള്ള സംഘടനയായ ‘ഇലുമിനാറ്റി’യാണ് ലോക ശക്തികളെ നിയന്ത്രിക്കുന്നതെന്നാണ് ഇതുമായി ബന്ധപ്പെട്ട് പറഞ്ഞുകേൾക്കുന്നത്. 

 

ഏറെ നിഗൂഢതകളുമായി എത്തിയ ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന മോഹന്‍ലാല്‍ കഥാപാത്രത്തെ ഇലുമിനാറ്റിയുടെ ഭാഗമാക്കിയാണ് പൃഥ്വിരാജ് ലൂസിഫറിൽ കാണിക്കുന്നത്. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് പൃഥ്വിരാജിന്റെ ഒരു ട്വീറ്റാണ് ഇപ്പോള്‍ വൈറലാകുന്നത്. ഇലുമിനാറ്റി വളരെ കാലങ്ങള്‍ക്കു മുന്‍പേ ഇല്ലാതായിട്ടുണ്ടായിരിക്കാം എന്നു പറഞ്ഞുകൊണ്ടുള്ള ഒരു ട്വീറ്റ് ചില ചോദ്യങ്ങളോടെ പങ്കുവച്ചിരിക്കുകയാണ് പൃഥ്വിരാജ്.

 

‘ഇലുമിനാറ്റി എന്ന രഹസ്യ സംഘം വളരെ നാളുകള്‍ക്കു മുമ്പേ മരിച്ചിരിക്കാം. പക്ഷേ ആ സംസ്കാരം വിവിധ ഭാഗങ്ങളില്‍  വീണ്ടും പ്രത്യക്ഷപ്പെടുകയാണ്. മോഹന്‍ലാല്‍ അഭിനയിച്ച ലൂസിഫറാണ് അതിലൊന്ന്’ എന്നായിരുന്നു ട്വീറ്റ്. 

 

‘വളരെ കാലം മുമ്പ് മരിച്ചെന്നോ? താങ്കള്‍ക്ക് ഉറപ്പാണോ?” എന്നീ ചോദ്യങ്ങളാണ് പൃഥ്വിരാജ് ചോദിക്കുന്നത്. 

 

‘ഇനി ശരിക്കും ഇലുമിനാറ്റി പൃഥ്വിരാജ് തന്നെയാണോ’, ‘രാജുവേട്ട കൊല്ലണ്ട’...തുടങ്ങി രസകരമായ കമന്റുകളാണ് പൃഥ്വിയുടെ ട്വീറ്റിന് ലഭിക്കുന്നത്.

 

ലോകത്തെ തന്നെ മുഴുവനായി നിയന്ത്രിക്കാൻ കഴിവുള്ള വിധം പണവും അറിവും നിർണായക അധികാര സ്ഥാപനങ്ങളിൽ സ്വാധീനമുള്ളവരാണ് ഇലുമിനാറ്റിയിൽ ഉൾപ്പെട്ടിരിക്കുന്നതെന്നാണ് പറയപ്പെടുന്നത്. . മനഃശാസ്ത്രത്തിലും അത്യാധുനിക ആർഫിഷ്യൽ ഇന്റലിജന്റ്സിലും വരെ പിടിപാടുള്ളവർ. ലോകത്തെ നിയന്ത്രിക്കാൻ വരെ ശേഷിയുള്ളവർ.  ഇതുമായി ബന്ധപ്പെട്ട് പല കഥകളും പ്രചരിക്കുന്നുണ്ട്. 

 

കലിംഗ യുദ്ധത്തിനു ശേഷം അശോക ചക്രവർത്തിക്കുണ്ടായ വെളിപാടാണ് ‘ഇലുമിനാറ്റി’ക്കു പിന്നിലെന്നാണു വിക്കിപീഡിയ പറയുന്നത്. തങ്ങളുടെ ബുദ്ധിയും ശക്തിയും യുദ്ധത്തിനല്ലാതെ മനുഷ്യനന്മയ്ക്കു വേണ്ടി ഉപയോഗപ്പെടുത്താൻ ഒൻപതു പേർക്കായി എല്ലാ അറിവുകളും ചക്രവർത്തി പങ്കുവച്ചെന്നാണ് പറയപ്പെടുന്നത്. ഈ അറിവുകൾ പുതുക്കി ഓരോ തലമുറയിലേക്കും ഈ ഒൻപതു പേരും പകർന്നു കൊടുക്കുന്നു. അങ്ങനെ ലോകം മുഴുവന്‍, എവിടെയാണെന്നറിയാത്തവിധം ഇല്യൂമിനേറ്റിയിലെ അംഗങ്ങൾ ജീവിക്കുന്നു. 

 

അതല്ല, ഒരു ബവേറിയൻ പ്രഫസറാണ് 1700കളിൽ ഇതിനു രൂപം നല്‍കിയതെന്നും പ്രചാരണമുണ്ട്. ചിന്തകന്മാരുടെ ഒരു കൂട്ടായ്മയ്ക്കു രൂപം നൽകി അന്ധവിശ്വാസങ്ങളെ തകർക്കുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നും! വെറും ഫിക്‌ഷനാണെന്നു പറഞ്ഞ് ഈ രഹസ്യ സംഘടനയെ ഭൂരിപക്ഷം പേരും തള്ളുമ്പോഴും അതിന് എതിർ വാദങ്ങളുമുണ്ട്. ഏറ്റവും പുതുതായി ഇലുമിനാറ്റിയെ പിന്തുണച്ചു രംഗത്തു വന്നിരിക്കുന്നതാകട്ടെ കാനഡയുടെ മുൻ പ്രതിരോധ മന്ത്രി പോൾ ഹെല്ല്യറും.  

 

ഇലുമിനാറ്റി യാഥാർഥ്യമാണെന്നും അവരാണു ലോകത്തെ നിയന്ത്രിക്കുന്നതെന്നുമായിരുന്നു ഹെല്ല്യറുടെ പ്രസ്താവന. ഇലുമിനാറ്റിയെ പിന്തുണച്ച് ലോകത്ത് ഇതാദ്യമായാണ് സർക്കാർ തലത്തിലെ ഉയർന്ന പദവി വഹിച്ച ഒരു വ്യക്തി രംഗത്തെത്തുന്നത്. 1963–67 കാലത്താണ് ഹെല്ല്യർ മന്ത്രിസ്ഥാനം വഹിച്ചത്. കാലാവസ്ഥാ വ്യതിയാനത്തെ മറികടക്കാനുള്ള തന്ത്രം വരെ ഇലുമിനാറ്റി  അംഗങ്ങൾക്കറിയാമെന്നും ഹെല്ല്യർ പറയുന്നു. എന്നാൽ അവർ അതിന്റെ രഹസ്യം പുറത്തുവിടില്ല. പെട്രോളിയം കമ്പനികളുടെ വരുമാനം നഷ്ടപ്പെടുത്താൻ അവർ ഇഷ്ടപ്പെടുന്നില്ല എന്നതു തന്നെ കാരണം. ജനങ്ങളെ സഹായിക്കുക എന്ന ലക്ഷ്യത്തിൽ നിന്നുമാറി പരമാവധി ലാഭമുണ്ടാക്കുക എന്നതാണ് ഈ രഹസ്യ സംഘടനയുടെ ഇപ്പോഴത്തെ ലക്ഷ്യം. 

 

രാജ്യാന്തര തലത്തിൽ സാമ്പത്തിക, രാഷ്ട്രീയ, ബിസിനസ്, വിനോദ മേഖലകളിലെല്ലാം ഇല്യൂമിനേറ്റി അംഗങ്ങളുണ്ടെന്നാണു കരുതുന്നത്. പെട്രോളിയം കമ്പനികളിലാണ് ഇവരിൽ പലർക്കും ഏറെ ഓഹരികളുള്ളതെന്നും ഹെല്ല്യറുടെ വാക്കുകൾ. അതിനാൽത്തന്നെ കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനെപ്പറ്റി രഹസ്യസംഘം ചിന്തിക്കുക പോലുമില്ല. നേരത്തെയും ഇത്തരത്തിലുള്ള വിവാദ പരാമർശങ്ങളിലൂടെ ശ്രദ്ധേയനായ വ്യക്തിയാണ് ഹെല്ല്യർ. കാനഡയിൽ ഒരിടത്ത് പറക്കുംതളിക വന്നു പതിച്ചപ്പോൾ ആ മേഖലയുടെ നിയന്ത്രണം ഏറ്റെടുക്കാൻ യുഎസ് ഇടപെട്ടു എന്നതായിരുന്നു അതിലൊന്ന്. 

 

എന്നാൽ അന്നുവന്ന അന്യഗ്രഹ ജീവികളിൽ നിന്നാണ് ആഗോള കാലാവസ്ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങളിൽ നിന്നു രക്ഷപ്പെടാനുള്ള വഴി മനുഷ്യന് ലഭിച്ചതെന്നും ഹെല്ല്യർ പറയുന്നു. ഈ അന്യഗ്രഹജീവികളുടെ കണ്ണിൽ മനുഷ്യൻ വെറും നിസ്സാരരാണ്. ഭാവിയിൽ എന്തെങ്കിലും ആവശ്യം വന്നാൽ മനുഷ്യനെ സഹായിക്കാൻ തക്കതായ എല്ലാ വിവരങ്ങളും ഇവയുടെ കയ്യിലുണ്ട്. കൃഷിയിലും വൈദ്യശാസ്ത്ര രംഗത്തും അവർ ഏറെ മുന്നിലാണ്. അങ്ങനെയെങ്കിൽ അവരുമൊത്ത് പുതിയൊരു ലോകക്രമത്തെപ്പറ്റി എന്തുകൊണ്ട് ആലോചിച്ചു കൂടാ എന്നും ഹെല്ല്യർ ചോദിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com