ADVERTISEMENT

അയ്യപ്പൻ നായരോട് ഏറ്റവുമധികം സ്നേഹം വച്ച് പുലർത്തുന്ന ആളാണ് സിപിഒ സുജിത്. നടൻ അനു മോഹനാണ് അയ്യപ്പൻ കോശിയിലെ ഈ കഥാപാത്രത്തെ മനോഹരമാക്കിയത്. സംവിധായകൻ സച്ചിയുമായുള്ള സൗഹൃദമാണ് തന്നെ ഈ സിനിമയിലേയ്ക്ക് എത്തിച്ചതെന്ന് അനു പറയുന്നു. 

 

അനു മോഹന്റെ വാക്കുകൾ:

sachy-anu

 

ഞാന്‍ ഈ സിനിമയിലേക്ക് വരുന്നത് സച്ചിയേട്ടൻ മുഖാന്തരമാണ്. പിക്കറ്റ് 43 എന്ന ചിത്രത്തിൽ അഭിനയിക്കുന്നതിനു വേണ്ടി എറണാകുളത്തു നിന്ന് കാശ്മീരിലേക്ക് പോകുമ്പോൾ ഞങ്ങൾ ഒരുമിച്ചായിരുന്നു. ഇവിടെ നിന്ന് കാശ്മീർ വരെയുള്ള യാത്രയിൽ വച്ച് സച്ചിയേട്ടനുമായി വളരെ നല്ലൊരു സൗഹൃദം ഉണ്ടാക്കാൻ സാധിച്ചു. അന്നു മുതൽ സച്ചിയേട്ടനുമായി ഒരു ബന്ധം ഉണ്ട്. ഞാൻ ഇടയ്ക്ക് മെസേജ് അയച്ചപ്പോൾ സച്ചിയേട്ടനാണ് പറഞ്ഞത് നീയൊന്ന് അത്യാവശ്യമായി ഞാൻ താമസിക്കുന്ന സ്ഥലത്ത് വരണം, ഇങ്ങനെ ഒരു കഥയുണ്ട് എന്ന്. അങ്ങനെ അവിടെ പോയി കഥ കേട്ടു. പൊലീസ് കോൺസ്റ്റബിളിന്റെ കഥാപാത്രം ആണെന്ന് കേട്ടപ്പോൾ പേടി ഉണ്ടായിരുന്നു. പക്ഷേ സച്ചിയേട്ടന്റെ പൂർണ ഗൈഡൻസ് ഉള്ളതുകൊണ്ട് വളരെ സ്മൂത്തായിട്ട് പോയി. അങ്ങനെയാണ് ഞാൻ അയ്യപ്പനും കോശിയിലേക്കും എത്തുന്നത്. 

 

എനിക്ക് സച്ചിയേട്ടന്റെ ഒരു സിനിമ ചെയ്യണമെന്ന് വലിയ ആഗ്രഹമായിരുന്നു. അനാർക്കലിയിൽ ഒരു വേഷം ചെയ്യണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ അത് നടന്നില്ല. പക്ഷേ രണ്ടാമത്തെ സിനിമയായ അയ്യപ്പനും കോശിയിലും അത് സാധിച്ചു. കോംപിനേഷൻ ഉള്ളത് രാജുവേട്ടനും ബിജുവേട്ടനുമായാണ്. രാജുവേട്ടനോടൊപ്പം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ്. അതുകൊണ്ട് വലിയ പേടി തോന്നിയിരുന്നില്ല. സെവൻത് ഡേ, പിക്കറ്റ് 43 യും രാജുവേട്ടനോടൊപ്പം ചെയ്തിട്ടുണ്ട്. ആ ഒരു കംഫർട്ട് സോൺ അവിടെയുണ്ടായിരുന്നു. 

anumohan

പിന്നെ ബിജു ചേട്ടനൊടൊപ്പം ചെയ്യുന്ന ആദ്യത്തെ സിനിമയാണ്. അതൊരു വലിയ എക്സൈറ്റ്മെന്റ് ആയിരുന്നു. പക്ഷേ വർഷങ്ങളായിട്ട് പരിചയമുള്ള ഒരാളെപ്പോലെ ആയിരുന്നു ബിജു ചേട്ടൻ നമ്മളോടെല്ലാവരോടും പെരുമാറിയിരുന്നത്. ക്യാരക്ടറിൽ ഒരു പരുക്കൻ സ്വഭാവം ഉണ്ടെങ്കിലും ഷൂട്ടിങ് സെറ്റിൽ ‍ഞങ്ങൾ എല്ലാവരും നല്ല ജോളിയായിരുന്നു. രണ്ടു മാസത്തോളം അട്ടപ്പാടിയിൽ ഷൂട്ട് ഉണ്ടായിരുന്നു. 

anu-mohan-family

 

രാജുവേട്ടനോടൊപ്പം വർക്ക് ചെയ്യുമ്പോൾ ഒരു എൻസൈക്ലോപീഡിയ പോലെയാണ് തോന്നുക. അഭിനയം മാത്രമല്ല അതിന്റെ ടെക്നിക്കൽ സൈഡുമെല്ലാം ഇത്രയധികം അരച്ചു കലക്കി കുടിച്ച ഒരാക്ടറെ വേറെ ഞാൻ കണ്ടിട്ടില്ല. അദ്ദേഹത്തോടൊപ്പം വർക്ക് ചെയ്യാൻ പറ്റി, ബിജുചേട്ടനിൽ നിന്ന് ഒരു സീൻ ലൈറ്റായിട്ട് എങ്ങനെ ഹാൻഡിൽ ചെയ്യാമെന്ന് പഠിക്കാൻ സാധിച്ചു. 

 

ബിജു ചേട്ടൻ വളരെ ലാഘവത്തോടെയാണ് ഓരോ സീനിലും അഭിനയിക്കുക. പക്ഷേ പടം തിയറ്ററിൽ കണ്ടപ്പോൾ ഇത്രയും പവർഫുള്ളായിട്ടുള്ള ഒരു ക്യാരക്ടർ അതന്ന് എങ്ങനെ െചയ്തു എന്ന് എനിക്കിപ്പോൾ ചിന്തിക്കുമ്പോൾ അദ്ഭുതം തോന്നും. കുറേ കാര്യങ്ങൾ കൂടെ വർക്ക് ചെയ്ത ആൾക്കാരിൽ നിന്നും പഠിക്കാൻ പറ്റി. പിന്നെ രാജുവേട്ടന്റെ ഡ്രൈവർ കുമാരേട്ടൻ എന്ന ക്യാരക്ടറായി അഭിനയിച്ച കോട്ടയം രമേശേട്ടൻ. ചേട്ടനൊക്കെ വർഷങ്ങളായി നാടകത്തിൽ അഭിനിയിച്ച് സിനിമയിലേക്ക് വന്ന ആളാണ്. അവരുടെയൊക്കെ കൈയ്യിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാൻ പറ്റി. സച്ചിയേട്ടൻ എല്ലാ കഥാപാത്രത്തെയും, പശ്ചാത്തലത്തെപ്പറ്റിയും പൂർണമായി ആക്ടേഴ്സിന്റടുത്ത് കൺവേ ചെയ്യാൻ വളരെ ബ്രില്ല്യന്റാണ്. അതൊക്കെ വളരെയധികം സഹായിച്ചിട്ടുണ്ട്. 

 

ക്യാരക്ടറിനെപ്പറ്റി സച്ചിയേട്ടൻ എന്റടുത്ത് പറഞ്ഞിരുന്നത് അയ്യപ്പൻ നായർ എന്ന വ്യക്തിയുടെ വലിയൊരു ആരാധകനാണ് സി.പി.ഒ സുജിത് എന്നു പറയുന്ന ഒരു വ്യക്തി. അട്ടപ്പാടിയുടെ ഭൂപ്രകൃതിയും ആ പ്രദേശത്തിന്റെ  ആത്മാവും അയ്യപ്പന്‍ നായരാണ് എന്നു പറയാം. ശരിക്കും അട്ടപ്പാടിയിലെ ആൾക്കാർ ശരിക്കും നന്മയുള്ളവരാണ് വളരെയധികം സഹായമനോഭാവമുള്ളവർ ഇതെല്ലാം ചേരുന്നതാണ് അയ്യപ്പൻ നായർ. ഈ അയ്യപ്പൻ നായർ വളരെയധികം മനസ്സോട് ചേർത്ത് ആരാധിക്കുന്ന ഒരാളാണ് സിപിഒ സുജിത്. പക്ഷേ അവൻ പഴയൊരു എസ്എഫ്ഐ ക്കാരനാണ്. അതിന്റെയൊരു അഹങ്കാരം ഉണ്ട്. ആരെയും വകവയ്ക്കില്ല. സിപിഒ സുജിത്തിന്റെ മാനറിസങ്ങൾ ഒക്കെ സച്ചിയേട്ടൻ പറഞ്ഞു തന്നിരുന്നു. അതെല്ലാവർക്കും സച്ചിയേട്ടൻ ഉദ്ദേശിച്ച രീതിയിൽ മനസ്സിലാക്കാൻ സാധിച്ചു. അതിന്റെയൊരു റിസൾട്ടാണ്. ആ സിനിമ റിലീസ് ചെയ്തപ്പോൾ എല്ലാവരും ആ കഥാപാത്രങ്ങളെ ഏറ്റെടുക്കാൻ കാരണം.

 

അട്ടപ്പാടിയിലെ സ്റ്റേഷനെക്കുറിച്ച് പറഞ്ഞപ്പോൾ ഇവിടെ അങ്ങനെ സീനിയർ ജൂനിയർ സംഭവങ്ങളില്ല. വലിയ കേസുകളൊന്നും നടക്കാതെ വളരെ സ്മൂത്തായിട്ട് പോകുന്ന ഒരു പൊലീസ് സ്റ്റേഷൻ. അവിടുത്ത ആൾക്കാർ തമ്മിൽ ഒരു വീട്ടിലെ ആൾക്കാരെ പോലെയുള്ള ബന്ധമാണ്. അയ്യപ്പൻ സാറാണെങ്കിലും ഒരു ചേട്ടനാണ്. സി ഐ സതീഷും  സഹോദര തുല്യനാണ് സിപിഒ സുജിത്തിന്. തസ്തികകള്‍ക്കപ്പുറത്ത് ഓരു സാഹോദര്യബന്ധം ഉള്ളവരാണ്. അങ്ങനെ ആ ഒരു ബന്ധം വച്ചു വേണം ഡയലോഗുകൾ പറയാൻ എന്ന് സച്ചിയേട്ടൻ പറഞ്ഞിരുന്നു. അതുകൊണ്ടായിരിക്കും ആ ഒരു സീൻ വന്നപ്പോള്‍ ക്യാരക്ടേഴ്സ് വലിയ സീരിയസ്സായിട്ടാണ് സംസാരിക്കുന്നത് എങ്കിലും സീൻ കാണുമ്പോൾ ആ ഒരു അടുപ്പം ഫീൽ ചെയ്യുന്നത്. അതുകൊണ്ടായിരിക്കും അത് ഹ്യൂമർ സൈഡിലേക്ക് പോയത്.

 

ബ്രേക്ക് മനഃപൂർവം എടുത്തതല്ല. നല്ല കഥാപാത്രങ്ങൾ വന്നില്ല എന്നതാണ് സത്യം. പിന്നെ ഞാനും സുഹൃത്തുക്കളും കൂടി ഒരു സിനിമയുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് തിരക്കായതു കൊണ്ടും നല്ല സിനിമകൾ വരാഞ്ഞതു കൊണ്ടുമാണ് ബ്രേക്ക് വന്നത്. മനഃപൂർവ്വം അല്ല അതങ്ങനെ സംഭവിച്ചു പോയതാണ്. 

 

അടുത്ത സിനിമ ലളിതം സുന്ദരം ആണ്. അതിൽ ബിജു ചേട്ടന്റെയും മഞ്‍ജു ചേച്ചിയുടെയും ഒപ്പം അവരുടെ അനിയനായിട്ടാണ് അഭിനയിക്കുന്നത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com