ADVERTISEMENT

ജയിംസ് ബോണ്ട് സീരീസിലെ ‘നോ ടൈം ടു ഡൈ’, മാർവെലിന്റെ ‘ബ്ലാക്ക് വിഡോ’, ഡിസ്നിയുടെ ‘മുലാൻ’‍‍‍‍‍‍‍‍‍... അടിതടയും ഇടിയുമെല്ലാമായി എതിരാളികളെ നിലംപരിശാക്കാനും ബോക്സ് ഓഫിസ് റെക്കോർഡുകൾ തകർത്തെറിയാനുമായി വരികയായിരുന്നു ഈ ആക്‌ഷൻ ഹീറോ ചിത്രങ്ങൾ. 

 

പക്ഷേ, സിനിമയിലെ എതിരാളികളെക്കാൾ ഇവർക്കു നേരിടേണ്ടിവന്നത് യഥാർഥ ജീവിതത്തിലെ കൊടുംവില്ലനെ. സിനിമാപ്രേമികൾ ഈ വർഷം ഏറ്റവും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളുടെ റിലീസാണ് കോവിഡ് 19 ഭീതിയിൽ കുത്തിയൊലിച്ചു പോയത്. ഫലമോ, ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ ഇന്ത്യയിലും രാജ്യാന്തര തലത്തിലും സിനിമകളുടെയെല്ലാം റിലീസ് നിർ‍ത്തി. പലയിടത്തും ഷൂട്ടിങ് തന്നെ നിർത്തിവച്ചിരിക്കുന്നു. ചൈനയിൽ ഉദ്ഭവിച്ചതെന്നു കരുതുന്ന ഒരു ചെറു വൈറസ് ചലച്ചിത്രലോകത്തുണ്ടാക്കിയത് കോടികളുടെ നഷ്ടം.

 

ഏകദേശം 15,000 കോടി രൂപയായിരുന്നു 2019 ജനുവരിയിലും ഫെബ്രുവരിയിലും ചൈനീസ് ബോക്സ് ഓഫിസ് കലക്‌ഷൻ. ഇത്തവണ അത് 1770 കോടിയായി. കണ്ണിൽപോലും പിടിക്കാത്തത്ര കുഞ്ഞനായ കൊറോണ വൈറസാണ് ചൈനയുടെ സിനിമക്കാഴ്ചയെ മറച്ചതും ഏകദേശം 13,000 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയതും. അവിടെയും തീർന്നില്ല, രാജ്യാന്തര സിനിമാവിപണിയിൽ കോവിഡ് ഭീതി കാരണം ഈ വർഷം പ്രതീക്ഷിക്കുന്നത് ഏകദേശം 37,000 കോടി രൂപയുടെ നഷ്ടമാണ്! നോ ടൈം ടു ഡൈയുടെ റീലീസ് നവംബർ വരെ എന്തായാലും ഇല്ലെന്ന് നിർമാതാക്കൾ ഉറപ്പിച്ചു പറഞ്ഞുകഴിഞ്ഞു. 

 

നിലവിലെ ആഗോള ചലച്ചിത്രവിപണിയിലെ സാഹചര്യങ്ങൾ പരിഗണിച്ചും വിശകലനം ചെയ്തുമാണ് ഈ തീരുമാനമെന്നും അവർ വ്യക്തമാക്കുന്നു. റിലീസ് വൈകുന്നതുകൊണ്ടു മാത്രം ഉണ്ടാകുക ഏകദേശം 200 കോടിയിലേറെ രൂപയുടെ നഷ്ടമാണ്. ചൈനീസ് പെൺപോരാളി മുലാന്റെ കഥ പറയുന്ന ചിത്രം അടുത്തകാലത്തൊന്നും റിലീസ് ചെയ്യാനാകില്ലെന്നതും ഉറപ്പ്. ബ്ലാക്ക് വിഡോയും വണ്ടർ വുമൺ‍ 1984ഉം ടോപ്ടൺ: മേവ്റിക്കുമെല്ലാം റിലീസിനു വേണ്ടി വൈറസിന്റെ ‘ദയ’ കാത്തിരിക്കുകയാണ്. 

 

യുഎസ് കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര വിപണിയാണ് ചൈനയിലേത്. അവിടെ എഴുപതിനായിരത്തോളം തിയറ്ററുകളാണ് കൊറോണ ഭീതിയിൽ അടച്ചിട്ടിരിക്കുന്നത്. ഇന്ത്യയിൽ സൂര്യവംശി, 83 പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങളുടെ റിലീസും പ്രതിസന്ധിയിലാണ്. കേരളത്തിനു പുറമേ ഡൽഹി, ജമ്മു കശ്മീർ തുടങ്ങിയ സംസ്ഥാനങ്ങളിലും തിയറ്ററുകൾ അടച്ചിടാൻ തീരുമാനിച്ചതോടെ കൊറോണ കൊണ്ടുപോകുന്ന കോടികൾ ഇനിയുമേറുമെന്നത് ഉറപ്പ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com